താങ്കള്‍ വീണ്ടും മുഖ്യമന്ത്രിയാവാനാണ് വോട്ട് ചെയ്തത്; ചൗഹാനെ കെട്ടിപ്പിടിച്ച് കരഞ്ഞ് സ്ത്രീകള്‍
ബിജെപി നേതാവിനെ കാണാൻ ഭോപ്പാലിലെ അദ്ദേഹത്തിന്‍റെ വസതിയിൽ ഒരു കൂട്ടം സ്ത്രീ വോട്ടര്‍മാരെത്തുകയായിരുന്നു
ചൗഹാനെ കെട്ടിപ്പിടിച്ചു കരയുന്ന സ്ത്രീകള്‍
ഭോപ്പാല്‍: വീണ്ടും മധ്യപ്രദേശ് മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ച ശിവരാജ് സിംഗ് ചൗഹാന്‍റെ പടിയിറങ്ങലിന് പിന്നാലെ പൊട്ടിക്കരഞ്ഞ് സ്ത്രീകള്‍. ലദ്‌ലി ലക്ഷ്മി യോജന ഗുണഭോക്താക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ചൗഹാൻ വികാരാധീനനാകുന്ന കാഴ്ചയാണ് കണ്ടത്. നാലുതവണ മദ്ധ്യപ്രദേശിനെ നയിച്ച് ബി.ജെ.പിക്കു തിളക്കമാർന്ന നേട്ടമുണ്ടാക്കിയ ചൗഹാനെ തഴഞ്ഞ് ഇന്നലെ പാർട്ടി നേതൃത്വം പുതിയ മുഖ്യമന്ത്രിയായി ഡോ. മോഹൻ യാദവിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വികാരനിർഭരമായ രംഗങ്ങൾ അരങ്ങേറിയത്.
ബിജെപി നേതാവിനെ കാണാൻ ഭോപ്പാലിലെ അദ്ദേഹത്തിന്‍റെ വസതിയിൽ ഒരു കൂട്ടം സ്ത്രീ വോട്ടര്‍മാരെത്തുകയായിരുന്നു. സംഭാഷണത്തിനിടെ അവര്‍ പൊട്ടിക്കരയാന്‍ തുടങ്ങി. ചൗഹാനെ കെട്ടിപ്പിടിച്ച് കരഞ്ഞ അവരെ താന്‍ എങ്ങോട്ടും പോകുന്നില്ലെന്ന് പറഞ്ഞ് മുന്‍മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. സ്ത്രീകളോട് സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ കണ്ണുകളും നിറഞ്ഞിരുന്നു. ''താങ്കൾ വീണ്ടും മുഖ്യമന്ത്രിയായി നാടിനെ സേവിക്കുമെന്ന് കരുതിയാണ് ഞങ്ങൾ വോട്ടുചെയ്തത്. നിങ്ങൾ എല്ലാവരേയും സ്‌നേഹിച്ചിരുന്നു. അതിനാലാണ് ഞങ്ങൾ നിങ്ങൾക്ക് വോട്ടുചെയ്തത്. താങ്കൾ മുഖ്യമന്ത്രി സ്ഥാനം ഒഴിയരുതെന്ന്'' പറഞ്ഞാണ് പലരും അദ്ദേഹത്തെ കെട്ടിപ്പിടിച്ച് കരഞ്ഞത്.
#WATCH | Bhopal: Former Madhya Pradesh Chief Minister and senior BJP leader Shivraj Singh Chouhan meets women supporters.
— ANI (@ANI) December 12, 2023
(Source: Shivraj Singh Chouhan's office) pic.twitter.com/oWlHYUYlpJ
മധ്യപ്രദേശിൽ തുടരാനാണ് തനിക്ക് ഇഷ്ടമെന്നും ഡൽഹിയിലേക്ക് പോകാൻ തനിക്ക് താൽപര്യമില്ലെന്നും മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചൗഹാന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നിറങ്ങുന്നത് പൂര്‍ണ സംതൃപ്തിയോടെയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഡൽഹിയിൽ പോയി തനിക്കുവേണ്ടി എന്തെങ്കിലും ചോദിക്കുന്നതിനേക്കാൾ മരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ബി.ജെ.പി നേതാവ് പറഞ്ഞു. പാര്‍ട്ടി തനിക്ക് ഒരുപാട് അംഗീകാരം തന്നുവെന്നും ഇപ്പോള്‍ തിരികെ നല്‍കാനുള്ള സമയമാണെന്നുമാണ് ചൗഹാന്‍ പറഞ്ഞത്.
അതേസമയം, നിയുക്ത മുഖ്യമന്ത്രി മോഹൻ യാദവ്, ഉപമുഖ്യമന്ത്രിമാരായ ജഗദീഷ് ദേവ്ദ, രാജേന്ദ്ര ശുക്ല എന്നിവരെ അദ്ദേഹം അഭിനന്ദിച്ചു.മധ്യപ്രദേശിൽ ബിജെപിയുടെ വൻ വിജയത്തിന് പ്രധാനമന്ത്രി മോദിയെയും 'ലാഡ്‌ലി ബെഹ്‌ന' പദ്ധതിയെയും ചൗഹാന്‍ പ്രശംസിച്ചു."മോഹൻ യാദവിന്‍റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ അതിവേഗം പൂർത്തിയാക്കുമെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്. അദ്ദേഹം ജനക്ഷേമ പദ്ധതികൾ നടപ്പാക്കും, പുരോഗതിയുടെയും വികസനത്തിന്‍റെയും കാര്യത്തിൽ മധ്യപ്രദേശ് പുതിയ ഉയരങ്ങളിലെത്തും'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16