'ഒരു രാജ്യം, ഒരു ഭാഷ'; ഹിന്ദി വിഷയത്തിൽ അമിത് ഷായെ പിന്തുണച്ച് സഞ്ജയ് റാവത്ത്
'സഭയിൽ അവസരം കിട്ടുമ്പോഴെല്ലാം ഞാൻ ഹിന്ദിയിലാണ് സംസാരിക്കുന്നത്. കാരണം ഞാൻ പറയാൻ ആഗ്രഹിക്കുന്നത് രാജ്യം കേൾക്കണം'
മുംബൈ: 'ഒരു രാഷ്ട്രം, ഒരു ഭാഷ' എന്ന അമിത്ഷായുടെ ആശയത്തിന് ഇന്ത്യയിലുടനീളം സ്വീകാര്യതയുണ്ടെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. എല്ലായിടത്തും ഒരു ഭാഷയെന്ന വെല്ലുവിളി കേന്ദ്രമന്ത്രി അമിത് ഷാ സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദിയെ ഇംഗ്ലീഷിന് പകരമായി സ്വീകരിക്കണമെന്ന അമിതഷായുടെ പ്രസ്താവനയെ പിന്തുണച്ചാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളെ അപലപിക്കുകയും ഭാഷ പഠിച്ചാൽ ജോലി ലഭിക്കുമെന്ന അവകാശവാദങ്ങളെ ചോദ്യം ചെയ്യുകയും ചെയ്ത തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി കെ. പൊൻമുടിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് റാവത്തിന്റെ പരാമർശം.
ഹിന്ദി പഠിക്കുന്നവർക്ക് ജോലി ലഭിക്കുമെന്ന് ശഠിക്കുന്നവരെ പരിഹസിച്ച് തമിഴ്‌നാട് വിദ്യാഭ്യാസമന്ത്രി രംഗത്ത് വന്നിരുന്നു. കോയമ്പത്തൂരിൽ ഇപ്പോൾ ആരാണ് പാനിപൂരി വിൽക്കുന്നതെന്നായിരുന്നു മന്ത്രിയുടെ പരിഹാസം. തമിഴ്നാട് മന്ത്രിയുടെ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന് തന്റെ പാർട്ടി എപ്പോഴും ഹിന്ദിയെ ബഹുമാനിക്കുന്നുണ്ടെന്ന് റാവത്ത് പറഞ്ഞു.
'സഭയിൽ അവസരം കിട്ടുമ്പോഴെല്ലാം ഞാൻ ഹിന്ദിയിലാണ് സംസാരിക്കുന്നത്. കാരണം ഞാൻ പറയാൻ ആഗ്രഹിക്കുന്നത് രാജ്യം കേൾക്കണം. അത് രാജ്യത്തിന്റെ ഭാഷയാണ്. സ്വീകാര്യതയുള്ളതും രാജ്യം മുഴുവൻ സംസാരിക്കുന്നതുമായ ഒരേയൊരു ഭാഷ ഹിന്ദിയാണ്.'- റാവത്ത് പറഞ്ഞു.
ഹിന്ദി സിനിമാ വ്യവസായം രാജ്യത്തും ലോകത്തും സ്വാധീനമുള്ളതാണെന്നും അതിനാൽ ഒരു ഭാഷയെയും അപമാനിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16