Quantcast

ആറ് സംസ്ഥാനങ്ങൾക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാൻ കേന്ദ്രം ആലോചിക്കുന്നതായി റിപ്പോർട്ട്

ബിഹാർ, ആന്ധ്രാപ്രദേശ്, ജാർഖണ്ഡ്, ഛത്തീസ്ഗഢ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശമായ ജമ്മു കശ്മീരിനെയുമാണ് പ്രത്യേക പാക്കേജിനായി പരിഗണിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    17 July 2024 5:22 AM GMT

Six states likely to get special economic grants
X

ന്യൂഡൽഹി: ബിഹാർ അടക്കമുള്ള സംസ്ഥാനങ്ങൾ പ്രത്യേക പദവി ആവശ്യപ്പെട്ട് സമ്മർദം ശക്തമാക്കിയതോടെ ആറ് സംസ്ഥാനങ്ങൾക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. ബിഹാറിന് പുറമെ ആന്ധ്രാപ്രദേശ്, ജാർഖണ്ഡ്, ഛത്തീസ്ഗഢ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശമായ ജമ്മു കശ്മീരിനെയുമാണ് പ്രത്യേക പാക്കേജിനായി പരിഗണിക്കുന്നത്. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ ഈ സംസ്ഥാനങ്ങളിലെ വിവിധ മേഖലകളുടെ വികസനത്തിനായി പ്രത്യേക പാക്കേജുകൾ പ്രഖ്യാപിക്കുമെന്നാണ് സൂചന.

ഒറ്റക്ക് ഭൂരിപക്ഷമില്ലാത്ത മൂന്നാം മോദി സർക്കാരിന് നിതീഷ് കുമാറിന്റെ ജെ.ഡി (യു)വിന്റെയും ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയുടെയും പിന്തുണ അനിവാര്യമാണ്. ബിഹാറിന് പ്രത്യേക പദവി വേണമെന്ന ഏറെക്കാലത്തെ ആവശ്യം നിതീഷ് കുമാർ വീണ്ടും ശക്തമാക്കിയിരുന്നു. ബിഹാറിൽ അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അതുകൊണ്ട് തന്നെ നിതീഷിന്റെ ആവശ്യം പൂർണമായി അവഗണിക്കാൻ കേന്ദ്രത്തിനാവില്ല. ചൊവ്വാഴ്ച ഡൽഹിയിലെത്തിയ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സംസ്ഥാനത്തെ വൻകിട പദ്ധതികൾക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

''നീതി ആയോഗ് പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഏതെങ്കിലും സംസ്ഥാനത്തിന് പ്രത്യേക പദവി പ്രഖ്യാപിക്കുന്നത് അപ്രായോഗികമാണ്. പക്ഷേ, മൂന്നാം എൻ.ഡി.എ സർക്കാർ എല്ലാ സംസ്ഥാനങ്ങളുടെയും വികസനത്തിന് പ്രതിജ്ഞാബദ്ധമാണ്. വരാനിരിക്കുന്ന ബജറ്റിൽ 5-6 സംസ്ഥാനങ്ങൾക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല''- മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.

ബജറ്റിന് മുന്നോടിയായി കേന്ദ്രസർക്കാർ എല്ലാ സംസ്ഥാന സർക്കാറുകളോടും അഭിപ്രായം തേടിയിരുന്നു. പ്രത്യേക പദവി ഒഴിവാക്കിയതിന് ശേഷം ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ജമ്മു കശ്മീരിനും പ്രത്യേക സാമ്പത്തിക പാക്കേജ് പരിഗണിക്കുന്നുണ്ട്. റോഡ്, വ്യവസായം, ഊർജം, തൊഴിൽ, കൃഷി തുടങ്ങിയ മേഖലകളുടെ വികസനത്തിനായാണ് സാമ്പത്തിക പാക്കേജ് അനുവദിക്കാൻ ആലോചിക്കുന്നതെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം.

TAGS :

Next Story