'ശ്രീരാമനാല്‍ സ്വാധീനിക്കപ്പെട്ടു'; സ്വന്തം ചര്‍മ്മത്തില്‍ നിന്ന് പാദരക്ഷകള്‍ നിര്‍മ്മിച്ച് അമ്മയ്ക്ക് സമ്മാനിച്ച് മകന്‍
ഉജ്ജയിനിലെ സാന്ദിപനി നഗറിലെ അഖാഡ ഗ്രൗണ്ടില്‍ ഏഴു ദിവസത്തെ ഭഗവത് കഥയ്ക്കിടെയാണ് സംഭവം
ഭോപ്പാല്‍: അമ്മയ്ക്ക് സ്വന്തം ചര്‍മ്മത്തില്‍ നിന്ന് നിര്‍മ്മിച്ച പാദരക്ഷകള്‍ സമ്മാനമായി നല്‍കി ശ്രദ്ധനേടി മധ്യപ്രദേശിലെ ഉജ്ജയിനിലെ റൗണക് ഗുര്‍ജാര്‍. ശ്രീരാമന്റെ കഥാപാത്രം സ്വാധീനിച്ചതാണ് ഗുര്‍ജറിന്റെ ഈ നീക്കത്തിന് കാരണം. ഉജ്ജയിനിലെ സാന്ദിപനി നഗറിലെ അഖാഡ ഗ്രൗണ്ടില്‍ ഏഴു ദിവസത്തെ ഭഗവത് കഥയ്ക്കിടെയാണ് സംഭവം.
പൊലീസുകാരില്‍ നിന്ന് കാലില്‍ വെടിയേറ്റിരുന്ന ഗുര്‍ജാര്‍ തുടയില്‍ നിന്ന് തൊലി നീക്കം ചെയ്താണ് പാദരക്ഷ നിര്‍മ്മിച്ചതെന്ന് ടൈംസ് നൗവ് റിപ്പോര്‍ട്ട് ചെയ്തു. നീക്കം ചെയ്ത തൊലി ചെരുപ്പുണ്ടാക്കുന്ന ആള്‍ക്ക് കൊടുത്ത് അമ്മയ്ക്ക് വേണ്ട സമ്മാനം ഉണ്ടാക്കുകയായിരുന്നു ഗുര്‍ജാര്‍.
'ഞാന്‍ പതിവായി രാമായണം പാരായണം ചെയ്യാറുണ്ട്. ശ്രീരാമന്റെ കഥാപാത്രം എന്നെ ആഴത്തില്‍ സ്വാധീനിച്ചു. സ്വന്തം അമ്മയ്ക്ക് വേണ്ടി ചര്‍മ്മത്തില്‍ നിന്ന് ചെരുപ്പ് ഉണ്ടാക്കിയാലും മതിയാവില്ലെന്ന് ശ്രീരാമന്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഈ ആശയം ഉള്‍ക്കൊണ്ടാണ് എന്റെ ചര്‍മ്മത്തില്‍ നിന്ന് പാദരക്ഷകള്‍ ഉണ്ടാക്കി എന്റെ അമ്മയ്ക്ക് സമ്മാനിക്കാന്‍ ഞാന്‍ തീരുമാനിച്ചത്' ഗുര്‍ജാറിനെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.
'മാതാപിതാക്കളുടെ കാല്‍ച്ചുവട്ടിലാണ് സ്വര്‍ഗ്ഗം എന്ന് സമൂഹത്തോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പിതാവ് സ്വര്‍ഗത്തിലേക്കുള്ള ഗോവണിയാണ്, അമ്മ നമ്മളെ അവിടേക്ക് എത്തിക്കും'. ഗുര്‍ജാറിനെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.
സമ്മാനം നല്‍കിയപ്പോള്‍ ഗുര്‍ജറിന്റെ അമ്മ വികാരഭരിതയായി. 'റോണക്കിനെപ്പോലെ ഒരു മകനെ കിട്ടിയത് ഭാഗ്യമായി കരുതുന്നു. ദൈവം അവനെ എല്ലാ പ്രയാസങ്ങളില്‍ നിന്നും സംരക്ഷിക്കുകയും ദുഃഖമില്ലാത്ത ഒരു ജീവിതം നല്‍കി അനുഗ്രഹിക്കുകയും ചെയ്യട്ടെ' ഗുര്‍ജറിന്റെ അമ്മയെ ഉദ്ധരിച്ച് ദി ഫ്രീ പ്രസ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
Adjust Story Font
16