മാതാപിതാക്കളെ കൊലപ്പെടുത്തിയ യുവാവ് വീട് പൂട്ടി സ്ഥലംവിട്ടു
ശരത്തും മാതാപിതാക്കളും തമ്മിലെ പതിവ് വഴക്കാണെന്ന് കരുതിയ അയൽവാസികൾ വന്നുനോക്കിയില്ല.
ബംഗളൂരു: വൃദ്ധരായ മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം വീട് പുറത്തുനിന്ന് പൂട്ടി യുവാവ് സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. ബംഗളൂരുവിലാണ് സംഭവം. കൊഡേഗഹള്ളിയില്‍ താമസിക്കുന്ന ഭാസ്‌കറും (61) ശാന്തയുമാണ് (60) കൊല്ലപ്പെട്ടത്. 27കാരനായ ഇളയ മകന്‍ ശരത്താണ് പ്രതി.
തിങ്കളാഴ്ച രാത്രി 8.30നും 9നും ഇടയിലാണ് കൊലപാതകം നടന്നതെന്ന് നോർത്ത് ഈസ്റ്റ് ബംഗളൂരു ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ബി.എം ലക്ഷ്മി പ്രസാദ് പറഞ്ഞു. ദമ്പതികൾ സഹായത്തിനായി നിലവിളിച്ചെങ്കിലും അത് ശരത്തും മാതാപിതാക്കളും തമ്മിലെ പതിവ് വഴക്കാണെന്ന് കരുതിയ അയൽവാസികൾ വന്നുനോക്കിയില്ല.
ദമ്പതികളുടെ മൂത്ത മകനായ സജിത്ത് മാതാപിതാക്കളെ ഫോണിൽ വിളിച്ചെങ്കിലും ലഭിച്ചില്ല. നഗരത്തില്‍ മറ്റൊരിടത്തു താമസിക്കുന്ന സജിത്ത് മാതാപിതാക്കളെ അന്വേഷിച്ച് വീട്ടിലെത്തി. അപ്പോള്‍ വീട് പുറത്തുനിന്ന് പൂട്ടിയ നിലയിൽ കണ്ടെത്തി. സജിത്ത് വാതിൽ ചവിട്ടിത്തുറന്നപ്പോള്‍ മാതാപിതാക്കളെ രക്തത്തിൽ കുളിച്ചുകിടക്കുന്നതാണ് കണ്ടത്. മൂര്‍ച്ചയുള്ള ആയുധം കൊണ്ടുള്ള ആക്രമണത്തില്‍ തലയ്ക്ക് പരിക്കേറ്റാണ് ഇരുവരും മരിച്ചത്. സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
ശാന്ത വിരമിച്ച സർക്കാർ ജീവനക്കാരിയാണ്. ഭാസ്‌കർ സർക്കാർ ഓഫീസ് സമുച്ചയമായ ഖനിജഭവനിലെ കാന്റീനിൽ കാഷ്യറായിരുന്നു. ദക്ഷിണ കന്നഡ ജില്ലയിലെ ഉള്ളാൽ സ്വദേശികളായ കുടുംബം 12 വർഷം മുമ്പ് മക്കളുമായി ബംഗളൂരുവിലേക്ക് താമസം മാറുകയായിരുന്നു. ശരത്തും മാതാപിതാക്കളും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശരത്തിനെ പിടികൂടാന്‍ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു.
Summary- A 27-year-old man allegedly bludgeoned his aged parents to death in the city and fled the spot after locking up the house from outside, police said.
Adjust Story Font
16