ബംഗാളിൽ തൃണമൂൽ കോൺഗ്രസുമായി ചില സി.ബി.ഐ ഉദ്യോഗസ്ഥർ കൈകോർത്തു: ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ്
ഭാവിയിൽ ഇത്തരം പരാമർശങ്ങൾ നടത്തരുതെന്ന് ബിജെപിയുടെ മുന്നറിയിപ്പ്
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സി.ബി.ഐയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷ്. ബംഗാളിൽ തൃണമൂൽ കോൺഗ്രസുമായി ചില സിബിഐ ഉദ്യോഗസ്ഥർ കൈകോർത്തുവെന്ന് അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ വർഷം നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാളിൽ 60 ഓളം ബിജെപി പ്രവർത്തകർ കൊല്ലപ്പെടുകയുണ്ടായി. ഇതിനെതിരെ സി.ബി.ഐ എന്ത് ചെയ്‌തെന്നും ദിലീപ് ഘോഷ് ചോദിച്ചു. എന്നാൽ സിബിഐയ്‌ക്കെതിരായ ആരോപണങ്ങളിൽ ദിലീപ് ഘോഷിന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ബി.ജെ.പി
''ഇന്നലെ പാർട്ടി അധ്യക്ഷൻ ജെ.പി നദ്ദ എന്നെ വിളിച്ചിരുന്നു, എന്ത്‌കൊണ്ടാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കാനുണ്ടായ സാഹചര്യമെന്ന് അദ്ദേഹം ചോദിച്ചു, അദ്ദേഹത്തോട് ഞാൻ എന്റെ നിലപാട് വിശദീകരിക്കുകയും ചെയ്തു. ഭാവിയിൽ ഇത്തരം പരാമർശങ്ങൾ നടത്തരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു''- ദിലീപ് ഘോഷ് പി.ടി.ഐയോട് പറഞ്ഞു. എന്നാൽ ദിലീപ് ഘോഷിന്റെ പരാമർശങ്ങളിൽ നിലപാട് സ്വീകരിക്കാതിരുന്ന സംസ്ഥാന ബിജെപി ഘടകം ഇക്കാര്യം ദേശീയ ഘടകത്തെ അറിയിക്കുകയായിരുന്നു. ദിലീപ് ഘോഷ് നടത്തിയത് വ്യക്തിപരമായ അഭിപ്രായമാണെന്നും പാർട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ സുകാന്ത മജുംദാർ വ്യക്തമാക്കി.
സിബിഐ ഉദ്യോഗസ്ഥർക്ക് തൃണമൂൽ കോൺഗ്രസുമായി വഴിവിട്ട ബന്ധമുണ്ടായതിനാൽ പശ്ചിമ ബംഗാളിലെ അഴിമതി കേസുകൾ അന്വേഷിക്കാനും അന്വേഷണം വേഗത്തിലാക്കാനും ധനമന്ത്രാലയം ഇ.ഡിയെ അയച്ചതായി ഞായറാഴ്ച ദിലീപ് ഘോഷ് അറിയിച്ചിരുന്നു.
Adjust Story Font
16