മഹായുതിയിൽ കല്ലുകടി; നാലിടത്ത് ബിജെപി സ്ഥാനാർഥികൾക്ക് വേണ്ടി പ്രചാരണത്തിനില്ലെന്ന് ഷിൻഡെ ശിവസേന
കല്യാൺ ഈസ്റ്റ്, താനെ, നവിമുംബൈ, മുര്‍ബാദ് എന്നീ സീറ്റുകളിലാണ് ഞങ്ങളെ പ്രചാരണത്തിന് കിട്ടില്ലെന്ന് ഷിൻഡെ വിഭാഗം ശിവസേന പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്
മുംബൈ: മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനുള്ള 99 പേരടങ്ങിയ ആദ്യഘട്ട സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചതിന് പിന്നാലെ ഭരണകക്ഷിയായ മഹായുതിയിൽ അസ്വാരസ്യം. ബിജെപിയുടെ നാല് സ്ഥാനാർഥികൾക്ക് വേണ്ടി പ്രചാരണത്തിനിറങ്ങില്ലെന്ന് ഷിൻഡെ വിഭാഗം ശിവസേന പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
കല്യാൺ ഈസ്റ്റ്, താനെ, നവിമുംബൈ, മുര്‍ബാദ് എന്നീ സീറ്റുകളിലാണ് ഞങ്ങളെ പ്രചാരണത്തിന് കിട്ടില്ലെന്ന് ഷിൻഡെ വിഭാഗം ശിവസേന പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. കല്യാൺ ഈസ്റ്റിൽ സുലഭ ഗെയിക്‌വാദിനെയാണ് ബിജെപി സ്ഥാനാർഥിയാക്കിയത്. സേന നേതാവ് മഹേഷ് ഗെയിക്‌വാദിന് നേരെ വെടിയുതിർത്ത കേസിൽ ജയിലിൽ കഴിയുന്ന എംഎല്‍എ ഗണപത് ഗെയിക്‌വാദിന്റെ ഭാര്യയാണ് സുലഭ. തങ്ങളുടെ നേതാവിന് നേരെ വെടിയുതിർത്ത പ്രതിയുടെ ഭാര്യക്ക് വേണ്ടി വോട്ട് പിടിക്കാനാവില്ലെന്നാണ് ശിവസേന പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.
സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകളുടെ തുടക്കത്തിൽ സുലഭയുടെ പേര് ഉയർന്നുവന്നപ്പോൾ തന്നെ ശിവസേന നേതാക്കൾ എതിർപ്പുമായി രംഗത്ത് എത്തിയിരുന്നു. ഗണപത് ഗെയിക്‌വാദിനോ അദ്ദേഹത്തിന്റെ കുടുംബത്തിനോ സീറ്റ് നല്‍കിയാല്‍ മറ്റൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. മഹേഷ് ഗെയിക്‌വാദ് ഉൾപ്പെടെയുള്ള പ്രാദേശിക ശിവസേന നേതാക്കള്‍ മറ്റൊരു സ്ഥാനാർത്ഥിയെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതീകാത്മക പ്രതിഷേധവും നടത്തിയിരുന്നു.
അതേസമയം കല്യാൺ ഈസ്റ്റ് അസംബ്ലി സീറ്റ് ശിവസേനയുടെ കോട്ടയാണെന്നും മറ്റൊരാളെ ഇവിടെ നിന്ന് മത്സരിപ്പിക്കാനാവില്ലെന്നും ഒരു ഷിൻഡെ സേന ഭാരവാഹി പറഞ്ഞു. ഈ സീറ്റ് ബിജെപിക്ക് അനുവദിച്ചതിലും പാർട്ടി പ്രവർത്തകർക്ക് അതൃപ്തിയുണ്ട്. മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഏക്നാഥ് ഷിൻഡെയുടെ ശക്തികേന്ദ്രത്തിൽ സിറ്റിങ് എംഎൽഎ സഞ്ജയ് കേൽക്കറെ മത്സരിപ്പിക്കാനുള്ള ബിജെപി തീരുമാനമാണ് താനെയിൽ ഷിൻഡെ ശിവസേനയുടെ എതിർപ്പിന് കാരണം.
നവിംമുംബൈയിൽ നിന്ന് ഗണേഷ് നായിക്, മുർബാദിൽ നിന്ന് കിഷൻ കാത്തോർ എന്നിവരെ മത്സരിപ്പിക്കാനുള്ള തീരുമാനവും ഷിൻഡെ ശിവസേന പ്രവർത്തകരുടെ എതിർപ്പിന് ഇടയാക്കുന്നു. ഈ മൂന്ന് സീറ്റിലും തങ്ങളുടെ നേതാക്കളെയാണ് സ്ഥാനാർഥികളാക്കേണ്ടത് എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
അതേസമയം പ്രതിഷേധം വ്യാപകമാകുന്നതിനിടെ ഇടപെട്ട് നേതൃത്വം രംഗത്ത് എത്തി. നിരാശരായ പ്രവർത്തകരെ സമാധാനിപ്പിക്കാൻ പാർട്ടി നടപടി സ്വീകരിക്കുമെന്നാണ് ഒരു സേനാ ഭാരവാഹി വ്യക്തമാക്കിയത്. ഇതിനിടെ എൻസിപി അജിത് പവാർ വിഭാഗം നേതാവ് നവാബ് മാലിക്കിനെ സ്ഥാനാര്‍ഥിയാക്കാന്‍ പാര്‍ട്ടി താത്പര്യപ്പെട്ടിരുന്നുവെങ്കിലും ബിജെപിയുടെ ഭീഷണിക്ക് മുന്നില്‍ വഴങ്ങി.
നവാബ് മാലിക്കിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ ബിജെപി നേതാക്കൾ പരസ്യമായി തന്നെ എതിർപ്പ് ഉന്നയിച്ചിരുന്നു. അധോലോക നായകൻ ദാവൂദ് ഇബ്രാഹീമുമായി ബന്ധമുള്ള ഒരാൾക്ക് ടിക്കറ്റ് നൽകുന്നത് അംഗീകരിക്കില്ലെന്നായിരുന്നു മുംബൈ ബിജെപി അധ്യക്ഷൻ ആശിഷ് ഷെലാർ വ്യക്തമാക്കിയിരുന്നത്. അജിത് പവാർ എൻസിപിയുടെ ആദ്യഘട്ട പട്ടികയിൽ മുൻ മന്ത്രി കൂടിയായ നവാബ് മാലിക് ഇല്ല. പകരം അദ്ദേഹത്തിന്റെ മണ്ഡലമായ അനുശക്തി നഗറില്‍ മകള്‍ക്ക് സീറ്റ് അനുവദിക്കുകയും ചെയ്തു. ബിജെപി ഇത് അംഗീകരിക്കുമോ എന്നാണ് അറിയേണ്ടത്.
Adjust Story Font
16