യെച്ചൂരി: ഇന്ദിരക്ക് നേരെ മുഷ്ടി ചുരുട്ടിയ പോരാട്ട വീര്യം
ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയാണ് യെച്ചൂരിയെന്ന കമ്യൂണിസ്റ്റ് നേതാവിനെ രാകിമിനുക്കിയെടുത്തത്.
ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയുടെ ഏറ്റവും പ്രശസ്തമായ ചിത്രങ്ങളിലൊന്ന് ഇന്ദിരാ ഗാന്ധിക്ക് മുന്നിൽവെച്ച് അവർക്കെതിരെ സംസാരിക്കുന്നതാണ്. അടിയന്തരാവസ്ഥക്ക് ശേഷമുള്ള പൊതുതെരഞ്ഞെടുപ്പിൽ തോറ്റിട്ടും ജെഎൻയു ചാൻസലറായി തുടരുന്നതിനെതിരെ ഇന്ദിരയുടെ വസതിക്ക് മുന്നിൽ അവരുടെ സാന്നിധ്യത്തിലായിരുന്നു പ്രതിഷേധം.
ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയാണ് യെച്ചൂരിയെന്ന കമ്യൂണിസ്റ്റ് നേതാവിനെ രാകിമിനുക്കിയെടുത്തത്. മൂന്ന് തവണ ജെഎൻയു വിദ്യാർഥി യൂണിയൻ അധ്യക്ഷനായി. അടിയന്തരാവസ്ഥക്കെതിരെ ജെഎൻയുവിലുണ്ടായ പ്രതിഷേധ കൊടുങ്കാറ്റിന്റെ മുൻനിരയിൽ യെച്ചൂരിയുണ്ടായിരുന്നു. ഒടുവിൽ ജയിലിലുമായി.
1984ൽ എസ്എഫ്‌ഐ ദേശീയ പ്രസിഡന്റായ യെച്ചൂരി 1992ൽ പൊളിറ്റ്ബ്യൂറോ അംഗമായി. 2005ൽ ബംഗാളിൽനിന്ന് ആദ്യമായി രാജ്യസഭയിലെത്തിയ യെച്ചൂരി മികച്ച പാർലമെന്റ് അംഗമെന്ന നിലയിലും ശ്രദ്ധേയനായി. 2015ൽ വിശാഖപട്ടണം പാർട്ടി കോൺഗ്രസിലാണ് ആദ്യമായി ദേശീയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. 2018ലെ ഹൈദരാബാദ് പാർട്ടി കോൺഗ്രസിലും 2022ലെ കണ്ണൂർ പാർട്ടി കോൺഗ്രസിലും പദവി നിലനിർത്തി.
ദേശീയ രാഷ്ട്രീയത്തിൽ മതേതര പക്ഷത്തെ ശക്തനായ നേതാവായിരുന്ന യെച്ചൂരി സംഘ്പരിവാറിന്റെ കടുത്ത വിമർശകനായിരുന്നു. ബിജെപിക്കെതിരെ മതേതര സഖ്യം രൂപീകരിക്കുന്നതിനുള്ള ചർച്ചകളിൽ യെച്ചൂരി നിർണായക പങ്കുവഹിച്ചു. 1996ൽ ഐക്യമുന്നണി സർക്കാരിന്റെ പൊതു മിനിമം പരിപാടിയുണ്ടാക്കാനുള്ള സമിതിയിൽ അംഗമായിരുന്നു. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യമായ ഇൻഡ്യാ മുന്നണി രൂപീകരിക്കുന്നതിലും യെച്ചൂരിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.
Adjust Story Font
16