'സ്‌മോക്ക് സ്പ്രേ കൊണ്ടുവന്നത് അമോൽ ഷിൻഡെ,കൈമാറിയത് ഇന്ത്യാ ഗേറ്റിന് സമീപത്ത് വെച്ച്'; പൊലീസ്
'ജസ്റ്റിസ് ഫോർ ആസാദ് ഭഗത് സിംഗ്' എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് പ്രതികൾ പരിചയപ്പെട്ടതെന്ന് സൂചന
ന്യൂഡൽഹി: പാർലമെന്റിലെ സുരക്ഷാ വീഴ്ചയിൽ പ്രതികളുടെ മൊഴി പുറത്ത്. പാർലമെന്റിനക്കും പുറത്തും പിടിയിലായ നാലുപേർ സ്‌മോക്ക് സ്പ്രേ പ്രയോഗിച്ചിരുന്നു. ഇത് കൊണ്ടുവന്നത് അമോൽ ഷിൻഡെയാണെന്ന് ഡൽഹി പൊലീസ് പറയുന്നു. ഇന്ത്യാഗേറ്റ് പരിസരത്ത് വെച്ചാണ് ഇത് മറ്റ് പ്രതികൾക്ക് വിതരണം ചെയ്തത്. പ്രതികൾ ഡൽഹിയിൽ എത്തിയത് ഡിസംബർ ആറിനും 10നും ഇടക്കാണെന്നും വ്യത്യസ്ത ട്രെയിനുകളിലാണ് ഇവർ എത്തിയതെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നതായി ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ പറയുന്നു.
രാജ്യത്തെ തൊഴില്ലായ്മ, വിലക്കയറ്റം, കർഷക പ്രശ്‌നം, മണിപ്പൂർ വിഷയങ്ങൾ എന്നിവയുള്ള പ്രതിഷേധമാണ് നടന്നതെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു. 'ജസ്റ്റിസ് ഫോർ ആസാദ് ഭഗത് സിംഗ്' എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് പ്രതികൾ പരിചയപ്പെട്ടതെന്ന് സൂചന. ഇതിനായി, മാസങ്ങൾ നീണ്ട ഗൂഢാലോചനയുണ്ടായെന്നാണ് വിലയിരുത്തൽ. വിവിധ ട്രെയിനുകളിലൂടെയാണ് ഇവർ ഡൽഹിയിലെത്തുന്നത്. ജനുവരി മാസത്തിലാണ് ഇവർ ഗൂഢാലോചന തുടങ്ങിയത്. അതിനിടെ പ്രതികളിലൊരാൾ പാർലമെന്റിലെത്തുകയു സ്ഥിതികൾ വിലയിരുത്തുകയും ചെയ്തിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പാര്‍ലമെന്‍റിനകത്ത് വെച്ച് പ്രതിഷേധിച്ച ഉത്തര്‍പ്രദേശ് സ്വദേശി സാഗർ ശർമ്മ, മൈസൂർ സ്വദേശിയും എൻജിനിയറിങ് വിദ്യാർഥിയുമായ മനോരഞ്ജൻ,പാര്‍ലമെന്‍റിന് പുറത്ത് വെച്ച് പ്രതിഷേധിച്ച അമോൽ ഷിൻഡെ, ഹരിയാനയുടെ ഹിസാര്‍ നീലം എന്നിവരെ ഇന്നലെത്തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാത്രിയോടെയാണ് ഇവരുടെ കൂടെയുണ്ടായിരുന്ന ഹരിയാന ഗുരുഗ്രാം സ്വദേശി ലളിത് ഝായെ പൊലീസ് പിടികൂടുന്നത്. ലളിതിന്റെ ഗുരുഗ്രാമിലെ വീട്ടിലാണ് പ്രതികൾ ഒന്നിച്ച് താമസിച്ചതെന്നും പൊലീസ് പറയുന്നു. ബംഗാള്‍ സ്വദേശി വിക്കി എന്നയാളാണ് ആറാമനെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
Adjust Story Font
16