മഹിപാല്‍ അധിക്ഷേപത്തില്‍ പ്രതികരിച്ച് സിറാജ്, ജീവിതയാത്രയിൽ അര്‍ധ സെഞ്ചുറി പിന്നിട്ട് ഇതിഹാസം; അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻഡിങ്സ്
പീഡന പരാതിയിൽ ഗുസ്തി ഫെഡറേഷന്‍ മുൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണെതിരെ ഗുസ്തി താരങ്ങളുടെ പ്രതിഷേധം തുടരുന്നു
പ്രധാനമന്ത്രി കേരളത്തിൽ
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. കൊച്ചിയിൽ വിമാനമിറങ്ങിയ മോദി 5.30ന് റോഡ് ഷോയിൽ പങ്കെടുത്തു. ആറ് മണിക്ക് തേവര സേക്രഡ് ഹാർട്ട് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന യുവം-23 പരിപാടിയിലും പങ്കെടുത്ത പ്രധാനമന്ത്രി ഏഴ് മണിക്ക് ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തി.
ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി ഒരു മണിക്കൂറോളം പ്രധാനമന്ത്രി ചർച്ച നടത്തിയിരുന്നു. കേരളത്തിലെ എട്ട് ക്രൈസ്തവ സഭകളുടെ അധ്യക്ഷന്മാരാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. മതമേലധ്യക്ഷന്മാരുമായുള്ള കൂടിക്കാഴ്ച ആഴ്ചകൾക്ക് മുന്നേ തീരുമാനിച്ചിരുന്നതാണ്.
ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച അതീവ പ്രാധാന്യത്തോടെയാണ് ബി.ജെ.പി ഉറ്റുനോക്കുന്നത്. ക്രൈസ്തവ വിഭാഗങ്ങളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കലാണ് കൂടിക്കാഴ്ചയിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നത്. ജോർജ് ആലഞ്ചേരിയുടെയും ജോസഫ് പംപ്ലാനിയുടെയും ബി.ജെ.പി അനുകൂല പ്രസ്താവനകൾ ചർച്ചചെയ്യപ്പെട്ട സാഹചര്യം കൂടി പരിഗണിച്ചാണ് ഈ കൂടിക്കാഴ്ച. ഇതിലൂടെ കേരളത്തിൽ വേരുറപ്പിക്കാനാകുമെന്ന് പ്രതീക്ഷിക്കുകയാണ് ബി.ജെ.പി.
ഡൽഹിയും ഹൈദരാബാദും കളത്തിലിറങ്ങുന്നു
ഒരൊറ്റ കളി മാത്രം ജയിച്ച് പോയിന്റ് ടേബിളിൽ ഏറ്റവും താഴെ കിടക്കുന്ന ഡൽഹി കാപിറ്റൽസും രണ്ട് ജയം മാത്രമുള്ള ഒൻപതാം സ്ഥാനക്കാർ സൺറൈസേഴ്‌സ് ഹൈദരാബാദും ഇന്ന് ഹൈദരാബാദിലെ ഉപ്പലിലുള്ള രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുകയാണ്. വിജയ ലക്ഷ്യം മാത്രമാണ് ഇരുകൂട്ടർക്കും മുന്നിലുള്ളത്.
ഫോമില്ലാതെ ഉഴറുന്ന പൃഥ്വി ഷായെ ഇംപാക്ട് പ്ലേയർ സബ്സ്റ്റിറ്റിയൂട്ട് പട്ടികയിൽ പോലും ഉൾപ്പെടുത്താതെയാണ് ഡൽഹി ഇന്ന് ഇറങ്ങുന്നത്. പകരം, ഒരിക്കൽകൂടി സർഫ്രാസ് ഖാനാണ് അവസരം നൽകിയിരിക്കുന്നത്. ലളിത് യാദവിനു പകരം റിപൽ പട്ടേലും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. ഹൈദരാബാദിൽ രാഹുൽ ത്രിപാഠിയെ ആദ്യ ഇലവനിൽനിന്ന് മാറ്റി സബ് ലിസ്റ്റിൽ ചേർത്തിട്ടുണ്ട്. നിതീഷ് റെഡ്ഡി സബ്സ്റ്റിറ്റിയൂട്ട് ലിസ്റ്റിൽ ഇടംനേടിയതാണ് മറ്റൊരു മാറ്റം.
ഒരേയൊരു സച്ചിൻ, ജീവിതയാത്രയിൽ അര്‍ധ സെഞ്ചുറി പിന്നിട്ട് ഇതിഹാസം
ലോകക്രിക്കറ്റ് ഇതിഹാസം സച്ചിൻ രമേശ് ടെണ്ടുൽക്കർക്ക് ഇന്ന് 50-ാം പിറന്നാൾദിനമാണ്. ക്രിക്കറ്റ് ചരിത്രത്തിൽ അതുല്യവും അപ്രാപ്യവുമായ ഉയരങ്ങളിൽ തൊട്ട മാസ്റ്റർ ബ്ലാസ്റ്ററുടെ അരനൂറ്റാണ്ടു ജീവിതം എക്കാലത്തേക്കും തലമുറകളെ പ്രചോദിപ്പിക്കാൻ പോന്നതാണ്. ക്രിക്കറ്റിന്‍റെ ദൈവത്തിന് ആശംസകളുമായി നിരവധി പ്രമുഖരാണ് എത്തിയത്. ഇഷ്ടതാരത്തിന്‍റെ പിറന്നാള്‍ സോഷ്യൽ മീഡിയയിലൂടെ ആഘോഷമാക്കുകയാണ് ആരാധകരും.
ബ്രിജ് ഭൂഷണെതിരെ സുപ്രിംകോടതിയെ സമീപിച്ച് ഗുസ്തി താരങ്ങള്‍
പീഡന പരാതിയിൽ ഗുസ്തി ഫെഡറേഷന്‍ മുൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണെതിരെ ഗുസ്തി താരങ്ങളുടെ പ്രതിഷേധം തുടരുന്നു. പരാതിയുമായി താരങ്ങൾ സുപ്രിംകോടതിയെ സമീപിച്ചു. അതിനിടെ ഗുസ്തി ഫെഡറേഷൻ നിർവാഹക സമിതി തെരഞ്ഞെടുപ്പ് നടത്താൻ താൽക്കാലിക സമിതി രൂപീകരിക്കാൻ ഒളിംപിക് അസോസിയേഷന് കേന്ദ്ര സർക്കാർ നിർദേശം നൽകി.
ബ്രിജ് ഭൂഷണെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് ഗുസ്തി താരങ്ങളുടെ തീരുമാനം. പീഡന പരാതിയിൽ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യുന്നത് വരെ പ്രതിഷേധം തുടരുമെന്ന് താരങ്ങള്‍ പറഞ്ഞു. ബി.ജെ.പി നേതാവായതുകൊണ്ട് കേന്ദ്ര സർക്കാർ ബ്രിജ് ഭൂഷണെ പിന്തുണയ്ക്കുന്നുവെന്ന് താരങ്ങൾ ആരോപിച്ചു. കേന്ദ്ര സർക്കാർ, മേൽനോട്ട സമിതി, പൊലീസ് എന്നിവിടങ്ങളിൽ നിന്ന് നീതി ലഭിക്കാത്ത സാഹചര്യത്തിലാണ് സുപ്രിംകോടതിയെ സമീപിച്ചത്. ബ്രിജ് ഭൂഷണെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് ആവശ്യം.
പരാതി പരിശോധിച്ച ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ കേന്ദ്രത്തിന് സമർപ്പിച്ച റിപ്പോർട്ടിനെതിരെയും താരങ്ങൾ രംഗത്ത് വന്നു. റിപ്പോർട്ടിലെ പ്രാഥമിക നിഗമനങ്ങളിൽ ലൈംഗിക പീഡന പരാമർശമില്ലെന്ന് താരങ്ങൾ കുറ്റപ്പെടുത്തി. താൽക്കാലിക സമിതി രൂപീകരിച്ച് 45 ദിവസത്തിനുള്ളിൽ ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പ് നടത്താൻ കേന്ദ്ര കായിക മന്ത്രാലയം ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് നിർദേശം നൽകി.
പ്രതിഷേധിക്കുന്ന താരങ്ങൾക്ക് പിന്തുണയുമായി കോൺഗ്രസ്, ആം ആദ്മി അടക്കമുള്ള പാർട്ടികൾ രംഗത്ത് വന്നു. താരങ്ങളുടെ പീഡന പരാതിയിൽ എന്തുകൊണ്ട് നടപടി ഇല്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആവശ്യപ്പെട്ടു.
സ്റ്റാലിനെ ഉന്നമിട്ട് ആദായ നികുതി വകുപ്പ്
തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ ഉന്നമിട്ട് ആദായ നികുതി വകുപ്പ്. സ്റ്റാലിന് ബന്ധമുണ്ടെന്ന് ബി.ജെ.പി നേതാക്കൾ ആരോപിച്ച ജി സ്ക്വയർ റിലേഷൻസ് സ്ഥാപനങ്ങളിൽ റെയ്ഡ്. തമിഴ്നാട്ടിലും കർണാടകയിലുമായി 50 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്.
സ്റ്റാലിന്റെ മരുമകൻ ശബരീശന്‍റെ ഓഡിറ്ററുടെ വസതിയിലും ആദായനികുതി ഉദ്യോഗസ്ഥർ റെയ്ഡും പരിശോധനയും നടത്തി. ഡി.എം.കെ എം.എൽ.എ എം.കെ മോഹൻ, മകൻ കാർത്തിക് എന്നിവരുടെ വസതികളിലും റെയ്ഡ് നടന്നു.
സ്റ്റാലിന്‍റെ കുടുംബത്തിന് ജി സ്ക്വയര്‍ റിലേഷന്‍സില്‍ ബിനാമി നിക്ഷേപമുണ്ടെന്ന് തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷൻ കെ. അണ്ണാമലൈ ആരോപിച്ചിരുന്നു. പിതാവ് കരുണാനിധിയുടെ മന്ത്രിസഭയിൽ സ്റ്റാലിൻ ഉപമുഖ്യമന്ത്രിയായിരുന്നപ്പോൾ ജി-സ്‌ക്വയറിന് പിന്തുണ ലഭിച്ചിരുന്നതായി ആരോപണമുണ്ടായിരുന്നു.സ്റ്റാലിൻ്റെ മകനും നിലവിലെ മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും മരുമകൻ ശബരീശനും അനധികൃതമായി സ്വത്ത് സമ്പാദിച്ചിരുന്നുവെന്നും അണ്ണാമലൈ പറഞ്ഞിരുന്നു.
പൊലീസിനെ കയ്യേറ്റം ചെയ്ത വൈ.എസ്.ആർ തെലങ്കാന പാർട്ടി നേതാവ് വൈ.എസ് ശർമിളയെ പൊലീസ് അറസ്റ്റ് ചെയ്തു
പ്രതിഷേധ സമരത്തിനിടെ പൊലീസിനെ കയ്യേറ്റം ചെയ്ത വൈ.എസ്.ആർ തെലങ്കാന പാർട്ടി നേതാവ് വൈ.എസ് ശർമിളയെ പൊലീസ് അറസ്റ്റ് ചെയ്തു. തെലങഅകാന സ്റ്റേറ്റ് പബ്ലിക്ക് കമ്മീഷൻ നടത്തിയ പരീക്ഷകളുടെ ചോദ്യപേപ്പർ ചോർക്കെതിരെയുള്ള പ്രതിഷേധത്തിലാണ് ശർമിളയെ പൊലീസ് സംഘം തടഞ്ഞത്. പ്രതിഷേധ സ്ഥലത്ത് പ്രവേശിക്കുമ്പോള്‍ തന്നെ ശർമിളയെ പൊലീസ് തടയുകയായിരുന്നു.
ശർമിളയുടെ വാഹനത്തിന്‍റെ ഡ്രൈവറെ പൊലീസ് ഉദ്യോഗസ്ഥൻ ബലമായി പിടിച്ചിറക്കുകയും ഇതിന് പിന്നാലെ ശർമിള പൊലീസ് ഉദ്യോഗസ്ഥനെ അടിക്കുകയുമായിരുന്നു.
കൊൽക്കത്തയിൽ മമത ബാനർജി- നിതീഷ് കുമാർ കൂടിക്കാഴ്ച
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കൂടിക്കാഴ്ച്ച നടത്തി. കൊൽക്കത്തയിൽ നടന്ന യോഗത്തിൽ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവും പങ്കെടുത്തു. പ്രതിപക്ഷ നേതാക്കളുടെ വിശാല യോഗം വിളിക്കണമെന്ന് മമത ബാനർജി ആവശ്യപ്പെട്ടു. ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇരുവരുടെയും കൂടിക്കാഴ്ച.
ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി മുന്നോട്ട്‌പോകണമെന്ന സന്ദേശമാണ് മമത ബാനർജിയും നിതീഷ് കുമാറും മുന്നോട്ടുവെക്കുന്നത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ സംപൂജ്യരാക്കി പരാജയപ്പെടുത്തണം. പ്രതിപക്ഷം ഒറ്റക്കെട്ടാണെന്നും പ്രതിപക്ഷ പാർട്ടികൾക്കിടയിൽ അസ്വാരസ്യങ്ങളില്ലെന്നും മമത ബാനർജി മാധ്യമങ്ങളോട് പറഞ്ഞു. മമത ബാനർജിയുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്നും പ്രതിപക്ഷ ഐക്യനീക്കവുമായി മുന്നോട്ട്‌പോകുമെന്നും നിതീഷ്‌കുമാർ അറിയിച്ചു. വരും ദിവസങ്ങളിൽ നിതീഷ് കൂടുതൽ പ്രതിപക്ഷ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയേക്കും. സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവുമായി നിതീഷ് കുമാർ ഉടൻ കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.
'അവനോട് ഞാൻ രണ്ടുവട്ടം ക്ഷമ ചോദിച്ചിട്ടുണ്ട്'; മഹിപാല്‍ അധിക്ഷേപത്തില്‍ പ്രതികരിച്ച് സിറാജ്
രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിനിടെ സഹതാരം മഹിപാൽ ലോംറോറിനെ അധിക്ഷേപിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ പേസർ മുഹമ്മദ് സിറാജ്. റണ്ണൗട്ട് അവസരം പാഴാക്കിയതിന് മഹിപാലിനെ അധിക്ഷേപിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിനിടെയാണ് മത്സരം കഴിഞ്ഞയുടൻ സഹതാരത്തോട് രണ്ടു തവണ മാപ്പുചോദിച്ച വിവരം സിറാജ് വെളിപ്പെടുത്തിയത്.
ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന മത്സരത്തിൽ നിർണായകമായ 19-ാം ഓവറിലായിരുന്നു വിവാദരംഗം. ബാംഗ്ലൂർ ഉയർത്തിയ 190 എന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാന് അവസാന രണ്ട് ഓവറിൽ ജയിക്കാൻ 33 റൺസായിരുന്നു വേണ്ടിയിരുന്നത്. വെടിക്കെട്ട് ബാറ്റർ ധ്രുവ് ജുറേലും രവിചന്ദ്രൻ അശ്വിനുമായിരുന്നു ക്രീസിലുണ്ടായിരുന്നത്.
അവസാന പന്തിൽ ലോങ് ഓണിലേക്കുള്ള ജൂറേലിന്റെ ഷോട്ടിൽ ഇല്ലാത്ത രണ്ടാം റൺസിന് ജുറേൽ ഓടി. അപ്പുറത്ത് നോൺ സ്‌ട്രൈക്കേഴ്‌സ് എൻഡിലേക്ക് ഏറെ ദൂരത്തായിരുന്നു അശ്വിൻ. താരത്തെ റണ്ണൗട്ടാക്കാനുള്ള മികച്ച അവസരമായിരുന്നെങ്കിലും ലോങ് ഓണിലുണ്ടായിരുന്ന മഹിപാൽ കൃത്യമായി നോൺസ്‌ട്രൈക്കേഴ്‌സ് എൻഡിൽ വിക്കറ്റിനു തൊട്ടടുത്ത് കാത്തുനിന്ന സിറാജിന്റെ നേരെ എറിഞ്ഞുകൊടുത്തെങ്കിലും ലക്ഷ്യം പിഴച്ചു.
കൃത്യമായി കൈയിലേക്ക് നൽകുന്നതിനു പകരം അപ്പുറത്തേക്കായിരുന്നു എറിഞ്ഞുകൊടുത്തത്. പന്ത് പിടിക്കാൻ ആഞ്ഞ സിറാജിന്റെ കാല് തട്ടി ബെയിൽസ് ഇളകുകയും ചെയ്തു. ഇതിനിടെ അശ്വിൻ സുരക്ഷിതമായി ക്രീസിലെത്തുകയും ചെയ്യുകയായിരുന്നു. ഇതോടെയാണ് സിറാജ് നിയന്ത്രണം വിട്ട് മഹിപാലിനോട് കയർത്തത്. ചൂടാകുകയും താരത്തെ അധിക്ഷേപിക്കുകയും ചെയ്തു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സിറാജ് സഹതാരത്തോട് ചെയ്തത് ശരിയായില്ലെന്നായിരുന്നു സോഷ്യൽ മീഡിയയുടെ പൊതുവികാരം.
എന്നാൽ, താൻ രണ്ടു തവണ മഹിപാലിനോട് ക്ഷമചോദിച്ചിട്ടുണ്ടെന്ന് സിറാജ് വെളിപ്പെടുത്തി. ആർ.സി.ബി ഔദ്യോഗിക യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 'ഞാൻ നല്ല ദേഷ്യത്തിലായിരുന്നു. ക്ഷമിക്കണം. നേരത്തെ തന്നെ അവനോട് ഞാൻ രണ്ടുതവണ ക്ഷമചോദിച്ചിട്ടുണ്ട്. ഗ്രൗണ്ടിനു പുറത്ത് ഞാൻ കോപം കൊണ്ടുനടക്കാറില്ല. കളി കഴിയുന്നതോടെ അതെല്ലാം തീരും.'-സിറാജ് പറഞ്ഞു.
വിഡിയോയിൽ മഹിപാലും ഇതിനോട് പ്രതികരിക്കുന്നുണ്ട്. 'അത് കാര്യമാക്കേണ്ടതില്ല സിറാജ് ഭായ്' എന്നായിരുന്നു താരത്തിന്റെ പ്രതികരണം. വലിയ മത്സരങ്ങളിൽ ഇത്തരം ചെറിയ സംഭവങ്ങളെല്ലാമുണ്ടാകുമെന്നും മഹിപാൽ ലോംറോർ ചൂണ്ടിക്കാട്ടി.
Adjust Story Font
16