Quantcast

കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ ഐപിഎൽ ​ഗ്യാലറിയിൽ പ്രതിഷേധം; ആറ് പേർ അറസ്റ്റിൽ

'ജയിൽ കാ ജവാബ് വോട്ട് സേ' (ജയിലിന് മറുപടി വോട്ടിലൂടെ) എന്നെഴുതിയ ടീ ഷർട്ട് ധരിച്ചെത്തിയ വിദ്യാർഥികളാണ് മുദ്രാവാക്യം വിളിച്ചത്.

MediaOne Logo

Web Desk

  • Updated:

    2024-05-08 11:34:14.0

Published:

8 May 2024 11:32 AM GMT

Sloganeering against Arvind Kejriwals arrest during IPL match, 6 detained
X

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ ഐപിഎൽ ​ഗ്യാലറിയിൽ മുദ്രാവാക്യം വിളിച്ചതിന് ആറ് പേർ അറസ്റ്റിൽ. ആം ആദ്മി വിദ്യാർഥി വിഭാ​ഗം പ്രവർത്തകരെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഡൽഹി അരുൺ ജയറ്റ്ലി സ്റ്റേഡിയത്തിൽ രാജസ്ഥാൻ റോയൽസ്- ഡൽഹി ക്യാപിറ്റൽസ് മത്സരം നടക്കുന്നതിനിടെയാണ് സംഭവം.

മത്സരത്തിനിടെ 'ജയിൽ കാ ജവാബ് വോട്ട് സേ' (ജയിലിന് മറുപടി വോട്ടിലൂടെ) എന്നെഴുതിയ ടീ ഷർട്ട് ധരിച്ചെത്തിയ വിദ്യാർഥികളാണ് മുദ്രാവാക്യം വിളിച്ചത്. മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെതിരായ എഎപിയുടെ പ്രചാരണ മുദ്രാവാക്യമാണ് 'ജയിൽ കാ ജവാബ് വോട്ട് സേ'.

"പൊലീസുകാരെ സ്റ്റേഡിയത്തിലെ വിവിധ സ്ഥലങ്ങളിൽ വിന്യസിച്ചിരുന്നു. ​ഗ്യാലറിയിൽ നിന്ന് പൊതുജന ശല്യം സൃഷ്ടിച്ചതിന് ചിലരെ ഞങ്ങൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിയമ നടപടിക്രമങ്ങൾക്ക് ശേഷം വിട്ടയക്കും"- ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. “എല്ലാ കാണികളോടും കളി ആസ്വദിക്കാനും സ്റ്റേഡിയത്തിൽ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടാതിരിക്കാനും ഞങ്ങൾ അഭ്യർഥിക്കുന്നു” അദ്ദേഹം വ്യക്തമാക്കി.

കെജ്‌രിവാളിന്റെ അന്യായ അറസ്റ്റിനെതിരെ പാർട്ടിയുടെ വിദ്യാർഥി വിഭാ​ഗമായ ഛത്ര യുവ സംഘർഷ് സമിതി (സിവൈഎസ്എസ്) പ്രവർത്തകരാണ് ഐപിഎൽ മാച്ചിനിടെ പ്രതിഷേധിച്ചതെന്ന് ആം ആദ്മി പാർട്ടി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു".

"പ്രതിഷേധത്തിനിടെ വിദ്യാർഥികൾ 'ജയിൽ കാ ജവാബ് വോട്ട് സേ' എന്ന് എഴുതിയ ടീ ഷർട്ട് ധരിച്ചിരുന്നു. അവർ ബിജെപി സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു"- പ്രസ്താവനയിൽ വിശദമാക്കി. പ്രവർത്തകർ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ ആം ആദ്മി എക്സിൽ പങ്കുവച്ചിരുന്നു.

മദ്യനയ അഴിമതി കേസിൽ കെജ്‍രിവാളിന്‍റെ കസ്റ്റഡി കാലാവധി ഇന്നലെ നീട്ടിയിരുന്നു. ഡൽഹി റോസ് അവന്യൂ കോടതിയാണ് കസ്റ്റഡ് കാലാവധി നീട്ടിയത്. കെജ്‍രിവാളിന്‍റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് സുപ്രിംകോടതിയും നീട്ടി. ജാമ്യ ഹരജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

മാർച്ച് 21ന് രാത്രിയോടെയാണ് ഇ.ഡി കേജ്‍രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രാഥമിക കസ്റ്റഡി മാർച്ച് 28ന് അവസാനിച്ചെങ്കിലും ഇ.ഡിയുടെ ആവശ്യപ്രകാരം ഡൽഹി റൗസ് അവന്യു കോടതി കസ്റ്റഡി കാലാവധി നീട്ടുകയായിരുന്നു.



TAGS :

Next Story