'ജനങ്ങളെ വീണ്ടും വിഡ്ഢിയാക്കാനുള്ള ബജറ്റ്'; ചെവിയിൽ പൂവെച്ച് പ്രതിഷേധിച്ച് സിദ്ധരാമയ്യ
തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ നടത്തുന്ന തെരഞ്ഞെടുപ്പ് പ്രകടനപത്രികയാണ് ഈ ബജറ്റെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി
ബംഗളൂരു: കർണാടകയിൽ ബജറ്റ് അവതരണത്തിനിടെ വേറിട്ട പ്രതിഷേധവുമായി കോൺഗ്രസ് എം.എൽ.എമാർ. കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ ചെവിയിൽ പൂവെച്ചായിരുന്നു നിയമസഭയിലെത്തിയത്. തെരഞ്ഞെടുപ്പിന് മുമ്പ് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതെ ജനങ്ങളെ വഞ്ചിച്ചു എന്നാരോപിച്ചായിരുന്നു പ്രതിഷേധം.
2018-ൽ നൽകിയ 600-ഓളം വാഗ്ദാനങ്ങളിൽ 10 ശതമാനം പോലും പാലിക്കുന്നതിൽ പരാജയപ്പെട്ടെന്നു കോൺഗ്രസ് ആരോപിച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധം തുടങ്ങി. എന്നാൽ കോൺഗ്രസ് അംഗങ്ങളോട് സഹകരിക്കാൻ സ്പീക്കർ ആവശ്യപ്പെട്ടതിനെ തുടർന്ന് പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് ബജറ്റുമായി സഹകരിക്കുകയും ചെയ്തു.കർണാടക തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നതിന് മുമ്പത്തെ അവസാനത്തെ ബജറ്റാണ് ഇത്.
അതേസമയം, ദരിദ്രരും ദുർബലരുമായ ജനവിഭാഗങ്ങളെ പിന്തുണയ്ക്കുന്ന പരിപാടികൾക്ക് ഊന്നൽ നൽകുന്ന ജനകീയ ബജറ്റാണ് അവതരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.കർണാടകയിൽ രാമക്ഷേത്രം നിർമിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. രാമനഗരയിലെ രാമ ദേവര ഹിൽസിലാകും രാമക്ഷേത്രം നിർമിക്കുക. സംസ്ഥാനത്തെ ക്ഷേത്രങ്ങൾക്കും മഠങ്ങൾക്കുമായി ആയിരം കോടി രൂപ മാറ്റിവെയ്ക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തിൽ പറയുന്നു.
എന്നാൽ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ നടത്തുന്ന തെരഞ്ഞെടുപ്പ് പ്രകടനപത്രികയാണ് ഈ ബജറ്റെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
Adjust Story Font
16