Quantcast

സുനെഹ്രി ബാഗ് മസ്ജിദ് മുതൽ ഷാഹി മസ്ജിദ് വരെ; ഡൽഹി അതോറിറ്റിയുടെ ബുൾഡോസർ ഭയക്കുന്ന ചില ഇടങ്ങൾ

നൂറ്റാണ്ടുകൾ പഴക്കമുള്ള മസ്ജിദുകൾക്ക് പേരുകേട്ടതാണ് ഡൽഹിയെന്നും ഒരു തീരുമാനവും ആകാതെ തന്നെ ഡിഡിഎ ചില പള്ളികൾ തിരഞ്ഞെടുത്ത് പൊളിക്കുകയാണെന്നും ചരിത്രകാരനായ സൊഹൈൽ ഹാഷ്മി

MediaOne Logo

Web Desk

  • Updated:

    2024-02-16 15:54:44.0

Published:

16 Feb 2024 3:49 PM GMT

Sunehri Bagh Masjid to Shahi Masjid; Some places fear the Delhi Authoritys bulldozers
X

ഷാഹി മസ്ജിദ് 

ന്യൂഡൽഹി: പ്രഭാത നമസ്‌കാരത്തിന് ആളെത്തുന്നതിന് മുമ്പേ ബുൾഡോസറുമായെത്തി അറുന്നൂറ് വർഷത്തിലേറെ പഴക്കമുള്ള മെഹ്റൗളി അഖുൻജി മസ്ജിദ് ഡൽഹി ഡവലപ്‌മെൻറ് അതോറിറ്റി (ഡി.ഡി.എ) പൊളിച്ചത് ഈയിടെയാണ്. സ്ഥലം അളന്നുതിട്ടപ്പെടുത്താൻ കോടതി ഉത്തരവുണ്ടായിട്ടും അത് പാലിക്കാതെ നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളിയും മദ്റസയും പൊളിച്ചത് ഏറെ വിമർശിക്കപ്പെട്ടിരുന്നു. ഇതുപോലെ ഒട്ടനവധി മുസ്‌ലിം ആരാധനാലയങ്ങളും പഠനകേന്ദ്രങ്ങളും പൊളിച്ചുനീക്കാൻ ഡൽഹി ഡെവലപ്മെന്റ് അതോറിറ്റി ഒരുക്കം തുടങ്ങിയിരിക്കുകയാണ്. സുനെഹ്രി ബാഗ് മസ്ജിദ് മുതൽ ഷാഹി മസ്ജിദ് വരെ നീണ്ടുകിടക്കുന്നതാണ് ആ പട്ടിക.

ഡൽഹിയിലെ ധൗല കുവാനിലാണ് ഡി.ഡി.എ പൊളിക്കാൻ തീരുമാനിച്ച ഷാഹി മസ്ജിദ്. കംഗൽ ഷാ ഖബർസ്ഥാനോട് ചേർന്നുള്ള ഈ മസ്ജിദിൽ ഇപ്പോഴും വെള്ളിയാഴ്ചകളിൽ നൂറുകണക്കിന് മുസ്‌ലിംകൾ പ്രാർത്ഥിക്കാൻ ഒത്തുകൂടാറുണ്ട്. മസ്ജിദും മദ്രസയും നിലകൊള്ളുന്ന ഭാഗം സെൻട്രൽ റിഡ്ജ് സംരക്ഷിത വനമേഖലയാണെന്നാണ് ഡി.ഡി.എ അവകാശപ്പെടുന്നത്. ഇവിടെ താമസിക്കുന്നതും വാണിജ്യ പ്രവർത്തനങ്ങൾ നടത്തുന്നതും നിരോധിച്ചതായും പറയുന്നു. കെട്ടിടം തകർക്കാൻ ഡൽഹി സർക്കാരിന്റെ മതപരമായ സമിതി അനുമതി നൽകിയിട്ടുണ്ടെന്നും ഡിഡിഎ അവകാശപ്പെടുന്നു. ഡൽഹി ഹൈക്കോടതി വിധി അനുസരിച്ചാകും കെട്ടിടത്തിന്റെ ഭാവി.

ഷാഹി മസ്ജിദിന് നൂറ് വർഷത്തിലധികം പഴക്കമുണ്ടെന്നാണ് പ്രദേശത്തെ മുസ്‌ലിംകളും മസ്ജിദ് കമ്മിറ്റിയും ഇമാമും അവകാശപ്പെടുന്നത്. 'ഇതെങ്ങനെയാണ് പെട്ടെന്ന് ഒരു കയ്യേറ്റമാകുന്നത്? ഇത് ഞങ്ങളുടെ ചരിത്രമാണ്' മസ്ജിദ് കമ്മിറ്റി ജനറൽ സെക്രട്ടറിയായ 60കാരൻ മുഹമ്മദ് യൂനുസ് പറയുന്നു.

തകർക്കപ്പെട്ട അഖുൻജി മസ്ജിദ് പ്രദേശം

മെഹ്റോളിയിൽ പതിമൂന്നാം നൂറ്റാണ്ടിൽ നിർമിച്ച അഖുൻജി മസ്ജിദും അതിനോട് ചേർന്നുള്ള മദ്രസയും ജനുവരി 30ന് ബുൾഡോസറുകൾ തകർത്തപ്പോഴും ഇതേ ചോദ്യം ഉയർന്നിരുന്നു. ഉത്തര ആരവല്ലി പുള്ളിപ്പുലി വന്യജീവി ഇടനാഴിയുടെ ഭാഗമായ ഡൽഹി റിഡ്ജിന്റെ തെക്ക് ഭാഗത്താണ് മസ്ജിദ് സ്ഥിതി ചെയ്യുന്നതെന്നാണ് ഡി.ഡി.എ പറഞ്ഞത്. എന്നാൽ 1957-ൽ സ്ഥാപിതമായ ഡിഡിഎ, അതിനെക്കാൾ നൂറുകണക്കിന് വർഷങ്ങൾ പഴക്കമുള്ള മെഹ്റൗളി പള്ളിയെ കൈയേറ്റമാണെന്നാണ് പറയുന്നതെന്ന് കോൺഗ്രസ് എം.പി ഇമ്രാൻ പ്രതാപഗർഹി വിമർശിച്ചിരുന്നു. 1853-1854 കാലഘട്ടങ്ങളിൽ മസ്ജിദ് അറ്റകുറ്റപണി നടത്തിയെന്ന് 1922-ലെ എഎസ്‌ഐ പ്രസിദ്ധീകരണത്തിൽ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, ഷാഹി മസ്ജിദിനെതിരെയും ഡി.ഡി.എയുടെ ബുൾഡോസർ വരുമോ എന്ന ആശങ്കയിലാണ് യൂനുസ്. കഴിഞ്ഞ വർഷം പള്ളി പൊളിക്കുന്നതിന് അവർ നോട്ടീസ് നൽകിയിരുന്നുവെന്നും തുടർന്ന് കമ്മിറ്റി ഭാരവാഹികൾ ഡിഡിഎയെ സമീപിച്ചപ്പോൾ അവിടെ ഒരു പള്ളി ഉണ്ടായിരുന്നില്ലെന്ന് അധികൃതർ പറഞ്ഞുവെന്നുമാണ് യൂനുസ് പറയുന്നത്.

ഷാഹി മസ്ജിദ്, മദ്രസ, ഖബർസ്ഥാൻ (ശ്മശാനം) എന്നിവയുടെ കമ്മിറ്റി വിഷയം ചൂണ്ടിക്കാട്ടി ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. 2024 ജനുവരി 31 വരെ നിർബന്ധിത നടപടികളൊന്നും സ്വീകരിക്കരുതെന്നാണ് 2023 നവംബറിൽ ഹരജി പരിഗണിച്ച കോടതി ഡിഡിഎയോട് നിർദേശിച്ചത്. ഈ സ്റ്റേ നീക്കാൻ വികസന അതോറിറ്റി അപേക്ഷിച്ചപ്പോൾ, ഫെബ്രുവരി 14ന് ഡൽഹി ഹൈക്കോടതി കമ്മിറ്റിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഡിഡിഎയുടെ ഹരജിയോട് 10 ദിവസത്തിനകം പ്രതികരിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. എന്തടിസ്ഥാനത്തിലാണ് നടപടിയെടുക്കാൻ ആഗ്രഹിക്കുന്നതെന്ന് ഫെബ്രുവരി 29 ന് കേസ് വീണ്ടും കേൾക്കുമ്പോൾ വിശദീകരിക്കാൻ ഡിഡിഎയുടെ നിയമോപദേശകനോടും ജഡ്ജി ആവശ്യപ്പെട്ടിട്ടുണ്ട്.

100 വർഷങ്ങൾക്ക് മുമ്പ് സൂഫിയായ ബാബ കംഗൽ ഷായാണ് ഷാഹി മസ്ജിദ് നിർമിച്ചതെന്നാണ് മൂന്ന് തലമുറകളായി ഷാഹി മസ്ജിദിന്റെ പരിപാലക കുടുംബാംഗമായ മുംതാസ് ഖാൻ പറയുന്നത്. മുംതാസ് ഖാന്റെ പിതാവിനെയും മുത്തച്ഛനെയും പള്ളി വളപ്പിനുള്ളിലെ കംഗൽ ഷാ ഖബർസ്ഥാനിൽ അടക്കം ചെയ്തതായും വ്യക്തമാക്കുന്നു. ആദ്യം നിർമിച്ച ചെറിയ കെട്ടിടം പിന്നീട് നവീകരിച്ചതായും കാലക്രമേണ മസ്ജിദിനോട് ചേർന്ന് ഖബർസ്ഥാനും മദ്രസയും ഉയർന്നു വന്നതായും പറയുന്നു. നിലവിൽ ഈ പള്ളിയിൽ 250-ലധികം ആളുകൾ ജുമുഅ പ്രാർത്ഥനയ്ക്കായി എത്താറുണ്ടെന്ന് ദൗല കുവാനിൽ കാർ വർക്ക്‌ഷോപ്പ് നടത്തുകയും കഴിഞ്ഞ 35 വർഷമായി മസ്ജിദുമായി ബന്ധപ്പെടുകയും ചെയ്യുന്ന യൂനുസ് പറയുന്നു. ഷാഹി മസ്ജിദിന് പിന്നിലെ മദ്രസയിൽ അനാഥരടക്കം 50 ഓളം വിദ്യാർത്ഥികൾ താമസിക്കുന്നുണ്ടെന്നും ഇവർ എവിടെ പോകുമെന്നും യൂനുസ് ചോദിക്കുന്നു.

നൂറ്റാണ്ടുകൾ പഴക്കമുള്ള മസ്ജിദുകൾക്ക് പേരുകേട്ടതാണ് ഡൽഹിയെന്നും ഒരു തീരുമാനവും ആകാതെ തന്നെ ഡിഡിഎ ചില പള്ളികൾ തിരഞ്ഞെടുത്ത് പൊളിക്കുകയാണെന്നും ധൗല കുവാനിലേത് ഇത്തരത്തിൽ ഒന്നാണെന്നും ചരിത്രകാരനായ സൊഹൈൽ ഹാഷ്മി പറഞ്ഞതായി ദി പ്രിന്റ് റിപ്പോർട്ട് ചെയ്തു.

പുരാതന നിർമിതികളിൽ ഡിഡിഎ ഇടപെടുന്നതിനെയും ഹാഷ്മി ചോദ്യം ചെയ്തു. 'അത് ചെയ്യേണ്ടത് എഎസ്‌ഐയും പുരാവസ്തു വകുപ്പുകളും ആയിരിക്കണം. ഡിഡിഎയുടെ മതവിഭാഗമല്ല തീരുമാനമെടുക്കേണ്ടത്' അദ്ദേഹം പറഞ്ഞു. പ്രദേശത്തെ വിദഗ്ധർ, ചരിത്രകാരന്മാർ, പുരാവസ്തു ഗവേഷകർ എന്നിവരുമായി കൂടിയാലോചിച്ച് ദീർഘകാല നയം രൂപപ്പെടുത്തേണ്ടതുണ്ടെന്നും ചരിത്രകാരൻ നിർദേശിച്ചു. എല്ലാ പഴയ നിർമിതികളും പട്ടികയായി രേഖപ്പെടുത്തേണ്ടതുണ്ടെന്നും പറഞ്ഞു.

സുനെഹ്രി ബാഗ് മസ്ജിദ്

ഷാഹി മസ്ജിദിൽനിന്ന് ഏകദേശം 10 കിലോമീറ്റർ അകലെ, ഉദ്യോഗ് ഭവന് സമീപമാണ് രണ്ട് നിലകളുള്ള സുനെഹ്രി ബാഗ് മസ്ജിദ് സ്ഥിതി ചെയ്യുന്നത്. നല്ല നിലയിലുള്ള ഈ മസ്ജിദിന് 2023 ജൂലൈയിലാണ് അധികൃതർ കുടിയൊഴിപ്പിക്കൽ നോട്ടീസ് അയച്ചത്. മൗലാന ആസാദ് റോഡ്, മോത്തിലാൽ നെഹ്റു മാർഗ്, കാമരാജ് റോഡ് എന്നിവ ചേരുന്ന കവലയിലാണ് ഈ പള്ളി നിലകൊള്ളുന്നത്.

ന്യൂഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെ കയ്യേറ്റ വിരുദ്ധ നീക്കങ്ങളുടെ ഭാഗമായി 2023 ഏപ്രിലിൽ പൊളിച്ചുമാറ്റിയ രണ്ട് മസാറുകൾ റോഡിന്റെ എതിർവശത്താണുണ്ടായിരുന്നത്. 'എന്നാൽ ആ മസാറുകളും ഈ പള്ളിയും നടപ്പാതകൾ നിർമിക്കപ്പെടുന്നതിന് മുമ്പ് നിലനിന്നിരുന്നു'വെന്നാണ് സുനെഹ്രി ബാഗ് മസ്ജിദിന്റെ ഇമാം 48 കാരനായ അബ്ദുൽ അസീസ് വ്യക്തമാക്കുന്നത്.

വാസ്തുവിദ്യയുടെയും ചരിത്രപ്രാധാന്യത്തിന്റെയും അടിസ്ഥാനത്തിൽ സുനെഹ്രി ബാഗ് മസ്ജിദ് ക്ലാസ് മൂന്നിൽപ്പെടുന്നതാണെന്നാണ് ഹാഷ്മി ചൂണ്ടിക്കാണിക്കുന്നത്. സ്വതന്ത്ര സമരസേനാനിയും ഭരണഘടനാ നിർമാണ സമിതി അംഗവുമായ മൗലാന ഹസ്രത് മൊഹാനി ഈ പള്ളിയിൽ നിത്യമായി എത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വാഹന ഗതാഗതം എളുപ്പമാക്കാൻ പള്ളി പൊളിക്കുന്നതിനെ കുറിച്ച് വിവിധ പത്രങ്ങളിൽ ഡിസംബർ 24ന് എൻഡിഎംസി പൊതുജനാഭിപ്രായം തേടിയിരുന്നു.

17ാം നൂറ്റാണ്ടിലുള്ള വാസ്തു വിദ്യപ്രകാരം നിർമിച്ചതാണ് സുനെഹ്‌രി ബാഗ് മസ്ജിദെന്നാണ് ചരിത്രകാരനായ സ്വപ്‌ന ലിഡ്ഡ്‌ലെ പറയുന്നത്. തൊട്ടടുത്തുള്ള റോഡുകൾ 1910നും 1920 നും ഇടയിൽ നിർമിച്ചതാണെന്നും ചൂണ്ടിക്കാട്ടുന്നു.

ഗുലാം നബി ആസാദ്, മൻസൂർ അലി ഖാൻ പട്ടൗഡി, സികെ ജാഫർ ഷെരീഫ്, സലീം ഇഖ്ബാൽ ഷെർവാനി, ഗനി ഖാൻ ചൗധരി എന്നിവരടക്കം നിരവധി പ്രമുഖർ ഈ പള്ളിയിൽ നമസ്‌കാരത്തിന് എത്തിയിരുന്നുവെന്നാണ് ഇമാം അസീസ് പറയുന്നത്.

ആംആദ്മി സർക്കാറും ലഫ്റ്റനന്റ് ഗവർണറും തമ്മിൽ

വിവിധ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആം ആദ്മി പാർട്ടി (എഎപി) സർക്കാറും ന്യൂഡൽഹി ലഫ്റ്റനന്റ് ഗവർണർ വി കെ സക്സേനയും തമ്മിലുള്ള തർക്കമായും മാറിയിരിക്കുകയാണ്. അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി ക്ഷേത്രങ്ങളും മസാറുകളും ഗുരുദ്വാരകളും തകർക്കുന്നത് തടയാൻ സക്സേനയോട് ആവശ്യപ്പെട്ട് കഴിഞ്ഞ ഫെബ്രുവരിയിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പത്രസമ്മേളനം നടത്തിയിരുന്നു. 67 ക്ഷേത്രങ്ങൾ, ആറ് മസാറുകൾ (ആരാധനാലയങ്ങൾ), ഒരു ഗുരുദ്വാര എന്നിവ തകർക്കുന്നതുമായി ബന്ധപ്പെട്ട് 19 ഫയലുകൾ തന്റെ പക്കലുണ്ടെന്ന് അന്ന് സിസോദിയ പറഞ്ഞു. വാസ്തവത്തിൽ, ആ മാസം തന്നെ, ഡൽഹി ഹൈക്കോടതി ഉത്തരവിനെത്തുടർന്ന്, പുരാതന ശിവക്ഷേത്രത്തിന്റെ ഒരു ഭാഗവും ഐടിഒയിലെ ഒരു മുസ്‌ലിം പള്ളിയും പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) തകർത്തിരുന്നതായാണ് ദി പ്രിന്റ് റിപ്പോർട്ടിൽ പറയുന്നത്. വിഷയത്തിൽ അവർ ഡിഡിഎയെ സമീപിച്ചപ്പോൾ പ്രതികരിച്ചില്ലെന്നും പറഞ്ഞു.

ബംഗാളി മാർക്കറ്റ് മസ്ജിദ്‌

2023 ഏപ്രിലിൽ ന്യൂഡൽഹി മുൻസിപ്പൽ കൗൺസിൽ ബംഗാളി മാർക്കറ്റിലെ പള്ളിയുടെ ഒരു ഭാഗം പൊളിച്ചിരുന്നു. കയ്യേറ്റമെന്ന് ആരോപിച്ചായിരുന്നു ഈ നടപടി. ബംഗാളി മാർക്കറ്റ് മസ്ജിദിന്റെ ബാക്കി ഭാഗങ്ങളും പൊളിക്കുമെന്നാണ് സമുദായ അംഗങ്ങൾ ഭയപ്പെടുന്നത്. നൂറിലധികം കുട്ടികൾ മദ്രസയിൽ താമസിച്ച് പഠിക്കുന്നതിനാൽ പ്രാദേശവാസികൾക്കിടയിൽ 'ബച്ചോൻ വാലി മസ്ജിദ്' എന്ന പേരിലും ഈ പള്ളി അറിയപ്പെടുന്നുണ്ട്.

'റോഡിൽ നിന്ന് 100 മീറ്റർ കൈയേറിയെന്നാണ് പൊളിക്കാനുള്ള കാരണമായി അവർ പറഞ്ഞത്. എന്നാൽ, മസ്ജിദിനൊപ്പം തന്നെ നിർമിച്ചതാണ് മതിലും. പിന്നെ അതെങ്ങനെ കയ്യേറ്റമാകും?' മസ്ജിദ് കമ്മിറ്റി ജനറൽ സെക്രട്ടറി ഹാഫിസ് മത്ലൂബ് ചോദിച്ചു. നഗരത്തിന്റെ പൈതൃകത്തെക്കുറിച്ച് അധികാരികൾ ശ്രദ്ധിക്കുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, 150 വർഷം പഴക്കമുള്ള മസ്ജിദ് കയ്യേറ്റമാണെന്ന് ആർക്കാണ് തെളിയിക്കാനാവുകയെന്ന് ആർക്കിടെക്റ്റും അർബൻ പ്ലാനറുമായ എജി കൃഷ്ണമേനോൻ ചോദിച്ചു. പഴയ നിർമിതികളുടെ കാര്യം വരുമ്പോൾ പൊതുജനാഭിപ്രായം തേടേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു. മസ്ജിദുകളും മസാറുകളും ക്ഷേത്രങ്ങളും ശ്മശാനങ്ങളും സമൂഹത്തിന്റെ ഓർമകളുടെ കലവറയാണെന്നും ചൂണ്ടിക്കാട്ടി.

''നഗരം ചരിത്രത്തിന്റെ പാളികളിലാണ് നിർമിച്ചിരിക്കുന്നത്. ഈ മസ്ജിദുകളും മസാറുകളും ഡൽഹിയുടെ ചരിത്രത്തിന്റെ പാളികളാണ്' അദ്ദേഹം പറഞ്ഞു. അവ നീക്കം ചെയ്യപ്പെടുകയാണെങ്കിൽ നഗരം വിരസമായി മാറുമെന്നും ഓർമിപ്പിച്ചു.

'ഓർമ വളരെ പ്രധാനമാണ്. ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കാൻ ഈ പൊളിക്കലുകൾ ആവശ്യമാണെന്നാണ് ആഖ്യാനം. തീർച്ചയായും, നിങ്ങൾക്ക് ഒരു പുതിയ ഇന്ത്യ ഉണ്ടാക്കാം, പക്ഷേ അതിനായി നിങ്ങൾക്ക് പഴയ ഇന്ത്യയെ തകർക്കാൻ കഴിയില്ല. പുതിയ ഇന്ത്യയെ പഴയതിനോട് ചേർത്താൽ മതി' മേനോൻ പറഞ്ഞു.

(വിവരങ്ങൾക്കും ചിത്രങ്ങൾക്കും കടപ്പാട് ദി പ്രിൻറ്)

TAGS :

Next Story