ഇനി പോരാട്ടം കോൺഗ്രസിൽ; പഞ്ചാബിൽ 'ഗെയിം ചെയ്ഞ്ചറാ'കാൻ സോനു സൂദിന്റെ സഹോദരി
പഞ്ചാബ് മുഖ്യമന്ത്രി ചരൺജീത്ത് സിങ് ഛന്നിയും കോൺഗ്രസ് അധ്യക്ഷൻ നവ്‌ജ്യോത് സിങ് സിദ്ദുവും മോഗയിലെ സോനു സൂദിന്റെ വസതിയിലെത്തിയാണ് മാളവികയെ പാർട്ടിയിലേക്ക് സ്വീകരിച്ചത്
പഞ്ചാബിൽ ഗെയിം ചെയ്ഞ്ചറാകാൻ ബോളിവുഡ് നടനും സാമൂഹിക പ്രവർത്തകനുമായ സോനു സൂദിന്റെ സഹോദരി മാളവിക. ഇന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജീത്ത് സിങ് ഛന്നിയുടെയും കോൺഗ്രസ് അധ്യക്ഷൻ നവ്‌ജ്യോത് സിങ് സിദ്ദുവിന്റെയും സാന്നിധ്യത്തിൽ കോൺഗ്രസ് അംഗത്വം സ്വീകരിച്ച മാളവിക നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നാണ് അറിയുന്നത്. പോരാട്ടത്തിൽ സഹോദരിയെ പിന്തുണയ്ക്കുമെന്ന് സോനു സൂദ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
പഞ്ചാബിലെ മോഗ ജില്ലയിലുള്ള സൂദിന്റെ വസതിയിൽ നേരിട്ടെത്തിയാണ് ഛന്നിയും സിദ്ദുവും മാളവികയെ പാർട്ടിയിലേക്ക് സ്വീകരിച്ചത്. ഇവിടെ വച്ചായിരുന്നു മാളവിക രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്ന് കഴിഞ്ഞ നവംബറിൽ സോനു സൂദ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, ഏതു പാർട്ടിയിലാണ് ചേരുകയെന്ന കാര്യം അന്ന് വ്യക്തമാക്കിയിരുന്നില്ല. സിദ്ദുവിനൊപ്പമുള്ള സോനുവിന്റെയും മാളവികയുടെയും ചിത്രം പഞ്ചാബ് യൂത്ത് കോൺഗ്രസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. പഞ്ചാബിന്റെ ഭാവി തയാറെന്ന അടിക്കുറിപ്പോടെയായിരുന്നു ട്വീറ്റ്.
പാർട്ടി അധ്യക്ഷനും മുഖ്യമന്ത്രിയും ചേർന്ന് ഒരാളുടെ വീട്ടിലെത്തി ഇത്തരത്തിലൊരു അംഗീകാരം നൽകുന്നത് അപൂർവമാണെന്നാണ് സിദ്ദു പ്രതികരിച്ചത്. ക്രിക്കറ്റ് ലോകത്ത് ഇതിന് ഗെയിം ചെയ്ഞ്ചർ എന്നാണ് പറയുക. വിദ്യാസമ്പന്നയായ യുവതിയാണവർ. മുന്നോട്ടുള്ള ജീവിതത്തിൽ സോഫ്റ്റ്‌വെയർ എൻജിനീയറിങ് പഠനം അവരെ സഹായിക്കുമെന്നും സിദ്ദു പറഞ്ഞു.
കോൺഗ്രസ് ക്യാംപ് ഉണരുമോ?
ആഭ്യന്തര പ്രശ്നത്തിൽപെട്ടുഴലുന്ന കോൺഗ്രസിന് മാളവികയുടെ വരവ് കരുത്തും പ്രതീക്ഷയുമാകുമെന്നുറപ്പാണ്. മോഗ, ധരംകോട്ട്, നിഹാൽസിങ് വാല മണ്ഡലങ്ങളിൽ മാളവിക സ്വാധീനമുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്. മോഗയിൽനിന്നാകും ഇവർ മത്സരിക്കുക. മോഗയിൽ നിരവധി സേവന-കാരുണ്യ പ്രവർത്തനങ്ങളിലെ സജീവമുഖമാണ് ഇവർ. കഴിഞ്ഞ ദിവസം ഇവർ മോഗയിലെ ആയിരം വിദ്യാർത്ഥികൾക്ക് സൈക്കിൾ വിതരണം ചെയ്തിരുന്നു. സോനു സൂദും ചടങ്ങിൽ പങ്കെടുത്തിരുന്നു.
മോഗയിൽ 'മോഗി ദി ധീ' (മോഗയുടെ മകൾ) എന്ന ക്യാംപയിനും ഇവർ ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരി 14നാണ് പഞ്ചാബിലെ വോട്ടിങ്. കർഷക സമരം ഏറെ ശക്തമായ തലസ്ഥാനത്ത് ആം ആദ്മി പാർട്ടിയിൽനിന്നാണ് ഭരണകക്ഷിയായ കോൺഗ്രസ് വെല്ലുവിളി നേരിടുന്നത്. 117 അംഗ സഭയിൽ 77 സീറ്റാണ് കോൺഗ്രസിനുള്ളത്. ആം ആദ്മി പാർട്ടിക്ക് 20ഉം ശിരോമണി അകാലിദളിന് 15ഉം സീറ്റുണ്ട്. ഈയിടെ കോൺഗ്രസ് വിട്ട മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങുമായി സഹകരിച്ചാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
Adjust Story Font
16