മൂന്നിലൊന്ന് കാലാവധി പൂർത്തിയാക്കിയ വിചാരണ തടവുകാരുടെ മോചനം വേഗത്തിലാക്കണമെന്ന് സുപ്രിംകോടതി
വിചാരണത്തടവുകാരുടെ അപേക്ഷ മൂന്ന് മാസത്തിനുള്ളിൽ ജയിൽ സൂപ്രണ്ടുമാർ പരിഗണിക്കണം
ന്യൂഡൽഹി: ആദ്യമായി കുറ്റവാളികളായ വിചാരണ തടവുകാർക്ക് ആശ്വാസവുമായി സുപ്രിംകോടതി. വിചാരണ തടവുകാരെന്ന നിലയിൽ പരമാവധി ശിക്ഷാ കാലാവധിയുടെ മൂന്നിലൊന്ന് പൂർത്തിയാക്കിയവർക്ക് ജാമ്യത്തിന് അർഹതയുണ്ടെന്ന് കോടതി വ്യക്തമാക്കി.
ഭാരതീയ നാഗരിക് സുരക്ഷ സംഹിതയിലെ സെക്ഷൻ 479 പ്രകാരമാണ് ജാമ്യം നൽകുക. ജയിലുകളിൽ തിരക്ക് വർധിച്ചതുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവെയാണ് കോടതി ഉത്തരവ്. ജസ്റ്റിസുമാരായ ഹിമ കോഹ്‍ലി, സന്ദീപ് മെഹ്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
2024 ജൂലൈ ഒന്നിന് മുമ്പ് രജിസ്റ്റർ ചെയ്ത കേസുകളിലെ വിചാരണത്തടവുകാർക്കും സെക്ഷൻ 479 ബാധകമാണ്. അതേസമയം, വധശിക്ഷയോ ജീവപര്യന്തമോ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിൽ ആരോപിക്കപ്പെടുന്ന വിചാരണത്തടവുകാർക്ക് ഈ സെക്ഷൻ ബാധകമല്ല. രാജ്യത്തുടനീളമുള്ള ജയിൽ സൂപ്രണ്ടുമാർ ജാമ്യം ലഭിക്കാൻ സാധ്യതയുള്ള വിചാരണത്തടവുകാരുടെ അപേക്ഷ മൂന്ന് മാസത്തിനുള്ളിൽ പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കി.
ജയിലുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിൽ കാണിക്കുന്ന അലംഭാവത്തിനെതിരെ സുപ്രിംകോടതി ബെഞ്ച് സംസ്ഥാനങ്ങളെ വിമർശിച്ചിരുന്നു. നേരത്തേ മോചിപ്പിക്കാൻ അർഹതയുള്ള വിചാരണത്തടവുകാരുടെ എണ്ണവും ഈ വ്യവസ്ഥപ്രകാരം വിട്ടയച്ചവരുടെ കണക്കും സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാനും നിർദേശിച്ചു. ഈ വിഷയം രണ്ട് മാസത്തിന് ശേഷം വീണ്ടും സുപ്രിംകോടതി പരിഗണിക്കും.
Adjust Story Font
16