സോണിയ ഗാന്ധി ഇടക്കാല അധ്യക്ഷയായി തുടരും; നേതൃമാറ്റം തത്കാലം വേണ്ടെന്ന് കോണ്‍ഗ്രസ്
ലഖിംപൂരിൽ പ്രിയങ്കയുടെയും രാഹുലിന്‍റേയും ഇടപെടൽ ഗുണം ചെയ്തെന്നും കോൺഗ്രസ് വിലയിരുത്തല്‍
സോണിയ ഗാന്ധി കോണ്‍ഗ്രസിന്‍റെ ഇടക്കാല അധ്യക്ഷയായി തുടരും. നേതൃമാറ്റം എന്ന ജി 23 നേതാക്കളുടെ ആവശ്യത്തിനു തൽക്കാലം വഴങ്ങേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് തീരുമാനം. പ്രവർത്തക സമിതി യോഗം ശനിയാഴ്ച ചേരും. അതേ സമയം, ലഖിംപൂരിൽ പ്രിയങ്കയുടെയും രാഹുലിന്‍റേയും ഇടപെടൽ ഗുണം ചെയ്തെന്നാണ് കോൺഗ്രസ് വിലയിരുത്തല്‍.
ജി 23 യിലെ പ്രമുഖനായ ഗുലാം നബി ആസാദ് നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച പ്രവർത്തക സമിതി യോഗം വിളിച്ചു ചേർത്തിരിക്കുന്നത്. പഞ്ചാബിൽ കോൺഗ്രസ് സ്വീകരിച്ച സംഘടനാ നടപടികൾ പാർട്ടിക്ക് ദോഷം ചെയ്‌തെന്ന വിലയിരുത്തലിലാണ് യോഗത്തിന് കത്ത് നൽകിയത്. നേതൃമാറ്റത്തിലേക്കു നയിക്കുന്ന സാധ്യതകളാണ് കപിൽ സിബലും ശശി തരൂരും തുറന്നിട്ടിരിക്കുന്നത്. പ്രവർത്തക സമിതിയിൽ ഗുലാം നബി ആസാദും ആനന്ദ് ശർമയും മാത്രമാണ് നിലപാടിൽ ഉറച്ചു നിൽക്കുന്ന ജി 23 അംഗങ്ങൾ. പ്രവർത്തക സമിതിയിൽ ഇവർ ന്യൂനപക്ഷമായതിനാൽ ഔദ്യോഗിക പക്ഷം സ്വീകരിക്കുന്ന നിലപാടിനായിരിക്കും മുൻതൂക്കം.
തൽക്കാലം അധ്യക്ഷയായി സോണിയ ഗാന്ധി തുടരട്ടെ എന്ന തീരുമാനത്തിലാണ് ഔദ്യോഗിക പക്ഷത്തെ നേതാക്കൾ എത്തിയിരിക്കുന്നത്. ലഖീംപൂർ സംഭവത്തിൽ രാഹുൽ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും ഇടപെടൽ പാർട്ടിക്ക് ഉണർവ് നൽകിയിട്ടുണ്ടെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. സംഘടനാ തെരഞ്ഞെടുപ്പിനായി നടപടിക്രമങ്ങൾ പ്രഖ്യാപിച്ചു വിമത നേതാക്കളെ തണുപ്പിക്കാനും പദ്ധതിയുണ്ട്. ശനിയാഴ്ചയ്ക്ക് മുന്നേ പഞ്ചാബിലെ വീഴ്ചകൾ പരിഹരിക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം. കനയ്യകുമാറും ജിഗ്നേഷ് മേവാഗ്നിയും കോൺഗ്രസിൽ എത്തിയത് രാഹുലിന്‍റെ നേട്ടമായി ഔദ്യോഗിക പക്ഷം ഉയർത്തിക്കാട്ടുന്നു
കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് അധ്യക്ഷ സ്ഥാനം രാജി വെച്ച് രാഹുല്‍ ഗാന്ധി പോയപ്പോള്‍ താല്‍ക്കാലിക ക്രമീകരണം എന്ന നിലയ്ക്കാണ് സോണിയ ഗാന്ധിയെ കൊണ്ടുവന്നത്. രാഹുല്‍ ഗാന്ധിയെ തിരികെ കൊണ്ടുവരണമെന്ന മുറവിളിക്ക് പാര്‍ട്ടിയില്‍ പഴയ സ്വീകാര്യത ഇല്ല. പ്രിയങ്കഗാന്ധിയെ പരിഗണിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോള്‍ ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് പ്രിയങ്ക.
Adjust Story Font
16