തലപ്പാവ് അണിയാമെങ്കിൽ ഹിജാബും ധരിക്കാം; പിന്തുണയുമായി നടി സോനം കപൂർ
ഇൻസ്റ്റഗ്രാമിലാണ് നടിയുടെ പ്രതികരണം
മുംബൈ: ഹിജാബ് വിവാദത്തിൽ പ്രതികരണവുമായി ബോളിവുഡ് നടി സോനം കപൂർ. തലപ്പാവ് അണിയാമെങ്കിൽ ഹിജാബും ധരിക്കാമെന്ന് സോനം പറഞ്ഞു. ഇൻസ്റ്റഗ്രാമിലാണ് നടിയുടെ പ്രതികരണം.
'തലപ്പാവ് ഒരു ചോയ്‌സാണ് എങ്കിൽ എന്തു കൊണ്ട് ഹിജാബും അങ്ങനെയല്ല' -എന്നാണ് ഇൻസ്റ്റഗ്രാമിൽ സോനം ചോദിച്ചത്. കർണാടകയിലെ സ്‌കൂളുകളിൽ ഹിജാബ് ധരിക്കാനുള്ള വിദ്യാർത്ഥികളുടെ അവകാശസമരം നടന്നുകൊണ്ടിരിക്കെയാണ് അവർ വിഷയത്തിൽ നിലപാടെടുക്കുന്നത്.
സമരത്തെ പിന്തുണച്ച് നേരത്തെ നടിയും കോൺഗ്രസ് നേതാവുമായ നഗ്മയും രംഗത്തെത്തിയിരുന്നു. യോഗിക്കും പ്രഗ്യ സിങ് ഠാക്കൂറിനും ഇഷ്ടവസ്ത്രം ധരിക്കാമെങ്കിൽ എന്തു കൊണ്ട് മറ്റുള്ളവർക്ക് അതായിക്കൂടാ എന്നായിരുന്നു അവരുടെ ചോദ്യം.
'യോഗി ആദിത്യനാഥ് അദ്ദേഹത്തിന്റെ വേഷം അണിയുന്നുണ്ട്. പ്രഗ്യ സിങ്ങിനെ പോലുള്ള ബിജെപി എംപിമാരും അവരുടെ വസ്ത്രങ്ങൾ ധരിക്കുന്നു. മതവികാരത്തെ മാനിക്കേണ്ടതുണ്ട്. അത് അവരുടെ ആവിഷ്‌കാര സ്വാതന്ത്ര്യമാണ്. എന്തു ധരിക്കണം, എന്തു പറയണം എന്നതെല്ലാം അവരവരുടെ സ്വാതന്ത്ര്യമാണ്. ബിജെപിയുടെ വികസന മുരടിപ്പിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണിത്. കോളജിൽ (കർണാടക) പ്രതിഷേധിക്കുന്നവരിൽ തൊണ്ണൂറു ശതമാനവും പുറത്തുനിന്നുള്ളവരാണ്. ഈ ഗുണ്ടകളെല്ലാം പുറത്തുനിന്നു വരുന്നവരാണ്. അതേക്കുറിച്ച് ഉത്കണ്ഠയുണ്ട്.' - അവർ പറഞ്ഞു.
അതിനിടെ, ഹിജാബ് നിയന്ത്രണത്തിനെതിരായ ഹരജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രിംകോടതി വെള്ളിയാഴ്ച വ്യക്തമാക്കി. ഉചിതമായ സമയത്ത് ഇടപെടാം. വിഷയം ദേശീയ തലത്തിൽ ചർച്ച ചെയ്യുന്നത് ശരിയല്ലെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ വ്യക്തമാക്കി.
ഹിജാബ് കേസിൽ തീരുമാനമെടുക്കുന്നത് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നത് ഒഴിവാക്കണമെന്ന് കർണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം വിദ്യാർഥികളോട് നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കർണാടകയിലെ ഒരു പെൺകുട്ടി സുപ്രീംകോടതിയെ സമീപിച്ചത്.
Adjust Story Font
16