സഞ്ജയ് റാവത്ത് ആഗസ്റ്റ് നാല് വരെ ഇ.ഡി കസ്റ്റഡിയിൽ
കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് സഞ്ജയ് റാവത്തിൻറെ അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല
മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ശിവസേനാ നേതാവ് സഞ്ജയ് റാവത്തിനെ മൂന്ന് ദിവസത്തെ ഇ.ഡി കസ്റ്റഡിയിൽ വിട്ടു. സഞ്ജയ് റാവത്തിനെതിരെയുള്ള കേസ് പ്രഥമ ദൃഷ്ട്യാ നിലനിൽക്കുമെന്ന് വിലയിരുത്തിയാണ് കോടതി നടപടി. എട്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് ഇ.ഡി ആവശ്യപ്പെട്ടതെങ്കിലും ഇതിന് ജഡ്ജി എം.ജി പാണ്ഡെ വഴങ്ങിയില്ല.
പത്രചൗൾ പുനർവികസനവുമായി ബന്ധപ്പെട്ട് സഞ്ജയ് റാവത്തും ഭാര്യയും ഒരു കോടി 60 ലക്ഷം രൂപയുടെ നേട്ടമുണ്ടാക്കിയതായി ഇ.ഡി കോടതിയെ അറിയിച്ചു. നാല് തവണ സമൻസ് അയച്ചെങ്കിലും സഞ്ജയ് റാവത്ത് ഒരു തവണ മാത്രമാണ് ഹാജരായത്. തെളിവുകളും പ്രധാനസാക്ഷിയെയും ഇല്ലാതാക്കാൻ അദ്ദേഹം ശ്രമിച്ചതായും ഇ.ഡിയുടെ അഭിഭാഷകൻ കോടതിയിൽ ആരോപിച്ചു. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് സഞ്ജയ് റാവത്തിന്‍റെ അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
അതേസമയം, ശിവസേന മേധാവി ഉദ്ധവ് താക്കറെ സഞ്ജയ് റാവത്തിന്‍റെ വസതി സന്ദര്‍ശിച്ചു. ആരും എക്കാലത്തും അധികാരത്തിൽ തുടരില്ലെന്നും കാലം മാറുമെന്നും താക്കറെ പറഞ്ഞു. ശിവസേനയുടെ രാജ്യസഭാ എം.പിയായ റാവത്ത്, ഉദ്ധവ് താക്കറെയുടെ വിശ്വസ്തനും പാർട്ടി മുഖപത്രമായ സാമ്നയുടെ എഡിറ്ററുമാണ്. രാഹുൽ ഗാന്ധിയുമായി ഏറെ അടുപ്പം പുലർത്തുന്ന നേതാവ് കൂടിയാണ് സഞ്‍ജയ് റാവത്ത്.
Adjust Story Font
16