'ബിജെപി അട്ടിമറി ഗൂഢാലോചന': ആം ആദ്മിയുടെ പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന്
ഡൽഹി സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണം മുൻ നിർത്തിയാണ് ആംആദ്മി പാർട്ടി പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന് വിളിച്ച് ചേർക്കുന്നത്.
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ആംആദ്മി പോര് തുടരുന്നതിനിടെ ഡൽഹി നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. നിലവിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ചേർക്കുന്നത്. ഡൽഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരായ മദ്യശാല ലൈസൻസ് അഴിമതി ആരോപണത്തിൽ ഡൽഹി നിയമസഭാ സമ്മേളനം പ്രക്ഷുബ്ധമായേക്കും.
ഡൽഹി സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണം മുൻ നിർത്തിയാണ് ആംആദ്മി പാർട്ടി പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന് വിളിച്ച് ചേർക്കുന്നത്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഉൾപ്പടെയുള്ള ആംആദ്മി നേതാക്കൾ ഈ വിഷയം സഭയിൽ ഉന്നയിക്കും. എംഎൽഎമാർക്ക് പണം വാഗ്ദാനം ചെയ്ത് ഓപ്പറേഷൻ ലോട്ടസ് നടപ്പാക്കാൻ ഉള്ള ബിജെപി നീക്കം ഇന്നലെ പരാജയപ്പെടുത്തിയതായി ആംആദ്മി പാർട്ടി അവകാശപ്പെട്ടിരുന്നു. ഇന്ന് ചേരുന്ന നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി വിളിച്ച എംഎൽഎമാരുടെ യോഗത്തിൽ മനീഷ് സിസോദിയക്ക് എതിരായ മദ്യശാല ലൈസൻസ് കേസ് തന്നെ ആണ് ആംആദ്മി പാർട്ടി ചർച്ച ചെയ്തത്.
ഇന്ന് ചേരുന്ന നിയമസഭാ സമ്മേളനത്തിൽ ഈ വിഷയമാകും പ്രധാനമായും ബിജെപി ഉയർത്തുക. എന്നാൽ ബാങ്ക് ഇടപാട് വഴി കൈക്കൂലി വാങ്ങി എന്ന് ബിജെപി ആരോപിക്കുന്നതിലെ യുക്തി മനസ്സിലാകുന്നില്ല എന്നാണ് ആംആദ്മി പാർട്ടിയുടെ പരിഹാസം. മുഖ്യമന്ത്രിവിളിച്ച യോഗത്തിൽ മുഴുവൻ എംഎൽഎമാരെയും അണിനിരത്തിയാണ് ഇന്നലെ ആംആദ്മി പാർട്ടി ബിജെപിക്ക് എതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. എന്നാൽ സിബിഐ അന്വേഷണം ഉൾപ്പടെയുള്ള വിഷയങ്ങളിൽ സർക്കാരിനെ കൊണ്ട് മറുപടി പറയിക്കാൻ ആകും ഇന്നത്തെ നിയമസഭാ സമ്മേളനത്തിൽ ബിജെപിയുടെ ശ്രമം.
Adjust Story Font
16