വിമർശനങ്ങളെ മറികടക്കാൻ പുതിയ നീക്കം; നേതൃത്വത്തിൽ വീണ്ടും സജീവമായി സോണിയാ ഗാന്ധി
ഗുലാം നബി ആസാദ്, ആനന്ദ് ശർമ, മനീഷ് തിവാരി തുടങ്ങിയ നേതാക്കളുമായി നേരിട്ട് ചർച്ച നടത്തി അവരുടെ പ്രതിഷേധം തണുപ്പിക്കാനുള്ള നീക്കവും സോണിയ നടത്തിയിരുന്നു.
അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിലുണ്ടായ കനത്ത പരാജയത്തെ തുടർന്ന് നേതൃത്വത്തിനെതിരെ ഉയർന്ന വിമർശനങ്ങളെ മറികടക്കാൻ പുതിയ നീക്കവുമായി സോണിയാ ഗാന്ധി. പ്രസിഡന്റ് പദവിയൊഴിഞ്ഞിട്ടും രാഹുൽ ഗാന്ധി നേതൃപരമായ തീരുമാനങ്ങളെടുക്കുന്നു എന്ന വിമർശനം മറികടക്കാൻ സോണിയാ ഗാന്ധി തന്നെ നേതൃത്വത്തിൽ സജീവമാവുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പാർട്ടിയിലും പാർലമെന്റിലും സോണിയ നടത്തുന്ന ഇടപെടലുകൾ ഇതിന് തെളിവാണ്.
തെരഞ്ഞെടുപ്പിൽ തോറ്റ അഞ്ചു സംസ്ഥാനങ്ങളിലെയും പിസിസി അധ്യക്ഷൻമാരോട് രാജിവെക്കാൻ ആവശ്യപ്പെട്ട സോണിയ എല്ലാ സംസ്ഥാനങ്ങളിലും തോൽവിയുടെ കാരണം പഠിക്കാൻ നേതാക്കളെ നിയോഗിച്ചിട്ടുണ്ട്. പഞ്ചാബിലെയും കേരളത്തിലെയും എംപിമാരുമായി കഴിഞ്ഞ ദിവസങ്ങളിൽ സോണിയാ ഗാന്ധി നേരിട്ട് ആശയവിനിമയം നടത്തിയിരുന്നു. സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള ദേശീയ സെമിനാറിൽ പങ്കെടുക്കുന്നതിൽനിന്ന് ശശി തരൂരിനെയും കെ.വി തോമസിനെയും വിലക്കിയത് സോണിയ നേരിട്ടാണ്.
പാർട്ടിയിൽ വിമത ശബ്ദമുയർത്തിയ ജി 23 നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമവും സോണിയാ ഗാന്ധി നടത്തുന്നുണ്ട്. ഗുലാം നബി ആസാദ്, ആനന്ദ് ശർമ, മനീഷ് തിവാരി തുടങ്ങിയ നേതാക്കളുമായി നേരിട്ട് ചർച്ച നടത്തി അവരുടെ പ്രതിഷേധം തണുപ്പിക്കാനുള്ള നീക്കവും സോണിയ നടത്തിയിരുന്നു.
പാർലമെന്റിലും രാഹുൽ ഗാന്ധിയെ ഇടപെടുവിക്കാതെ പ്രതിപക്ഷത്തിന്റെ നേതൃത്വം സോണിയ തന്നെ നേരിട്ട് ഏറ്റെടുക്കുന്നതാണ് കഴിഞ്ഞ ദിവസം കണ്ടത്. ഇന്ധന വിലവർധനവിനെതിരായ പ്രതിപക്ഷ പ്രതിഷേധം ബുധനാഴ്ച പാർലമെന്റിൽ നയിച്ചത് സോണിയാ ഗാന്ധിയാണ്. സമൂഹ മാധ്യമങ്ങളും സർക്കാറും തമ്മിൽ ഒത്തുകളിക്കുന്നതിനെതിരെയും സ്‌കൂൾ ഉച്ചഭക്ഷണ പരിപാടി പുനരാരംഭിക്കുന്നതിന് വേണ്ടിയും കഴിഞ്ഞ ദിവസങ്ങളിൽ സോണിയ പാർലമെന്റിൽ സംസാരിച്ചിരുന്നു.
Adjust Story Font
16