വ്യാജ ലൈസന്‍സില്‍ ഗോവയില്‍ മകളുടെ ബാറും മാംസം വിളമ്പുന്ന റെസ്റ്റോറന്റും; കോൺഗ്രസ് ആരോപണത്തിൽ വെട്ടിലായി സ്മൃതി ഇറാനി
മകൾക്ക് ബാറുമായി ബന്ധമില്ലെന്നായിരുന്നു ഇറാനിയുടെ പ്രതികരണം. എന്നാൽ, റെസ്‌റ്റോറന്റുമായി മകൾക്കുള്ള ബന്ധം വ്യക്തമാക്കുന്ന സ്മൃതി ഇറാനിയുടെ പഴയ സോഷ്യൽ മീഡിയ പോസ്റ്റ് പുറത്തുവിട്ടിരിക്കുകായണ് കോൺഗ്രസ് നേതാക്കൾ
ന്യൂഡൽഹി: 18 വയസ്സുകാരിയായ മകൾ ഗോവയിൽ നടത്തുന്ന റെസ്റ്റോറന്റിന്റെ പേരിൽ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സ്മൃതി ഇറാനിക്കുനേരെ ആക്രമണം അഴിച്ചുവിട്ട് കോൺഗ്രസ്. സ്മൃതി ഇറാനിയുടെ മകൾ സോയ്ഷ് ഇറാനിയുടെ ഉടമസ്ഥതയിൽ ഗോവയിലുള്ള ബാർ പ്രവർത്തിക്കുന്നത് നിയമവിരുദ്ധമായാണെന്നും 'സംസ്‌കാരി' ഭക്ഷണമല്ല മദ്യവും മാംസവുമാണ് റെസ്റ്റോറന്റിൽ വിളമ്പുന്നതെന്നും എ.ഐ.സി.സി മാധ്യമവിഭാഗം ചെയർമാൻ പവൻ ഖേര ആരോപിച്ചു.
എന്നാൽ, ഗാന്ധിമാർക്കെതിരെ സംസാരിക്കുന്നതു കൊണ്ടാണ് കോൺഗ്രസ് തന്റെ മകളെ ആക്രമിക്കുന്നതെന്നാണ് സ്മൃതി ഇറാനി ഇതിനോട് പ്രതികരിച്ചത്. മകൾക്ക് റെസ്റ്റോറന്റുമായി ഒരു ബന്ധവുമില്ലെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ, സ്മൃതിക്കെതിരെ കൂടുതൽ തെളിവുകളുമായി പവൻ ഖേര ആക്രമണം കടുപ്പിച്ചിരിക്കുകയാണ്.
'സില്ലി സോൾ കഫേ ആൻഡ് ബാർ' എന്ന പേരിലാണ് ഇറാനിയുടെ മകളുടെ പേരിൽ നോർത്ത് ഗോവയിൽ റെസ്‌റ്റോറന്റും ബാറും പ്രവർത്തിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് ഡൽഹിയിൽ വാർത്താസമ്മേളനം വിളിച്ചായിരുന്നു പവൻ ഖേര റെസ്റ്റോറന്റുമായി ബന്ധപ്പെട്ട തെളിവുകൾ പുറത്തുവിട്ടത്.
വ്യാജ ലൈസൻസിലാണ് റെസ്റ്റോറന്റ് പ്രവർത്തിക്കുന്നതെന്ന ആരോപണമാണ് പവൻ ഖേര ഉന്നയിച്ചത്. 2021 മേയിൽ മരിച്ച ആളുടെ പേരിലാണ് ലൈസൻസുള്ളത്. എന്നാൽ, ലൈസൻസ് എടുത്തിരിക്കുന്നത് ജൂൺ 2022നും. 13 വർഷം മുൻപ് മരിച്ചയാളുടെ പേരിൽ ലൈസൻസ് എടുത്താണ് റെസ്റ്റോറന്റ് പ്രവർത്തിക്കുന്നതെന്ന് പവൻ ഖേര വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
ഇതോടൊപ്പം ഗോവ നിയമപ്രകാരം ഒരു റെസ്റ്റോറന്റിന് ഒരു ബാറിനുള്ള ലൈസൻസേ ലഭിക്കൂ. എന്നാൽ, സ്മൃതി ഇറാനിയുടെ മകളുടെ റെസ്റ്റോറന്റിന് രണ്ട് ബാർ ലൈസൻസുകളുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര മന്ത്രിസഭയിൽനിന്ന് സ്മൃതി ഇറാനിയെ ഉടൻ തന്നെ പുറത്താക്കണമെന്ന് പവൻ ഖേര ആവശ്യപ്പെട്ടു.
കോടതിയിൽ കാണാമെന്ന് സ്മൃതി ഇറാനി
എന്നാൽ, പവൻ ഖേരയുടെ വാർത്താസമ്മേളത്തിനു പിന്നാലെ വിശദീകരണവുമായി സ്മൃതി ഇറാനി രംഗത്തെത്തി. വികാരഭരിതയായായിരുന്നു സ്മൃതിയുടെ വാർത്താസമ്മേളനം. മകൾ കോളജിൽ പഠിക്കുകയാണെന്നും അവൾ ബാർ നടത്തുന്നില്ലെന്നും സ്മൃതി വ്യക്തമാക്കി. ലൈസൻസിലെ പേര് കാണിച്ചായിരുന്നു സ്മൃതിയുടെ വിശദീകരണം.
''18കാരിയായ ഒരു പെൺകുട്ടിയെ തേജോവധം ചെയ്യാൻ ശ്രമിക്കുന്നത് അവളുടെ അമ്മ രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും എതിരെ സംസാരിക്കുന്നുവെന്ന ഒറ്റ കുറ്റത്തിനാണ്. രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും നടത്തിയ 5,000 കോടി രൂപയുടെ കൊള്ളയെക്കുറിച്ച് അവളുടെ അമ്മ വാർത്താസമ്മേളനം വിളിച്ചു തുറന്നുപറഞ്ഞതാണ് അവളുടെ കുറ്റം.''
രാഹുൽ ഗാന്ധിയെ അമേത്തിയിലേക്ക് അയക്കൂ. രാഹുൽ ഗാന്ധിയെ ഒരിക്കൽകൂടി തൊൽപിച്ചുതരാം. ബാക്കി കാര്യങ്ങൾ കോടതിയിൽ വച്ചു കാണാമെന്നും സ്മൃതി മുന്നറിയിപ്പ് നൽകി.
പവൻ ഖേരയുടെ പ്രത്യാക്രമണം
സ്മൃതി ഇറാനിയുടെ വിശദീകരണത്തിനു പിന്നാലെ മകളുമായി റെസ്റ്റോറന്റിനുള്ള ബന്ധത്തിന്റെ കൂടുതൽ തെളിവുകൾ പവൻ ഖേരയടക്കമുള്ള കോൺഗ്രസ് നേതാക്കൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ഭക്ഷണരംഗത്ത് വിദഗ്ധനായ എഴുത്തുകാരൻ കുനാൽ വിജയ്ക്കർ കഴിഞ്ഞ ഏപ്രിലിൽ ഇൻസ്റ്റഗ്രാമിലിട്ട റെസ്‌റ്റോറന്റിന്റെ റിവ്യൂ കാണിച്ചായിരുന്നു കോൺഗ്രസ് നേതാക്കളുടെ പ്രത്യാക്രമണം.
സില്ലി സോൾസിലെ ഭക്ഷണ വിഭവങ്ങളെ പ്രശംസിച്ചുകൊണ്ടായിരുന്നു കുനാലിന്റെ ഇൻസ്റ്റഗ്രാം കുറിപ്പ്. ഇതിൽ സോയിഷ് ഇറാനിയുടെ റെസ്‌റ്റോറന്റാണെന്ന് വ്യക്തമാക്കുന്നുണ്ട്. കുനാലിന്റെ റിവ്യു സ്മൃതി ഇറാനി ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. അഭിമാനമെന്ന അടിക്കുറിപ്പോടെ മകളെയും റെസ്‌റ്റോറന്റിന്റെ പേജും കുറിപ്പിൽ ടാഗ് ചെയ്യുകയും ചെയ്തിരുന്നു.
Summary: Congress spokesperson Pawan Khera attacked Union minister Smriti Irani over reports that a Goa restaurant allegedly run by the minister's daughter Zoish has been served a notice for acquiring a liquor licence in the name of a dead person
Adjust Story Font
16