ഗാസിയാബാദില്‍ സഹോദരിക്കൊപ്പം 30,000 രൂപയുടെ ഷോപ്പിങ്ങുമായി ശൈഖ് ഹസീന-റിപ്പോര്‍ട്ട്
നാല് സ്യൂട്ട്‌കേസും രണ്ടു ബാഗുമായാണ് തിങ്കളാഴ്ച ഹസീന സൈനിക ഹെലികോപ്ടറില്‍ ഇന്ത്യയിലേക്കു പറന്നത്
ശൈഖ് ഹസീന
ന്യൂഡല്‍ഹി: ജനകീയ പ്രക്ഷോഭത്തിനൊടുവില്‍ രാജി പ്രഖ്യാപിച്ചു രാജ്യംവിട്ട ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ശൈഖ് ഹസീന തിങ്കളാഴ്ചയാണ് ഇന്ത്യയിലെത്തുന്നത്. ഗാസിയാബാദിലെ ഹിന്‍ഡന്‍ വ്യോമതാവളത്തിലാണ് അവര്‍ മണിക്കൂറുകളോളം കഴിഞ്ഞത്. പിന്നീട് ഡല്‍ഹിയിലെ മറ്റൊരു സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്. ഇതിനിടെ, ഗാസിയാബാദില്‍ ശൈഖ് ഹസീന സഹോദരിക്കൊപ്പം ഷോപ്പിങ്ങിനിറങ്ങിയതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
നാല് സ്യൂട്ട്‌കേസും രണ്ടു ബാഗുമായാണ് സൈനിക ഹെലികോപ്ടറില്‍ ഹസീന ഇന്ത്യയിലെത്തുന്നത്. സഹോദരി ശൈഖ് രെഹനയും അവര്‍ക്കൊപ്പമുണ്ട്. ഇരുവരും ചേര്‍ന്ന് ഹിന്‍ഡന്‍ വിമാനത്താവളത്തിലെ ഷോപ്പിങ് കോംപ്ലക്‌സിലെത്തി വസ്ത്രം ഉള്‍പ്പെടെ വാങ്ങിയതായി 'ന്യൂസ് 18 ഹിന്ദി' റിപ്പോര്‍ട്ട് ചെയ്തു. 30,000 രൂപയുടെ ഷോപ്പിങ് നടത്തിയതായാണു വിവരം. ഇന്ത്യന്‍ കറന്‍സി തീര്‍ന്നപ്പോള്‍ ബംഗ്ലാദേശി കറന്‍സി നല്‍കുകയായിരുന്നുവെന്നും വിമാനത്താവള വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
മകള്‍ സൈമ വാസിദും ശൈഖ് ഹസീനയ്‌ക്കൊപ്പമുണ്ടെന്നാണു പുറത്തുവരുന്ന വിവരം. ലോകാരോഗ്യ സംഘടനയുടെ സൗത്തീസ്റ്റ് ഏഷ്യന്‍ റീജ്യനല്‍ ഡയരക്ടറാണ് സൈമ. ന്യൂഡല്‍ഹിയാണ് ഡബ്ല്യു.എച്ച്.ഒയുടെ റീജ്യനല്‍ ഓഫിസ് ആസ്ഥാനം. അമ്മ ഡല്‍ഹിയില്‍ തന്നെ തുടരുമെന്നാണ് മകന്‍ സജീബ് വാസിദ് ജോയ് ഒരു ജര്‍മന്‍ മാധ്യമത്തോട് വെളിപ്പെടുത്തിയത്. മറ്റൊരു രാജ്യത്തേക്കു പോകുന്നതിനെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ല. പ്രചരിക്കുന്നതെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണ്. അമ്മ ഒറ്റയ്ക്കല്ലെന്നും എന്റെ സഹോദരിയും കൂടെയുണ്ടെന്നും സജീബ് വെളിപ്പെടുത്തി.
ശൈഖ് ഹസീന ലണ്ടനിലേക്കു രക്ഷപ്പെടാന്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ശൈഖ് രെഹനയുടെ മകള്‍ തുലിപ് സിദ്ദീഖി ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗമാണ്. എന്നാല്‍, ഹസീനയ്ക്ക് അഭയം നല്‍കാന്‍ ബ്രിട്ടന്‍ ഇതുവരെയും തയാറായിട്ടില്ല. ബ്രിട്ടനിലേക്കുള്ള വാതില്‍ അടഞ്ഞതോടെ ഹസീന യു.എ.ഇയിലേക്കു പോകുമെന്നും സൂചനയുണ്ട്.
ആഴ്ചകള്‍ നീണ്ട ജനകീയ-വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ ആഗസ്റ്റ് അഞ്ചിനാണ്, ഒരു പതിറ്റാണ്ടിലേറെ കൈയില്‍വച്ച പ്രധാനമന്ത്രി പദമൊഴിഞ്ഞ് ശൈഖ് ഹസീന രാജ്യംവിട്ടത്. പ്രക്ഷോഭകാരികള്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഗണഭവനു തൊട്ടരികെ എത്തിയതോടെയാണു കാര്യങ്ങള്‍ കൈവിട്ടുപോയെന്നുറപ്പിച്ച് ഹസീന രാജിക്കു വഴങ്ങിയത്. സൈനിക വൃത്തങ്ങള്‍ ഉള്‍പ്പെടെ അവരെ നേരത്തെ തന്നെ രാജിക്കു നിര്‍ബന്ധിച്ചിരുന്നെങ്കിലും അവര്‍ വഴങ്ങിയിരുന്നില്ല.
ഒടുവില്‍ സഹോദരിയെ വിളിച്ചുവരുത്തി സൈന്യം കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയായിരുന്നു. ഇതിനുശേഷവും ഹസീന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഒടുവില്‍ ജര്‍മനിയില്‍നിന്ന് മകന്‍ സജീബ് വിളിച്ചാണ് അവര്‍ രാജിക്കു തയാറായത്.
വസ്ത്രങ്ങളും അത്യാവശ്യ സാധനങ്ങളുമായി രാജ്യംവിടാനാണ് ശൈഖ് ഹസീനയ്ക്ക് അവസാന നിമിഷം സൈനിക വൃത്തങ്ങല്‍ നല്‍കിയ നിര്‍ദേശം. ഇതിനുമുന്‍പ് ഒരുങ്ങാന്‍ വേണ്ടി 45 മിനിറ്റ് സമയം അവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ആവശ്യപ്പെട്ട സമയവും സാവകാശവും അവര്‍ക്കു ലഭിച്ചില്ലെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒടുവില്‍ കൈയില്‍ കിട്ടിയ സാധനങ്ങളുമായി സൈനിക ഹെലികോപ്ടറില്‍ ഇന്ത്യയിലേക്കു പറക്കുകയായിരുന്നു ഹസീന.
അതിനിടെ, ഭാവികാര്യങ്ങളെ കുറിച്ച് ശൈഖ് ഹസീന തന്നെയാണു തീരുമാനിക്കേണ്ടതെന്നും ഇതേക്കുറിച്ച് ഇന്ത്യ എന്തെങ്കിലു അഭിപ്രായം പറയുന്നതു ശരിയല്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ബംഗ്ലാദേശിലെ കാര്യങ്ങള്‍ മാറിമറിഞ്ഞുകൊണ്ടിരിക്കുകയാണ്. അവരുടെ ഭാവികാര്യങ്ങളെ കുറിച്ച് ഇപ്പോള്‍ നമ്മള്‍ സംസാരിക്കുന്നതു ശരിയല്ലെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജൈസ്വാള്‍ പറഞ്ഞു.
Summary: Sheikh Hasina went for shopping in Ghaziabad's Hindan airbase, spent 30,000 INR: Reports
Adjust Story Font
16