സിക്കിമിലെ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 22 ആയി; 150ലേറെ പേരെ കാണാനില്ല
സൈനിക കേന്ദ്രത്തിന് ഒപ്പം ഒലിച്ച് പോയ ആയുധ ശേഖരങ്ങളും വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്
സിക്കിമിലുണ്ടായ പ്രളയത്തില്‍ നിന്ന്
ഗാങ്ടോക്ക്: സിക്കിമിലെ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 22 ആയി. നൂറ്റി അമ്പതിലെറെ പേരെ കാണാതായതായതായി സിക്കിം സർക്കാർ അറിയിച്ചു. സൈനിക കേന്ദ്രത്തിന് ഒപ്പം ഒലിച്ച് പോയ ആയുധ ശേഖരങ്ങളും വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
വീടിനുള്ളിലേക്ക് ഒഴുകിയെത്തിയ മോർട്ടാർ ഷെൽ പൊട്ടിത്തെറിച്ച് രണ്ട് പേരാണ് സിക്കിമിൽ മരിച്ചത്. ഇതിനു പിന്നാലെ റാങ്പോ നദീ തീരത്ത് ഇന്നലെ വൈകിട്ടും സ്ഫോടനം ഉണ്ടായി. ആളപായം ഉണ്ടായില്ലെങ്കിലും സൈനിക കേന്ദ്രത്തിൽ നിന്ന് വൻ തോതിൽ ഒഴുകിപ്പോയ സ്ഫോടക വസ്തുക്കൾ ജനങ്ങൾക്ക് ഭീഷണിയാണ്. ഒഴുകി എത്തുന്ന ആയുധങ്ങൾ സ്പർശിക്കരുതെന്ന് സംസ്ഥാന സർക്കാർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും സ്ഫോടനങ്ങൾ ആവർത്തിക്കാൻ സാധ്യതയുണ്ട്. പ്രളയം ബാധിച്ച് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് സിക്കിം സർക്കാർ പ്രഖ്യാപിച്ച 2000 രൂപ ധനസഹായം ഇന്ന് മുതൽ നൽകാൻ ആരംഭിക്കും.
മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപയാണ് അടിയന്തര ധനസഹായമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇനിയും രക്ഷാ പ്രവർത്തകർക്ക് എത്താൻ സാധിക്കാത്ത മേഖലകളുടെ സാറ്റ്ലൈറ്റ് മാപ്പിംഗും പൂർത്തിയായി. ഏകദേശം മൂവായിരത്തോളം ആളുകളെ ഇനിയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ഉണ്ടെന്നാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്. ആവശ്യമെങ്കിൽ കൂടുതൽ സൈനികരെ രക്ഷാ പ്രവർത്തനത്തിന് അയക്കാം എന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർ സിക്കിം മുഖ്യമന്ത്രിയുമായി ഫോണിൽ ബന്ധപ്പെട്ട് നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നുണ്ട്. നൂറ്റി അമ്പതിലേറെ പേരെ ഇനിയും കണ്ടെത്താൻ ഉണ്ടെന്നാണ് സിക്കിം സർക്കാരിൻ്റെ കണക്കുകൾ വ്യക്തമാക്കുന്നത്.
Adjust Story Font
16