ഹരിയാനയിൽ ഖലിസ്ഥാനിയെന്ന് അധിക്ഷേപിച്ച് സിഖ് യുവാവിന് മർദനം
കങ്കണയും ബി.ജെ.പിയും സിഖുകാർക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നുവെന്ന് കോൺഗ്രസ്
കൈതാൽ: ഹരിയാനയിലെ കൈതാലിൽ സിഖ് യുവാവിനെ ഖലിസ്ഥാനിയെന്ന് അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തതായി പരാതി. യുവാവ് സ്കൂട്ടറിൽ വീട്ടിലേക്ക് വരവേ ബൈക്കിലെത്തിയ രണ്ടുപേർ ആക്രമിക്കുകയായിരുന്നു. ട്രെയിൻ കടന്നുപോകാൻ റെയിൽവേ ലെവൽ ക്രോസിൽ കാത്തുനിൽക്കുമ്പോഴാണ് ആക്രമണം. സംഭവം അന്വേഷിക്കുകയാണെന്നും ഖലിസ്ഥാനിയെന്ന് വിളിച്ച് അധിക്ഷേപിച്ചതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
യുവാക്കൾ തന്നെ ആക്രമിച്ചതായും ഖലിസ്ഥാനിയെന്ന് വിളിച്ച് അധിക്ഷേപിച്ചതായും യുവാവ് പറഞ്ഞു. ഒരാൾ ബൈക്കിൽനിന്ന് ഇറങ്ങി വന്ന് കല്ലുകൊണ്ട് ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് ഉണ്ടായിരുന്നവരാണ് തന്നെ രക്ഷിച്ചത്. അക്രമികൾ ഉടൻ സ്ഥലത്തുനിന്ന് ഓടിപ്പോയി. ആക്രമിച്ചത് ആരാണെന്ന് അറിയില്ലെന്നും വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ വ്യക്തമായി കാണാൻ സധിച്ചിരുന്നില്ലെന്നും യുവാവ് പറഞ്ഞു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സിഖ് യുവാവിന്റെ പരാതിയിൽ അജ്ഞാതരായ രണ്ടുപേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് കൈതാൽ പൊലീസ് സ്റ്റേഷനിലെ സിവിൽ ലൈൻ ഇൻസ്പെക്ടർ ശീലാവതി അറിയിച്ചു. പരാതിക്കാരൻ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. ഇയാൾ മദ്യപിച്ചിട്ടുണ്ടെന്ന് രണ്ട് യുവാക്കൾ പറഞ്ഞതിനെ തുടർന്നാണ് തർക്കമുണ്ടാകുന്നത്. ഖലിസ്ഥാനി എന്ന വാക്ക് ഉപയോഗിച്ചതിന് ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും ശീലവാതി പറഞ്ഞു.
അതേസമയം, ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി, ശിരോമണി അകാലിദൾ, കോൺഗ്രസ് എന്നിവർ സംഭവത്തെ അപലപിച്ചു. കുറ്റക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
പഞ്ചാബികൾക്ക് നേരെ ബി.ജെ.പി എം.പി കങ്കണ റണാവത്തും ബി.ജെ.പിയുടെ ഐ.ടി സെല്ലുകളും നടത്തിയ വിദ്വേഷ പ്രചാരണമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിങ് രാജ ആരോപിച്ചു. വിദ്വേഷം കാട്ടുതീ പോലെ പടരാതിരിക്കാനും രാജ്യത്തിന്റെ സാമുദായിക സൗഹാർത്തിന് കോട്ടം തട്ടാതിരിക്കാനും കർശന നടപടി കൈക്കൊള്ളണം. പ്രത്യേകിച്ച് ബി.ജെ.പിക്കുള്ളിൽ തന്നെ ഇതിനുള്ള നടപടി വേണമെന്നും അമരീന്ദർ സിങ് പറഞ്ഞു.
കുറ്റവാളികളെ പൊലീസ് ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി പ്രസിഡന്റ് എച്ച്.എസ്. ധാമി ആവശ്യപ്പെട്ടു. ഈ സംഭവം സിഖ് സമുദായത്തിന്റെ വികാരത്തെ വ്രണപ്പെടുത്തിയിരിക്കുന്നു. ഹരിയാന സർക്കാർ ഇത് ഗൗരവമായി കാണുകയും സംസ്ഥാനത്ത് ജീവിക്കുന്ന സിഖുകാർക്ക് സുരക്ഷ ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്ത് സിഖുകാർക്കെതിരെ തുടർച്ചായയി വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയാണ്. വിവിധ സംസ്ഥാനങ്ങളിൽ ഒരു കാരണവുമില്ലാതെ സിഖുകാർ ആക്രമിക്കപ്പെടുന്നു. രാജ്യത്തെ എല്ലാ വിഭാഗങ്ങളിലെയും മതങ്ങളിലെയും സമുദായങ്ങളിലെയും ജനങ്ങളുടെ മതസ്വാതന്ത്ര്യവും അവകാശങ്ങളും സംരക്ഷിക്കേണ്ടത് സർക്കാറിന്റെ ഉത്തരവാദിത്തമാണ്. രാജ്യത്തിന്റെ ഭരണഘടനക്ക് വിരുദ്ധമായി വർഗീയ അന്തരീക്ഷവും വിദ്വേഷവും സൃഷ്ടിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ധാമി ആവശ്യപ്പെട്ടു.
കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് ശിരോമണി അകാലിദൾ പ്രസിഡന്റ് സുഖ്ബിർ സിങ് ബാദൽ ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനിയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരു ദശകമായി രാജ്യത്തെ ബാധിച്ച വർഗീയ ധ്രുവീകരണത്തിന്റെയും വിദ്വേഷ രാഷ്ട്രീയത്തിന്റെയും അനന്തരഫലമാണിത്. ദേശസ്നേഹികളായ സിഖുകാരെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞയാഴ്ച ബി.ജെ.പി എം.പിയും ബോളിവുഡ് നടിയുമായ കങ്കണ റണാവത്തിനെ ഛണ്ഡീഗഢ് എയർപോർട്ടിൽവെച്ച് സി.ഐ.എസ്.എഫ് വനിതാ കോൺസ്റ്റബിൾ മുഖത്തടിച്ചിരുന്നു. കർഷക സമരത്തിനെതിരായ കങ്കണയുടെ നിലപാടിൽ പ്രതിഷേധിച്ചായിരുന്നു അവർ മുഖത്തടിച്ചത്. ഇതിന് പിന്നാലെ പഞ്ചാബിൽ ഭീകരതയും അക്രമവും ഞെട്ടിപ്പിക്കുന്ന രീതിയിൽ വർധിച്ചതായി കാണിച്ച് കങ്കണ എക്സിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ, പഞ്ചാബിൽ ഭീകരവാദം വർധിക്കുകയാണെന്ന കങ്കണയുടെ പ്രസ്തവനക്കെതിരെ കർഷക സംഘടനകളടക്കം രംഗത്തുവരികയുണ്ടായി.
Adjust Story Font
16