യോഗി സന്ദര്‍ശിച്ച സ്ഥലങ്ങളില്‍ ഗംഗാജലം തെളിച്ച് സമാജ്‍വാദി പാര്‍ട്ടിയുടെ ശുദ്ധികലശം
സംഭവത്തില്‍ 9 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്ദര്‍ശിച്ച സ്ഥലങ്ങള്‍ ഗംഗാ ജലം തെളിച്ച് ശുദ്ധീകരിച്ച് സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ സാംബല്‍ ജില്ലയില്‍ യോഗി ആദിത്യനാഥ് പങ്കെടുത്ത പരിപാടികള്‍ നടന്ന സ്ഥലങ്ങളാണ് സമാജ് വാദി പ്രവര്‍ത്തകര്‍ ഗംഗാ തീര്‍ത്ഥം ഉപയോഗിച്ച് ശുദ്ധീകരിച്ചത്. സമാജ് വാദി പ്രവര്‍ത്തകര്‍ ശുദ്ധീകരണം നടത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.
സംഭവത്തില്‍ സമാജ് വാദി പാര്‍ട്ടി യുവജനവിഭാഗം സംസ്ഥാന പ്രസിഡണ്ട് ഭവേഷ് യാദവിനും ഒമ്പത് പാര്‍ട്ടി പ്രവര്‍ക്കര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. സാംബല്‍ ജില്ലയിലെ കൈലാദേവി എന്ന സ്ഥലത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് 275 കോടിയുടെ സര്‍ക്കാര്‍ പ്രൊജക്ട് ഉദ്ഘാടനം ചെയ്യാന്‍ യോഗി ആദിത്യനാഥ് എത്തിയിരുന്നു. പരിപാടി കഴിഞ്ഞ് പിറ്റേന്ന് ഭവേഷ് യാഥവും സംഘവും സ്ഥലത്തെത്തുകയും ഗംഗാ തീര്‍ത്ഥം ഉപയോഗിച്ച് സ്ഥലം ശുദ്ധീകരിക്കുകയും ചെയ്തു.
ഭവേഷ് യാദവിന്‍റെ അറസ്റ്റില്‍ ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ് പ്രതിഷേധിച്ചു. 2017 ല്‍ തെരഞ്ഞെടുപ്പ് പരാജയത്തെത്തുടര്‍ന്ന് താന്‍ മുഖ്യമന്ത്രിയുടെ ഔദ്യാഗിക വസതി ഒഴിയുമ്പോള്‍ പുരോഹിതരെക്കൊണ്ട് വന്ന് ശുദ്ധീകരണം നടത്തിയതിന് ശേഷമാണ് യോഗി ആദിത്യനാഥ് അവിടെ പ്രവേശിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. 2022 ല്‍ അധികാരത്തില്‍ തിരിച്ച് വന്നാല്‍ അഗ്നിശമന സേനയെ ഉപയോഗിച്ച് യു.പി യില്‍ ശുദ്ധികലശ പ്രക്രിയ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
Adjust Story Font
16