Quantcast

‘സംഭൽ സംഘർഷത്തിന് പിന്നിൽ ബിജെപി, പൊലീസ് അനധികൃത ആയുധങ്ങൾ ഉപയോഗിച്ചു’; വസ്തുതാന്വേഷണ റിപ്പോർട്ടുമായി എസ്പി

‘അക്രമം ബിജെപിയും അവരെ പിന്തുണക്കുന്നവരും മുൻകൂട്ടി ആസൂത്രണം ചെയ്തതാണ്’

MediaOne Logo

Web Desk

  • Published:

    9 Jan 2025 12:44 PM GMT

sambhal violence
X

ലഖ്നൗ: ഉത്തർ പ്രദേശിലെ സംഭൽ ഷാഹി മസ്ജിദ് സർവേയുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ ബിജെപി​ക്കും പൊലീസിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സമാജ് വാദി പാർട്ടിയുടെ വസ്തുതാന്വേഷണ റിപ്പോർട്ട്. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് അനധികൃത ആയുധങ്ങളാണ് ഉപയോഗിച്ചതെന്നും ഇത് നിരപരാധികളുടെ ജീവൻ നഷ്ടമാകാൻ കാരണ​മായെന്നും റിപ്പോർട്ടിൽ പറയുന്നു. മുസ്‍ലിം സമുദായത്തെ ലക്ഷ്യമിട്ട് ബിജെപി മുൻകൂട്ടി പദ്ധതിയിട്ട ആക്രമണമാണിതെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തി.

സംഭൽ സംഭവം പെട്ടെന്ന് ഉണ്ടായതല്ലെന്ന് റിപ്പോർട്ട് പുറത്തുവിട്ടുകൊണ്ട് എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു. അക്രമം ബിജെപിയും അവരെ പിന്തുണക്കുന്നവരും മുൻകൂട്ടി ആസൂത്രണം ചെയ്തതാണ്. നിരപരാധികളായ യുവാക്കൾക്ക് നേരെ അനധികൃത ആയുധങ്ങൾ ഉപയോഗിച്ചു. ഇത് ദാരുണമായ നഷ്ടത്തിലേക്ക് നയിച്ചുവെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി.

ദുർബലവും കഠിനഹൃദയവുമുള്ള പാർട്ടിയാണ് ബിജെപി. അവർ മനുഷ്യജീവന് വിലകൽപ്പിക്കുന്നില്ല. സംഭലിൽ മനഃപൂർവം സംഘർഷം സൃഷ്ടിക്കുകയാണ്. ബിജെപി രാജ്യം മുഴുവൻ കത്തിക്കുകയും ഉത്തർ പ്രദേശിനെ പ്രത്യേകം ലക്ഷ്യമിടുകയുമാണ്. സമാജ്‍വാദി പാർട്ടി സർക്കാർ രൂപീകരിക്കുകയാണെങ്കിൽ എല്ലാ കേസുകളും പുനഃപരിശോധിക്കുകയും മുഴുവൻ കുറ്റവാളികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരികയും ചെയ്യും. ഇത്തരം സെൻസിറ്റീവായ വിഷയങ്ങളിൽ ഇടപെട്ട് ബിജെപി ബോധപൂർവം സാമുദായിക സൗഹാർദം തകർക്കുകയാണ്. നിരപരാധികളെ ലക്ഷ്യമിട്ട് സംഭലിൽ മനഃപൂർവം അന്തരീഷം കലുഷിതമാക്കിയെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി.

ഷാഹി ജുമാമസ്ജിദിന്റെ റീ സർവേയിലും അഖിലേഷ് യാദവ് ആശങ്ക രേ​ഖപ്പെടുത്തി. ഇതിന്റെ പിന്നിലുള്ള ബിജെപി സർക്കാരിന്റെ ഉദ്ദേശശുദ്ധിയെ അദ്ദേഹം ചോദ്യം ചെയ്തു. 1991ലെ ആരാധനാലയ സംരക്ഷണം നിയമം ഉള്ളപ്പോൾ എന്തിനാണ് തിടുക്കപ്പെട്ട് സർവേ നടത്തുന്നത്? യോഗി ആദിഥ്യനാഥ് സർക്കാരിന് മറ്റു ഉദ്ദേശ്യങ്ങളുണ്ട്. അക്രമം അഴിച്ചുവിടാനും രാഷ്ട്രീയ​ നേട്ടമുണ്ടാക്കാനുമുള്ള വലിയ പദ്ധതിയുടെ ഭാഗമാണിതെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി.

സംഘർഷത്തിന്റെ ആദ്യഘട്ടത്തിൽ പാർട്ടി പ്രതിനിധികളെ സ്ഥലം സന്ദർശിക്കുന്നത് സർക്കാർ തടയുകയുണ്ടായി. എന്തിനാണ് ഞങ്ങളുടെ സംഘത്തെ തടഞ്ഞത്? എന്താണ് സർക്കാർ ഒളിക്കാൻ ശ്രമിക്കുന്നതെന്നും അഖിലേഷ് യാദവ് ചോദിച്ചു. ഇരകൾക്ക് നീതി ഉറപ്പാക്കുകയും നിരപരാധികളെ ഉപദ്രവിക്കാൻ ഗൂഢാലോചന നടത്തിയവ​ർക്ക് ശിക്ഷ വാങ്ങിച്ചുനൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.

വർഗീയ രാഷ്ട്രീയത്തിനെതിരെ പൗരൻമാർ ഒറ്റക്കെട്ടായി നിൽക്കണം. സംഭവത്തിൽ ജഡീഷ്യൽ അന്വേഷണം വേണം. ബിജെപിയുടെ വിഭജന രാഷ്ട്രീയം വിജയിക്കാൻ ഞങ്ങൾ സമ്മതിക്കില്ല. നീതി പുലരണം. സത്യം പുറത്തുവരണമെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി.

വസ്തുതാന്വേഷണ റിപ്പോർട്ടിൽ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. അനീതിയുടെ എല്ലാ പരിധികളും പൊലീസ് ലംഘിച്ചുവെന്ന് റിപ്പോർട്ടിൽ ആരോപിക്കുന്നു. എസ്പിയുടെ മുതിർന്ന നേതാവും പ്രതിപക്ഷ നേതാവുമായ മാതാ പ്രസാദ് പാണ്ഡെയാണ് അ​ന്വേഷണ സംഘത്തെ നയിച്ചത്. പൊലീസ് അമിതമായ ബലപ്രയോഗം മാത്രമല്ല നടത്തിയത്, അനധികൃത ആയുധങ്ങളും ഉപയോഗിച്ചെന്ന് മാതാ പ്രസാദ് വ്യക്തമാക്കി. പിസ്റ്റൾ ഉപയോഗിച്ചാണ് വെടിവെച്ചിട്ടുള്ളത്. ഇത്തരം ദൗത്യങ്ങളിൽ പിസ്റ്റളുകൾ ഉപയോഗിക്കാറില്ല. നിരപരാധികളെയാണ് ലക്ഷ്യമിട്ടത്. തെറ്റായ കുറ്റങ്ങൾ ചാർത്തിയാണ് നിരവധി പേരെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. യഥാർഥ കുറ്റവാളികളെ സംരക്ഷിക്കാനായി മൊഴി നൽകാൻ ഉദ്യോഗസ്ഥർ ആളുകളെ പീഡിപ്പിക്കുകയും കെട്ടിച്ചമച്ച കേസുകൾ ഫയൽ ചെയ്യുകയുമുണ്ടായെന്ന് മാതാ പ്രസാദ് പാണ്ഡെ കൂട്ടിച്ചേർത്തു.

വസ്തുതാന്വേഷണ സംഘം ഇരകളുടെ കുടുംബങ്ങളെയടക്കം സന്ദർശിച്ചാണ് വിവരങ്ങൾ ശേഖരിച്ചത്. പൊലീസ് അതിക്രൂരമായി മർദിച്ചെന്നും വ്യാജ കേസിൽ ഉൾപ്പെടുത്തിയെന്നും പലരും ഇവരോട് പറഞ്ഞു.

ഹിന്ദു സംഘടനകളുടെ ഹരജിയിൽ 2024 നവംബർ 19ന് സംഭൽ സിവിൽ കോടതിയാണ് മസ്ജിദിൽ സർവേ നടത്താൻ ഉത്തരവിട്ടത്. മുഗൾ ഭരണകാലത്ത് നിർമിച്ച മസ്ജിദ് യഥാർഥത്തിൽ ഹരിഹർ ക്ഷേത്രമായിരുന്നു എന്നാണ് ഹിന്ദു പക്ഷത്തിന്റെ വാദം. സംഭൽ കോടതിയുടെ വിധി വന്ന് മണിക്കൂറുകൾക്കകം തന്നെ മസ്ജിദിൽ പ്രാഥമിക സർവേ നടത്തിയിരുന്നു.

രമേശ് രാഘവയുടെ നേതൃത്വത്തിലുള്ള അഭിഭാഷക കമ്മീഷൻ നവംബർ 24ന് രണ്ടാംഘട്ട സർവേക്കായി മസ്ജിദിൽ എത്തിയപ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞു. മസ്ജിദിനകത്ത് ഖനനം നടത്തുകയാണെന്ന് സംശയിച്ച് സംഘടിച്ചെത്തിയവർക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. സംഘർഷവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളടക്കം നിരവധി പേർക്കെതിരെ പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പൊലീസിന് നേരെ കല്ലെറിഞ്ഞ 54 പേരെ അറസ്റ്റ് ചെയ്‌തെന്നും 91 പേരെ പിടികൂടാനുണ്ടെന്നും പൊലീസ് പറയുന്നു. സംഘർഷത്തെക്കുറിച്ച് അന്വേഷിക്കാൻ റിട്ട. ഹൈക്കോടതി ജഡ്ജി ദേവേന്ദ്ര കുമാർ അറോറയുടെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മീഷനെ യുപി സർക്കാർ നിയോഗിച്ചിരുന്നു.

TAGS :

Next Story