Quantcast

ഗായകന്‍ സോനു നിഗത്തിന്‍റെ പിതാവിന്‍റെ വീട്ടില്‍ നിന്നും 72 ലക്ഷം രൂപ മോഷണം പോയി; മുന്‍ ഡ്രൈവര്‍ അറസ്റ്റില്‍

അന്ധേരി വെസ്റ്റിലെ ഓഷിവാരയിലെ വിൻഡ്‌സർ ഗ്രാൻഡ് കെട്ടിടത്തിലാണ് സോനുവിന്‍റെ പിതാവ് അഗംകുമാര്‍ നിഗം താമസിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-03-23 07:57:31.0

Published:

23 March 2023 5:55 AM GMT

Singer Sonu Nigams Father
X

സോനു നിഗവും പിതാവും

മുംബൈ: ബോളിവുഡ് ഗായകന്‍ സോനു നിഗത്തിന്‍റെ പിതാവിന്‍റെ മുംബൈയിലെ വീട്ടില്‍ നിന്നും 72 ലക്ഷം രൂപ മോഷണം പോയി. കേസില്‍ മുന്‍ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. റെഹാന് എന്നയാളാണ് അറസ്റ്റിലായത്.

അന്ധേരി വെസ്റ്റിലെ ഓഷിവാരയിലെ വിൻഡ്‌സർ ഗ്രാൻഡ് കെട്ടിടത്തിലാണ് സോനുവിന്‍റെ പിതാവ് അഗംകുമാര്‍ നിഗം താമസിക്കുന്നത്. മാര്‍ച്ച് 19നും 20നും ഇടയിലാണ് കവര്‍ച്ച നടന്നതെന്ന് പൊലീസ് പറഞ്ഞു. ഗായകന്‍റെ ഇളയ സഹോദരി നികിത ബുധനാഴ്ച പുലർച്ചെയാണ് മോഷണം ആരോപിച്ച് പരാതിയുമായി ഒഷിവാര പൊലീസ് സ്‌റ്റേഷനെ സമീപിച്ചത്. എട്ടുമാസത്തോളം പിതാവിന്‍റെ ഡ്രൈവറായിരുന്നു രെഹാനെന്നും എന്നാല്‍ പ്രകടനം തൃപ്തികരമല്ലാത്തതിനാൽ അടുത്തിടെ ജോലിയില്‍ നിന്നും നീക്കം ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ഞായറാഴ്ച ഉച്ചയ്ക്ക് വെർസോവ ഏരിയയിലെ നികിതയുടെ വീട്ടിൽ ഉച്ചഭക്ഷണത്തിനായി എത്തിയ അഗംകുമാര്‍ കുറച്ചുസമയം കഴിഞ്ഞപ്പോള്‍ സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയി. വൈകിട്ട് തടി അലമാരയിൽ സൂക്ഷിച്ചിരുന്ന ഡിജിറ്റൽ ലോക്കറിൽ നിന്ന് 40 ലക്ഷം രൂപ നഷ്ടപ്പെട്ടതായി മകളെ വിളിച്ച് അറിയിക്കുകയായിരുന്നു. അടുത്ത ദിവസം, അഗംകുമാർ നിഗം ​​വിസയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി സെവന്‍ ബംഗ്ലാവിലുള്ള മകന്‍റെ വീട്ടിലേക്ക് പോയി വൈകിട്ട് തിരിച്ചെത്തി. ലോക്കറിൽ നിന്ന് 32 ലക്ഷം രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തി. എന്നാല്‍ ലോക്കറിന് കേടുപാടുകളൊന്നും സംഭവിച്ചിരുന്നില്ല.

സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ രെഹാൻ രണ്ട് ദിവസങ്ങളിലും അദ്ദേഹം വീട്ടിലില്ലാത്തപ്പോൾ ബാഗുമായി ഫ്ലാറ്റിലേക്ക് പോകുന്നത് കണ്ടു. ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് ഫ്ലാറ്റിൽ കയറിയ റെഹാൻ കിടപ്പുമുറിയിലെ ഡിജിറ്റൽ ലോക്കറിൽ നിന്ന് 72 ലക്ഷം രൂപ മോഷ്ടിച്ചതായി പരാതിയിൽ പറയുന്നു. ഐപിസി 380, 454, 457 എന്നീ വകുപ്പുകൾ പ്രകാരം മോഷണത്തിനും അതിക്രമിച്ചു കടന്നതിനും ഒഷിവാര പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

TAGS :

Next Story