പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമ വീഡിയോകൾ പ്രചരിപ്പിച്ച രണ്ട് പേർ കൂടി അറസ്റ്റിൽ
വീഡിയോ പ്രചരിപ്പിക്കുകയും ചോർത്തുകയും ചെയ്ത കേസിൽ നേരത്തെ മൂന്ന് ബിജെപി നേതാക്കൾ അറസ്റ്റിലായിരുന്നു.
പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമ വീഡിയോകൾ പ്രചരിപ്പിച്ച രണ്ട് പേർ കൂടി അറസ്റ്റിൽബെംഗളൂരു: ജെഡിഎസ് എംപിയും കർണാടകയിലെ ഹാസൻ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമ വീഡിയോകൾ പ്രചരിപ്പിച്ച സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. നവീൻ ഗൗഡ, ചേതൻ കുമാർ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയിൽ എത്തിയപ്പോഴാണ് ഇവരെ എസ്.ഐ.ടി അറസ്റ്റ് ചെയ്തത്.
പ്രജ്വൽ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്ന വീഡിയോകൾ അടങ്ങിയ പെൻഡ്രൈവുകൾ വിതരണം ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. ഈ വീഡിയോ പ്രചരിപ്പിക്കുകയും ചോർത്തുകയും ചെയ്ത കേസിൽ നേരത്തെ മൂന്ന് ബിജെപി നേതാക്കൾ അറസ്റ്റിലായിരുന്നു. അശ്ലീല വിഡിയോ പ്രചരിച്ചതിനു പിന്നാലെ പ്രജ്വലിന്റെ ഇലക്ഷൻ ഏജന്റ് പൊലീസിൽ പരാതി നൽകിയിരുന്നു.
യെലഗുണ്ട, ശ്രാവണബലഗോള സ്വദേശികളും ബിജെപി പ്രാദേശിക നേതാക്കളുമായ ചേതൻ, ലികിത് ഗൗഡ എന്നിവരാണ് ലൈംഗികാതിക്രമ വീഡിയോകൾ പ്രചരിപ്പിച്ച കേസിൽ നേരത്തെ അറസ്റ്റിലായത്. പ്രതികൾ അശ്ലീല ക്ലിപ്പുകൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ച രണ്ട് പെൻഡ്രൈവുകളും കമ്പ്യൂട്ടർ സിപിയുവും എസ്ഐടി ഉദ്യോഗസ്ഥർ കണ്ടെടുക്കുകയും ചെയ്തിരുന്നു.
ഇവരെ കൂടാതെ പ്രജ്വലിന്റെ ലൈംഗികാതിക്രമ വീഡിയോകൾ ചോർത്തിയെന്ന കേസിൽ മറ്റൊരു ബിജെപി നേതാവും അറസ്റ്റിലായിരുന്നു. അഡ്വ. ജി. ദേവരാജ് ഗൗഡയാണ് അറസ്റ്റിലായത്. ഏപ്രിൽ 22ന് ഹാസൻ നഗരത്തിലും പരിസരത്തും പ്രജ്വലിന്റെ ലൈംഗികാതിക്രമ ക്ലിപ്പുകൾ പ്രചരിക്കുകയും നിരവധി പെൻഡ്രൈവുകൾ കണ്ടെത്തുകയും ചെയ്തതിന് പിന്നാലെ 23ന് ഹാസൻ സിഇഎൻ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറുമായി ബന്ധപ്പെട്ടാണ് ഈ അറസ്റ്റുകൾ.
അതേസമയം, ലൈംഗികാതിക്രമ വീഡിയോകൾ പുറത്തുവന്നതിന് പിന്നാലെ കേസെടുത്തതോടെ വിദേശത്തേക്ക് മുങ്ങിയ പ്രജ്വൽ രേവണ്ണ ഇതുവരെ നാട്ടിലെത്തിയിട്ടില്ല. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. പ്രജ്വലിന്റെ നയതന്ത്ര പാസ്പോർട്ട് അടിയന്തരമായി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കത്തയച്ചിരുന്നു. ആദ്യമയച്ച കത്ത് വിദേശകാര്യമന്ത്രാലയം തള്ളിയതോടെയാണ് ഇത്.
ഏപ്രിൽ 26ന് നടന്ന കർണാടകയിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പ്രജ്വലിന്റെ നിരവധി ലൈംഗികാതിക്രമ വീഡിയോകൾ വ്യാപകമായി പ്രചരിച്ചത്. സ്ത്രീകളെ ലൈംഗികപീഡനത്തിന് ഇരയാക്കുന്ന 2,900ലധികം വീഡിയോകളാണ് മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ ചെറുമകനും ഹാസനിലെ എം.പിയുമായ പ്രജ്വൽ തന്നെ റെക്കോർഡ് ചെയ്‌തതെന്നാണ് കരുതപ്പെടുന്നത്.
എന്നാൽ ഇത് ചോർന്നതോടെ വൻ ജനരോഷത്തിന് കാരണമാവുകയും കർണാടക രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുകയും എൻഡിഎ മുന്നണി പ്രതിരോധത്തിലാവുകയും ചെയ്തു. വിഷയത്തിൽ ദേശീയ വനിതാ കമ്മീഷൻ കൂടി ഇടപെട്ടതോടെ കേസന്വേഷിക്കാൻ സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു.
സംഭവം വിവാദമായതോടെ രാജ്യം വിട്ട ഇയാൾക്കെതിരെ ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും പിടികൂടാനായിട്ടില്ല. പ്രത്യേക അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. ബലാത്സംഗം, ഭീഷണിപ്പെടുത്തൽ തുടങ്ങി വിവിധ കുറ്റങ്ങളിലായി മൂന്ന് എഫ്.ഐ.ആറാണ് പ്രജ്വലിനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
പ്രജ്വലിൻ്റെ വീട്ടിൽ ജോലി ചെയ്തിരുന്ന 47കാരിയാണ് പരാതിയുമായി ആദ്യം രംഗത്തെത്തിയത്. പരാതിക്കാരി രേവണ്ണയുടെ വീട്ടിൽ മൂന്നര വർഷത്തോളം ജോലി ചെയ്യുകയും 2019 ജനുവരി മുതൽ 2022 ജനുവരി വരെ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നുമാണ് എഫ്ഐആറില്‍ പറയുന്നത്. ഇതിനു പിന്നാലെ ജെഡിഎസ് ജില്ലാ വനിതാ നേതാവടക്കമുള്ള മറ്റു യുവതികളും പരാതി നൽകുകയായിരുന്നു.
Adjust Story Font
16