രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങിന് സോണിയ ഗാന്ധിക്കും ക്ഷണം
അദ്വാനിയും ജോഷിയും ചടങ്ങിനെത്തുമെന്ന് സൂചന
ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങിന് സോണിയ ഗാന്ധിക്കും ക്ഷണം. ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അധികൃതരാണ് സോണിയ ഗാന്ധിയെ ക്ഷണിച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവർക്കും ക്ഷണക്കത്ത് അയച്ചതായി ട്രസ്റ്റ് അധികൃതർ വ്യക്തമാക്കി. എന്നാൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ ചടങ്ങിൽ പങ്കെടുക്കുമോ എന്നതിൽ വ്യക്തതയില്ല.
ജനുവരി 22 നാണ് പ്രതിഷ്ഠ ചടങ്ങ്. മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ, മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് എന്നിവരെയും പ്രതിനിധി സംഘം സന്ദർശിച്ച ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നാണ് വിവരം. മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീലിനും ക്ഷണക്കത്ത് അയച്ചിട്ടുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികളെയും അധ്യക്ഷൻമാരെയും ക്ഷണിച്ചേക്കും.എന്നാൽ സംസ്ഥാന മുഖ്യമന്ത്രിമാരെയും ഗവർണർമാരെയും ക്ഷണിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യകതത വരേണ്ടതുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭഗവത്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ചടങ്ങിന് എത്തും. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് ബി.ജെ.പിയുടെ മുതിർന്ന നേതാക്കളായ എൽ.കെ അദ്വാനിയും മുരളീമനോഹർ ജോഷിയും എത്തുമെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്. ഇരുവരെയും വിശ്വഹിന്ദു പരിഷത്തിന്റെ നേതാക്കൾ നേരിട്ട് ക്ഷണിച്ചിരുന്നു. നേരത്തെ അദ്വാനിയും മുരളീമനോഹർ ജോഷിയും ആരോഗ്യപ്രശ്നങ്ങൾ കാരണം ചടങ്ങിന് വരേണ്ടെന്ന് അയോധ്യ ക്ഷേത്രം ട്രസ്റ്റ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരെയും വി.എച്ച്.പി നേതാക്കൾ നേരിട്ട് ക്ഷണിച്ചത്.
Adjust Story Font
16