Quantcast

‘സ്നേഹത്തിന്റെ കട, നോ ഹിന്ദു- മുസൽമാൻ’; രാഹുൽ ​ഗാന്ധിയുടെ ചിത്രമുള്ള പോസ്റ്റർ പതിച്ച് ഉത്തർപ്രദേശിലെ കച്ചവടക്കാർ

കടയുടമകളുടെ പേര് പ്രദർശിപ്പിക്കാനുള്ള ഉത്തരവിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്

MediaOne Logo

Web Desk

  • Updated:

    2024-07-21 09:39:18.0

Published:

21 July 2024 8:27 AM GMT

Shop of Love, No Hindu- Musalman; Shopkeepers in Uttar Pradesh put up a poster with Rahul Gandhis picture
X

ലഖ്നൗ: രാഹുൽ ​ഗാന്ധിയുടെ ചിത്രവും മുദ്രാവാക്യങ്ങളുമടങ്ങുന്ന പോസ്റ്ററുകൾ കടകൾക്കും പഴം- പച്ചക്കറി വണ്ടികൾക്കും മുമ്പിൽ പതിച്ച് ഉത്തർപ്രദേശിലെ ഹിന്ദു- മുസ്‌ലിം സമുദായത്തിൽ നിന്നുള്ളവർ. ‘സ്നേഹത്തിന്റെ കട, നോ ഹിന്ദു- മുസൽമാൻ’ എന്ന മു​ദ്രാവാക്യമുള്ള പോസ്റ്ററുകളാണ് ജനങ്ങൾ കടകൾക്ക് മുന്നിൽ പതിക്കുന്നത്. ഇതിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

വെള്ളിയാഴ്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കാവഡ് യാത്ര കടന്നുപോകുന്ന വഴികളിലുള്ള എല്ലാ ഭക്ഷണശാലകളിലും ഉടമകളുടെയും ജീവനക്കാരുടെയും പേരുകളടങ്ങിയ ബോർഡുകൾ പ്രദർശിപ്പിക്കണമെന്ന് ഉത്തരവിട്ടിരുന്നു. ഇതിന് പ്രതികരണമായാണ് യു.പിയിൽ ഇപ്പോൾ ഇത്തരത്തിലൊരു പ്രവൃത്തി. ഉത്തർപ്രദേശിന് പുറമേ ഉത്തരാഖണ്ഡ് സർക്കാരും ഉടമകളുടെയും ജീവനക്കാരുടെയും പേരുകളടങ്ങിയ ബോർഡുകൾ പ്രദർശിപ്പിക്കണമെന്ന് ഉത്തരവിട്ടിരുന്നു.

കടയുടമകളുടെ പേര് പ്രദർശിപ്പിക്കാനുള്ള ഉത്തരവിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. ബി.ജെ.പി സഖ്യകക്ഷി പാർട്ടി നേതാക്കൾ തന്നെ ഇതിനെതിരെ പരസ്യമായി രം​ഗത്തെത്തിയിരുന്നു. മതത്തിന്റെയും ജാതിയുടെയും പേരില്‍ വിഭജനം സൃഷ്ടിക്കുന്ന പൊലീസ് നിര്‍ദേശത്തെ പിന്തുണയ്ക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ പറഞ്ഞു.

വിമര്‍ശനവുമായി ജെ.ഡി.യുവും രംഗത്തെത്തിയിരുന്നു. ബിഹാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലൂടെയും കാവഡ് യാത്ര കടന്നുപോകുന്നുണ്ട്. അവിടെയൊന്നുമില്ലാത്ത ഉത്തരവാണ് യു.പിയിലുള്ളതെന്നു മുതിര്‍ന്ന ജെ.ഡി.യു നേതാവ് കെ.സി ത്യാഗി വിമര്‍ശിച്ചു. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിഷയത്തില്‍ കോടതികള്‍ സ്വമേധയാ കേസെടുക്കണമെന്ന് യു.പി മുന്‍ മുഖ്യമന്ത്രിയും എസ്.പി നേതാവുമായ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. ഭരണകൂടത്തിന്റെ പിന്തുണയോടെ വംശഹത്യ നടപ്പാക്കാനുള്ള നീക്കമാണിതെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേഡ പറഞ്ഞു. ഹിറ്റ്ലര്‍ ജര്‍മനിയില്‍ ജൂതവ്യാപാരികളെ ബഹിഷ്‌കരിച്ചതിനെയാണ് യോഗി ഭരണകൂടത്തിന്റെ ഉത്തരവ് അനുസ്മരിപ്പിക്കുന്നതെന്ന് എ.ഐ.എം.ഐ.എം തലവന്‍ അസദുദ്ദീന്‍ ഉവൈസിയും പ്രതികരിച്ചു. ജൂലൈ 22നാണ് കാവഡ് യാത്ര തുടങ്ങുന്നത്. ആഗസ്റ്റ് 19 വരെ ഇതു നീണ്ടുനില്‍ക്കും.

TAGS :

Next Story