Quantcast

ഗുഡ്ഗാവിൽ ജുമുഅ നമസ്‌കാരത്തിനായി ഗുരുദ്വാരകൾ വിട്ടുനൽകി സിഖ് സമൂഹം

രണ്ടു മാസത്തിനിടെ നിരവധി തവണ സംഘ് പരിവാർ സംഘടനകൾ ഗുഡ്ഗാവിൽ ജുമുഅ മുടക്കിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2021-11-18 07:13:02.0

Published:

18 Nov 2021 7:07 AM GMT

ഗുഡ്ഗാവിൽ ജുമുഅ നമസ്‌കാരത്തിനായി ഗുരുദ്വാരകൾ വിട്ടുനൽകി സിഖ് സമൂഹം
X

ഗുഡ്ഗാവ്: സംഘ്പരിവാർ ഭീഷണികൾക്കിടെ മുസ്‌ലിംകൾക്ക് ജുമുഅ നമസ്‌കരിക്കാനായി ഗുരുദ്വാരകൾ വിട്ടു നൽകി സിഖ് സമൂഹം. ഗുരു സിങ് സഭയ്ക്ക് കീഴിലുള്ള അഞ്ചു ഗുരുദ്വാരകളാണ് സിഖുകാർ വിട്ടു നൽകിയത്. തങ്ങളുടെ ആരാധനാലയങ്ങളിലേക്ക് എല്ലാ സമുദായംഗങ്ങളെയും സ്വാഗതം ചെയ്യുന്നതായി ഗുരുദ്വാരാ അധികൃതർ പ്രതികരിച്ചു.

'പ്രാർത്ഥനയ്ക്കായി സ്ഥലമില്ലാത്തതിന്റെ പേരിൽ മുസ്‌ലിം സമൂഹം ബുദ്ധിമുട്ട് നേരിടുകയാണ്. അവർക്ക് വെള്ളിയാഴ്ച നമസ്‌കാരത്തിനായി ഞങ്ങളുടെ അഞ്ചു ഗുരുദ്വാരകളും ഉപയോഗിക്കാം. എല്ലാ മതങ്ങളും ഒന്നാണ്. മനുഷ്യത്വത്തിലും മാനുഷിക മൂല്യങ്ങളിലുമാണ് ഞങ്ങൾക്കു വിശ്വാസം'- ഗുരുദ്വാര ഗുരു സിങ് സഭാ പ്രസിഡണ്ട് ഷെർദിൽ സിങ് സന്ധു പറഞ്ഞു. ഒരേസമയം, 200-2500 വിശ്വാസികളെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് സഭയ്ക്ക് കീഴിലുള്ള അഞ്ചു ഗുരുദ്വാരകൾ.

രണ്ടു മാസത്തിനിടെ നിരവധി തവണ സംഘ് പരിവാർ സംഘടനകൾ ഗുഡ്ഗാവിൽ ജുമുഅ മുടക്കിയിരുന്നു. ഗുഡ്ഗാവ് സെക്ടർ 12ലായിരുന്നു കൂടുതൽ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. ഇതിന് പിന്നാലെ പ്രാർത്ഥനയ്ക്ക് സുരക്ഷ ആവശ്യപ്പെട്ട് മുസ്‌ലിം സമുദായ നേതാക്കൾ പൊലീസിനെ സമീപിച്ചിരുന്നു.

ഗുഡ്ഗാവിൽ 37 തുറസ്സായ ഇടങ്ങളിലാണ് ജുമുഅ നമസ്‌കാരം നടക്കുന്നത്. സംഘ്പരിവാർ ഭീഷണിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച അത് 20 ആയി ചുരുങ്ങിയിരുന്നു. സിഖ് തീരുമാനത്തെ മുസ്‌ലിം സംഘടനകൾ സ്വാഗതം ചെയ്തു. 'സാഹോദര്യത്തിന്റെ യഥാർത്ഥ ഉദാഹരണമാണിത്. വിവിധ മതവിശ്വാസികൾ വിദ്വേഷത്തിനും സാമുദായിക അനൈക്യത്തിനുമെതിരെ ഒന്നിച്ചു നിൽക്കുകയാണ് നഗരത്തിൽ. ഒരു ദിവസം മുമ്പാണ് ഹിന്ദു മതവിശ്വാസി തന്റെ വ്യാപാര കേന്ദ്രം പ്രാർത്ഥനയ്ക്കായി നൽകിയത്'- ഗുഡ്ഗാവ് മുസ്‌ലിം കൗൺസിൽ സഹസ്ഥാപകൻ അൽതാഫ് അഹ്‌മദ് പറഞ്ഞു.

Summary: The Sikh community has left gurudwaras for Muslims to offer Friday prayers amid threats from the Sangh Parivar. The Sikhs left five gurudwaras under the Guru Singh Sabha. Gurdwara officials responded by welcoming all members of the community to their places of worship.

TAGS :

Next Story