Quantcast

രാഹുലിന്‍റെ പിന്തുണ സിദ്ധരാമയ്യയ്ക്ക്; ഡി.കെയെ അനുനയിപ്പിക്കാന്‍ ശ്രമം

കറയില്ലാത്ത ട്രാക്ക് റെക്കോര്‍ഡും ജനകീയതയും രാഹുല്‍ ഗാന്ധിയുടെ പിന്തുണയും സിദ്ധരാമയ്യയ്ക്ക് അനുകൂലമായി

MediaOne Logo

Web Desk

  • Updated:

    2023-05-16 15:12:05.0

Published:

16 May 2023 2:40 PM GMT

siddaramaiah  d k shivakumar comparison
X

ഡല്‍ഹി: സിദ്ധരാമയ്യയോ ഡി.കെ ശിവകുമാറോ- ആരാവണം കര്‍ണാടക മുഖ്യമന്ത്രിയെന്ന തിരക്കിട്ട ചര്‍ച്ചയിലായിരുന്നു കോണ്‍ഗ്രസ് നേതൃത്വം. സിദ്ധരാമയ്യ മുഖ്യമന്ത്രിയാവണമെന്നാണ് നേതൃതലത്തിലെ ധാരണ. കറയില്ലാത്ത ട്രാക്ക് റെക്കോര്‍ഡും ജനകീയതയും രാഹുല്‍ ഗാന്ധിയുടെ പിന്തുണയും സിദ്ധരാമയ്യയ്ക്ക് അനുകൂലമായി. ഭൂരിപക്ഷം എം.എല്‍.എമാരുടെ പിന്തുണയും സിദ്ധരാമയ്യയ്ക്കാണ്. അതേസമയം ഡി.കെ ശിവകുമാറിനെ അനുനയിപ്പിക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ഡി.കെ പക്ഷത്തിനു നിര്‍ണായക വകുപ്പുകള്‍ നല്‍കാമെന്നാണ് സോണിയാ ഗാന്ധി ഉറപ്പ് നല്‍കിയത്.

സിദ്ധരാമയ്യ തിങ്കളാഴ്ച വൈകുന്നേരമാണ് ഡല്‍ഹിയിലെത്തിയത്. ഡി.കെ ശിവകുമാര്‍ ഇന്നലെ ഡല്‍ഹിയിലെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് യാത്ര റദ്ദാക്കി. ശാരീരിക അസ്വസ്ഥത കാരണം യാത്ര മാറ്റിവെയ്ക്കുന്നുവെന്നാണ് അറിയിച്ചത്. ഇതോടെ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തർക്കം, തിളക്കമാര്‍ന്ന വിജയത്തിന്റെ ശോഭ കെടുത്തുമോയെന്ന ആശങ്ക നേതൃത്വത്തിനുണ്ടായി. ഡി.കെ ശിവകുമാര്‍ ഇന്ന് ഡല്‍ഹിയിലെത്തി. തിരക്കിട്ട ചര്‍ച്ചകളാണ് തലസ്ഥാനത്ത് നടന്നത്.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെത്തിയ ശിവകുമാർ ഖാർഗെയെ വീട്ടിലെത്തി കണ്ടു. അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്‍റേതാണെന്ന് ഡി.കെ ശിവകുമാർ പ്രതികരിച്ചു. താൻ രാജി ഭീഷണി മുഴക്കിയെന്ന വാർത്ത അസംബന്ധമാണ്. പാര്‍ട്ടി അമ്മയെപ്പോലെയാണ്. പാര്‍ട്ടി എന്തുതീരുമാമെടുത്താലും അംഗീകരിക്കുമെന്നും ശിവകുമാർ പറഞ്ഞു. പിന്നാലെയാണ് സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയാകുമെന്ന വാര്‍ത്ത ഡല്‍ഹിയില്‍ നിന്നെത്തിയത്. എന്നാല്‍ ഡി.കെയെ പൂര്‍ണമായി അനുനയിപ്പിച്ച ശേഷം ഔദ്യോഗിക പ്രഖ്യാപനം നടത്താനാണ് നേതൃത്വത്തിന്‍റെ തീരുമാനം.

സ്വതന്ത്ര ഇന്ത്യയുടെ പ്രായമാണ് സിദ്ധരാമയ്ക്ക്. ബി.എസ്‍.സിയും എൽ.എൽ.ബിയുമാണ് വിദ്യാഭ്യാസം. പഠനത്തിനുശേഷം ലോക്ദളിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. ഡോക്ടർ രാം മനോഹര്‍ ലോഹ്യയുടെ സോഷ്യലിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. 1983ല്‍ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്ന് ജയിച്ചു. ലോക്ദൾ വിട്ട് ജനതാ പാർട്ടിയിലേക്ക് ആദ്യ ചുവടുമാറ്റം. 85ലെ ഉപതെരഞ്ഞെടുപ്പിൽ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്ന് വീണ്ടും ജയിച്ചു. ജനതാ പാർട്ടി മന്ത്രിസഭയിൽ മൃഗസംരക്ഷണ വകുപ്പ് സഹമന്ത്രിയായി.

1992ല്‍ ജനതാദളിന്റെ സെക്രട്ടറി ജനറൽ പദവി. 1994ല്‍ എച്ച്.ഡി ദേവഗൗഡ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായി. 1996ൽ ഉപമുഖ്യമന്ത്രിയായി. അതിനിടെ ദേവഗൗഡയുമായി സിദ്ധരാമയ്യ അകന്നു. മകൻ എച്ച്.ഡി കുമാരസ്വാമിയുടെ രാഷ്ട്രീയ ഭാവിക്ക് സിദ്ധരാമയ്യ തടസ്സമാകുമെന്ന് കണ്ട് ദേവഗൗഡ കൈവിട്ടു എന്നാണ് രാഷ്ട്രീയ ഇടനാഴികളിലെ അടക്കംപറച്ചില്‍. തുടര്‍ന്ന് കോൺഗ്രസ് പാളയത്തിലെത്തി. 2013ല്‍ കോൺഗ്രസ് മുഖ്യമന്ത്രി പദത്തിലേക്ക് സിദ്ധരാമയ്യയെ കൊണ്ടുവന്നു.

കഴിഞ്ഞ തവണ രണ്ടിടത്ത് മത്സരിച്ചെങ്കിലും ചാമുണ്ഡേശ്വരിയിൽ തോറ്റു. ഇത്തവണ വരുണയിൽ അര ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ നിയമസഭയിലെത്തി. ദലിത് ന്യൂനപക്ഷ വിഭാഗങ്ങളെ ഏകോപിപ്പിച്ച് അഹിന്ദ സമവാക്യം മുന്നോട്ടുകൊണ്ടുപോകാന്‍ സിദ്ധരാമയ്യക്കായി. കോണ്‍ഗ്രസിനെ സംബന്ധിച്ച് ട്രബിള്‍ ഷൂട്ടറായ ഡി.കെയും ജനകീയനായ സിദ്ധരാമയ്യയും മുഖ്യമന്ത്രി പദത്തിന് യോഗ്യരാണ്. ഡി.കെയുമായി താരതമ്യം ചെയ്യുമ്പോള്‍, മുഖ്യമന്ത്രിയായിരുന്നപ്പോൾ ട്രാക്ക് റെക്കോർഡിൽ ഒരു കരട് പോലുമില്ല എന്നതും ഭരണതലത്തിലെ അനുഭവ പരിചയവും ജനപിന്തുണയും സിദ്ധരാമയ്യയ്ക്ക് അനുകൂല ഘടകങ്ങളായി.

TAGS :

Next Story