Quantcast

മാസങ്ങള്‍ക്കുമുന്‍പ് മോദി അനാച്ഛാദനം ചെയ്ത കൂറ്റന്‍ ശിവജി പ്രതിമ തകർന്നുവീണു

രാജ്‌കോട്ടില്‍ തന്നെ പുതിയ ശിവജി പ്രതിമ നിർമിക്കുമെന്ന് മഹാരാഷ്ട്ര മന്ത്രി ദീപക് കേസർകർ അറിയിച്ചു

MediaOne Logo

Web Desk

  • Published:

    26 Aug 2024 2:09 PM GMT

35-foot statue of Shivaji Maharaj collapses in Maharashtras Rajkot fort in Sindhudurg
X

മുംബൈ: മഹാരാഷ്ട്രയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത ഭീമൻ ശിവജി പ്രതിമ തകർന്നുവീണു. 35 അടി പൊക്കമുണ്ടായിരുന്ന പ്രതിമയാണ് പൂർണമായി നിലംപതിച്ചത്. സിന്ധുദുർഗിലെ മാൽവനിലുള്ള രാജ്‌കോട്ട് കോട്ടയിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണു സംഭവം.

കോടികൾ ചെലവിട്ട് മഹാരാഷ്ട്രാ സർക്കാർ നിർമിച്ച ശിവജി പ്രതിമയാണു പൂർണമായും തകർന്നുവീണത്. കഴിഞ്ഞ വർഷം ഡിസംബർ നാലിന് നാവികദിനാഘോഷത്തോടനുബന്ധിച്ചായിരുന്നു ശിവജി പ്രതിമയുടെ അനാച്ഛാദനം നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പുറമെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാർ ഉൾപ്പെടെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചിരുന്നു. വൻ പ്രചാരണങ്ങളോടെയും ആഘോഷങ്ങളോടെയുമായിരുന്നു രാജ്‌കോട്ട് കോട്ടയിൽ ചടങ്ങ് നടന്നത്.

കഴിഞ്ഞ രണ്ടു ദിവസമായി പ്രദേശത്ത് ശക്തമായ മഴയും കാറ്റുമുണ്ടായിരുന്നു. ഇതാണു പ്രതിമ തകരാനിടയാക്കിയതെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും സർക്കാർ വൃത്തങ്ങളും സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. സംഭവത്തിൽ മഹാരാഷ്ട്ര പൊതുമരാമത്ത് മന്ത്രി രവീന്ദ്ര ചവാൻ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.

പുതിയ സംഭവത്തിനു പിന്നാലെ വൻ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. അപകടത്തിൽ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് എൻ.സി.പി(ശരത് പവാർ) സംസ്ഥാന അധ്യക്ഷനും മുൻ മന്ത്രിയുമായ ജയന്ത് പാട്ടീൽ വിമർശിച്ചു. സർക്കാർ പ്രതിമയെ കൃത്യമായി പരിപാലിക്കുകയോ സംരക്ഷിക്കുകയോ ചെയ്തില്ല. നിർമാണത്തിന്റെ നിലവാരം സർക്കാർ ഒട്ടും ഗൗനിച്ചിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വച്ച് പ്രതിമ അനാച്ഛാദനം ചെയ്യുന്നതിലായിരുന്നു ശ്രദ്ധ മുഴുവനെന്നും പാട്ടീൽ കുറ്റപ്പെടുത്തി.

പ്രതിമയുടെ നിർമാണത്തിൽ വീഴ്ച സംഭവിച്ചെന്ന് ഉദ്ദവ് ശിവസേന എം.എൽ.എ വൈഭവ് നായിക് ആരോപിച്ചു. പ്രതിമ തകർന്നതിന്റെ ഉത്തരവാദിത്തത്തിൽനിന്നു രക്ഷപ്പെടാൻ നോക്കുകയാണു സംസ്ഥാന സർക്കാർ. നിർമാണത്തിന്റെ ഉത്തരവാദിത്തമുണ്ടായിരുന്നവരെ കേന്ദ്രീകരിച്ചു കൃത്യമായ അന്വേഷണം നടക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.

അതേസമയം, എന്താണു സംഭവിച്ചതെന്നതിനെ കുറിച്ചു കൃത്യമായ വിവരമില്ലെന്ന് മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രിയും ഷിൻഡെ സേന നേതാവുമായ ദീപക് കേസർകർ പ്രതികരിച്ചു. മന്ത്രി രവീന്ദ്ര ചവാൻ സമഗ്രമായ അന്വേഷണം നടത്തുമെന്നു പ്രഖ്യാപിച്ചതാണ്. രാജ്‌കോട്ട് കോട്ട നിർമിക്കാൻ വേണ്ടി ശിവജി രാജാവ് ചെയ്ത സേവനങ്ങൾക്കുള്ള ആദരമായാണ് പ്രധാനമന്ത്രി മോദി അനാച്ഛാദനം ചെയ്ത പ്രതിമ നിർമിച്ചത്. ഇതേസ്ഥലത്ത് പുതിയ പ്രതിമ നിർമിക്കും. പുതിയ സംഭവത്തിൽ കൃത്യമായ നടപടികളുണ്ടാകുമെന്നും മന്ത്രി ദീപക് കൂട്ടിച്ചേർത്തു.

Summary: 35-foot statue of Shivaji collapses in Maharashtra's Rajkot fort in Sindhudurg

TAGS :

Next Story