ദസറദിനത്തിൽ തെരുവിൽ ഏറ്റുമുട്ടാൻ ശിവസേന പക്ഷങ്ങൾ; ഒരേ ദിവസം റാലി പ്രഖ്യാപിച്ച് ഉദ്ദവും ഷിൻഡെയും
ശിവാജി പാർക്കിലാണ് ശിവസേന റാലി നടത്താറുള്ളത്. ഇവിടെ റാലി നടത്താനുള്ള അവകാശം തേടി ഇരുപക്ഷങ്ങളും കോടതിയെ സമീപിച്ചെങ്കിലും വിജയം ഉദ്ദവ് പക്ഷത്തിനൊപ്പമായിരുന്നു
മുംബൈ: ദസറ ദിനത്തിൽ പരസ്പരം പോരിനിറങ്ങാൻ ശിവസേന ഉദ്ദവ്-ഷിൻഡെ വിഭാഗങ്ങൾ. ഇരുവിഭാഗവും മുംബൈയിൽ റാലി നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. കോടതി ഉത്തരവിന്റെ പിൻബലത്തിലാണ് ബുധനാഴ്ച ഉദ്ദവ് താക്കറെ പക്ഷം ദസററാലി നടത്തുന്നത്. എന്നാൽ, ഇതേ സമയം മറ്റൊരു സ്ഥലത്ത് റാലി നടത്തുമെന്നാണ് ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന്റെ പ്രഖ്യാപനം.
ദസറ ദിനത്തിലെ റാലി ശിവസേനയെ സംബന്ധിച്ച് പാരമ്പര്യത്തിന്റെ ഭാഗം കൂടിയാണ്. പാർട്ടി പാരമ്പര്യം അവകാശപ്പെടാനും ശക്തിപ്രകടനത്തിനുമുള്ള അവസരംകൂടിയായാണ് ഇതിനെ ഇരുപക്ഷവും കാണുന്നത്. ബാൽ താക്കറെ നയിച്ചിരുന്ന ശിവസേന ആരുടേതെന്ന തർക്കം നിലനിൽക്കെയാണ് ഇരു വിഭാഗങ്ങളുടെയും ദസറ റാലി പ്രഖ്യാപനം.
1966 മുതൽ ശിവാജി പാർക്കിലാണ് ശിവസേന റാലി നടത്താറുള്ളത്. പാർക്കിൽ റാലി നടത്താനുള്ള അവകാശം തേടി ഉദ്ദവ് താക്കറെയും ഏക്‌നാഥ് ഷിൻഡെയും നിയമപോരാട്ടം നടത്തിയെങ്കിലും വിജയം ഉദ്ദവ് പക്ഷത്തിനൊപ്പമായിരുന്നു. ശിവാജി പാർക്കിൽ റാലി നടത്താൻ ബോംബെ ഹൈക്കോടതി ഉദ്ദവ് താക്കറെ പക്ഷത്തിന് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, ഇതേ ദിവസം എം.എം.ആർ.ഡി.എയുടെ ബി.കെ.സി ഗ്രൗണ്ടിൽ റാലി നടത്തുമെന്നാണ് ഷിൻഡെ പക്ഷം പ്രഖ്യാപിച്ചിരിക്കുന്നത്.
റാലിയുടെ പോസ്റ്ററുകളും ട്രെയിലർ വീഡിയോകളുമായി തെരുവിലും സോഷ്യൽ മീഡിയയിലുമെല്ലാം ഇരുവിഭാഗവും യുദ്ധം മുറുക്കുകയാണ്. മറാത്താവാദം ഉൾപ്പെടെ പാർട്ടി അജണ്ട വിളിച്ചുപറഞ്ഞ ബാൽ താക്കറെ അന്ത്യവിശ്രമം കൊള്ളുന്നതും ശിവാജി പാർക്കിലാണ്. അതുകൊണ്ടുതന്നെ പാർട്ടി ചിഹ്നത്തിനും പേരിനും വേണ്ടി ഇരു ശിവസേന വിഭാഗങ്ങൾ നടത്തുന്ന നിയമപോരാട്ടത്തിനിടെ ദസറ റാലി നടത്തുന്നത് അഭിമാന പ്രശ്‌നമായാണ് ഉദ്ദവും ഷിൻഡെയും കരുതുന്നത്.
Summary: Shiv Sena fight intensifies ahead of Dussehra rally among Eknath Shinde and Uddahv Thackeray factions
Adjust Story Font
16