നിരോധനാജ്ഞ ലംഘനം; സാമൂഹ്യ-പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുകും അനുയായികളും പൊലീസ് കസ്റ്റഡിയിൽ
ലഡാക്കിന് സംസ്ഥാന പദവിയടക്കം ആവശ്യപ്പെട്ട് നടത്തിയ മാർച്ച് പൊലീസ് തടയുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു
ശ്രീനഗർ: ലഡാക്കിലെ സാമൂഹ്യ-പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് കസ്റ്റഡിയിൽ. ഡൽഹി അതിർത്തിയിൽ നിന്നാണ് വാങ്ചുകിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇദ്ദേഹത്തോടൊപ്പം വാങ്ചുകിന്റെ 150 അനുയായികളെയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിരോധനാജ്ഞ ലംഘനത്തിന്റെ പേരിലാണ് നടപടി.
ലഡാക്കിന് സംസ്ഥാന പദവിയടക്കം ആവശ്യപ്പെട്ട് ഇവർ നടത്തിയ മാർച്ച് ഡൽഹി പൊലീസ് തടഞ്ഞു. ഗാന്ധി സമാധിയിലേക്ക് മാർച്ച് നടത്തുകയായിരുന്ന സോനം വാങ്ചുകും അദ്ദേഹത്തിന്റെ അനുയായികളും. സോനം വാങ്ചുകിനെ കസ്റ്റഡിയിൽ എടുത്ത ഡൽഹി പൊലീസ് നടപടിയെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അപലപിച്ചു. പൊലീസിന്റേത് തികച്ചും അസ്വീകാര്യമായ നടപടിയാണെന്ന് രാഹുൽ അഭിപ്രായപ്പെട്ടു.
ഡൽഹിയിൽ ഒക്ടോബർ അഞ്ച് വരെ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ഉത്തരവ് ഡൽഹി പോലീസ് കമ്മീഷണർ സഞ്ജയ് അറോറ പുറപ്പെടുവിച്ചു. രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിനെ തുടർന്നാണ് നിരോധനാജ്ഞ. 'സാമുദായിക അന്തരീക്ഷം' ഉൾപ്പടെയുള്ള വിഷയങ്ങളിലാണ് രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് നൽകിയിരുന്നത് എന്നാണ് വിവരം.
Adjust Story Font
16