കേരളവും തമിഴ്‌നാടും ചൈനീസ് ചാരക്കപ്പലിന്റെ റഡാറിലെന്ന് റിപ്പോർട്ട്; ആശങ്ക
ദക്ഷിണ ലങ്കൻ തുറമുഖത്താണ് ചൈനീസ് കപ്പല്‍ നങ്കൂരമിട്ടിട്ടുള്ളത്
മുംബൈ: ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് ചാരവൃത്തി പതിന്മടങ്ങ് വർധിച്ചതായി റിപ്പോർട്ട്. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ തുറമുഖങ്ങൾ ചൈനീസ് ചാരക്കപ്പലായ യുവാൻ വാങ് 5ന്റെ നിരീക്ഷണത്തിലാണെന്ന് വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഇകണോമിക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. ഇന്ത്യൻ സുരക്ഷാ ഏജൻസികൾക്ക് ഏറെ വെല്ലുവിളി ഉയർത്തുന്നതാണ് ചൈനീസ് നീക്കം.
ദക്ഷിണ ലങ്കൻ തുറമുഖമായ ഹംബൻതോതയിലാണ് കപ്പൽ നങ്കൂരമിട്ടിട്ടുള്ളത്. 2014 മുതൽ ലങ്കൻ തുറമുഖങ്ങളിലുള്ള മുങ്ങിക്കപ്പലുകളെ അപേക്ഷിച്ച് യുദ്ധക്കപ്പലിന്റെ പ്രഹര ശേഷി അതിമാരകമാണെന്ന് ഇകണോമിക് ടൈംസ് പറയുന്നു.
750 കിലോമീറ്ററിലേറെ ദൂരം കപ്പലിൽ നിന്ന് നേരിട്ടു നിരീക്ഷിക്കാനാകും. ഇതുപ്രകാരം കൽപ്പാക്കം, കൂടംകുളം, ഇന്ത്യൻ അതിർത്തിയിലുള്ള ആണവായുധ ഗവേഷണ കേന്ദ്രം എന്നിവയെല്ലാം കപ്പലിന്റെ നിരീക്ഷണ വലയത്തിൽ വരും. കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ എല്ലാ തുറമുഖങ്ങളും നിരീക്ഷിക്കാനാകും. ആറ് ദക്ഷിണേന്ത്യൻ തുറമുഖങ്ങളുടെ വിവരങ്ങളാണ് ചാരക്കപ്പൽ വഴി ചൈന ശേഖരിച്ചു കൊണ്ടിരിക്കുന്നതെന്ന് ഇകണോമിക്‌സ് ടൈംസ് പറയുന്നു.
വായ്പ തിരിച്ചടക്കാൻ കഴിയാത്തതിനെ തുടർന്ന് 2017ലാണ് തുറമുഖം ചൈനയ്ക്ക് 99 വർഷത്തേക്ക് പാട്ടത്തിന് നൽകിയത്. ഏഷ്യയിൽനിന്ന് യൂറോപ്പിലേക്കുള്ള പ്രധാന കപ്പൽപ്പാതയിലാണ് തുറമുഖമുള്ളത്. വിഷയത്തിൽ ഇന്ത്യയുടെ ആശങ്ക വിദേശകാര്യമന്ത്രാലയം ലങ്കൻ അധികൃതരെ അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ടു ചെയ്യുന്നു. ചൈനയുടെ യുവാൻ സാങ് സീരിസിലെ മൂന്നാം തലമുറ കപ്പലാണ് യുവാങ് വാങ് 5. ജിയാങ്‌നാൻ ഷിപ്പയാർഡ് നിർമിച്ച കപ്പൽ 2007ലാണ് കമ്മിഷൻ ചെയ്തത്.
അതേസമയം, തങ്ങളുടെ വ്യോമാതിർത്തി ഉപയോഗിച്ച് ചൈനീസ് കപ്പൽ സാറ്റലൈറ്റ് നിരീക്ഷണം നടത്തുന്നുണ്ടെന്ന ആരോപണം ലങ്കൻ പ്രതിരോധ മന്ത്രാലയം നിഷേധിച്ചു. ഇങ്ങനെയൊരു കപ്പൽ തന്നെ ഹംബൻതോത തുറമുഖത്തില്ലെന്നാണ് മന്ത്രാലയം പറയുന്നത്.
Adjust Story Font
16