Quantcast

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മുസ്‍ലിം സംവരണം പുനഃസ്ഥാപിക്കും: ഡി.കെ ശിവകുമാര്‍

'ഒരു പ്രശ്നവുമില്ലാതെ ഞങ്ങൾ രണ്ട് സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടു. ബി.ജെ.പിക്ക് ഇതുവരെ ഒരു പട്ടിക പോലുമായില്ല'

MediaOne Logo

Web Desk

  • Updated:

    2023-04-07 15:19:20.0

Published:

7 April 2023 3:17 PM GMT

Karnataka Congress chief Shivakumar promises to cancel scrapping of 4 percent muslim reservation if voted to power
X

ബെംഗളൂരു: ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ബി.ജെ.പി സര്‍ക്കാര്‍ റദ്ദാക്കിയ മുസ്‌ലിം സംവരണം പുനഃസ്ഥാപിക്കുമെന്ന് പി.സി.സി അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍. ജോലിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനുമായി മുസ്ലിംകള്‍ക്കുള്ള നാലു ശതമാനം ഒ.ബി.സി സംവരണമാണ് ബി.ജെ.പി കര്‍ണാടകയില്‍ റദ്ദാക്കിയത്.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മാര്‍ച്ച് 25നാണ് കര്‍ണാടകയില്‍ മുസ്‌ലിംകള്‍ക്കുള്ള നാലു ശതമാനം സംവരണം എടുത്തുകളയാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ആ സംവരണം ലിംഗായത്ത്, വൊക്കലിഗ എന്നീ രണ്ട് വിഭാഗങ്ങള്‍ക്കായി വീതിച്ചുനല്‍കാനും 10 ശതമാനം വരുന്ന മുന്നാക്ക സംവരണത്തില്‍ മുസ്ലിം വിഭാഗത്തെ കൂടി ഉള്‍പ്പെടുത്താനും തീരുമാനമായി. ഇതോടെ വൊക്കലിഗ സംവരണം ആറു ശതമാനവും ലിംഗായത്തിന്റെ സംവരണം ഏഴു ശതമാനവുമായി ഉയര്‍ന്നു. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് നീക്കമെന്നും ബി.ജെ.പി സര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധതയാണ് ഇതിലൂടെ പുറത്തുവന്നതെന്നും പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു.

'സങ്കീര്‍ണതകളൊന്നുമില്ലാതെ ഞങ്ങള്‍ രണ്ട് സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടു. ബി.ജെ.പിക്ക് ഇതുവരെ ഒരു പട്ടിക പോലുമായില്ല. ഞങ്ങളുടെ സര്‍ക്കാര്‍ വന്നാലുടന്‍ സംവരണ പ്രശ്‌നം പരിഹരിക്കും. ന്യൂനപക്ഷ താല്‍പര്യം സംരക്ഷിക്കുകയും ചെയ്യും'- ഡി.കെ ശിവകുമാര്‍ വ്യക്തമാക്കി.

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക മാര്‍ച്ച് 25നാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഡി.കെ ശിവകുമാറിന്റെയും പേരുകള്‍ ഈ പട്ടികയിലുണ്ട്. 41 സ്ഥാനാര്‍ഥികളുടെ രണ്ടാം ഘട്ട പട്ടിക ഇന്നലെ കോണ്‍ഗ്രസ് പുറത്തുവിട്ടു. പ്രാദേശിക സംഘടനയായ സര്‍വോദയ കര്‍ണാടക പാര്‍ട്ടിക്ക് സീറ്റ് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം.

ബി.ജെ.പിയുടെ സ്ഥാനാര്‍ഥി പട്ടിക ഏപ്രില്‍ 8ന് പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. വിജയസാധ്യത കണക്കിലെടുത്താണ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കര്‍ണാടകയില്‍ മെയ് 10നാണ് വോട്ടെടുപ്പ്. മെയ് 13ന് വോട്ടെണ്ണല്‍ നടക്കും.

Summary- Karnataka Congress chief DK Shivakumar said that if congress came to power in the assembly elections, it would cancel the scrapping of 4 percent Muslim quota by the bjp government.

TAGS :

Next Story