അരിക്കൊമ്പനെ പിടികൂടാൻ പ്രത്യേക ദൗത്യസംഘം; അഞ്ചംഗ ആദിവാസി സംഘമെത്തും
മുതമല കടുവാ സങ്കേതത്തിൽ നിന്ന് പ്രത്യേക പരിശീലന ലഭിച്ച അഞ്ചംഗ ആദിവാസി സംഘമാണ് എത്തുക
അരിക്കൊമ്പന്‍
കമ്പം: ഷൺമുഖനാഥ ക്ഷേത്രത്തിന് സമീപമുളള അരിക്കൊമ്പനെ പിടികൂടാൻ പ്രത്യേക ദൗത്യസംഘം കമ്പത്തെത്തും. മുതമല കടുവാ സങ്കേതത്തിൽ നിന്നുള്ള പ്രത്യേക പരിശീലന ലഭിച്ച അഞ്ചംഗ ആദിവാസി സംഘമാണ് എത്തുന്നത്.
രാവിലെ ഷൺമുഖ ഡാമിന് സമീപത്തെ ഷൺമുഖനാഥ ക്ഷേത്ര പരിസരത്തുണ്ടായിരുന്ന അരിക്കൊമ്പൻ ഒന്നര കിലോമീറ്ററിലധികം വടക്ക് ദിശയിൽ സഞ്ചരിച്ചതായാണ് വിവരം. കൊമ്പനെ മയക്കുവെടിവെയ്ക്കാൻ അനുയോജ്യമായ സ്ഥലത്തേക്കെത്തിക്കാനുളള ശ്രമമാണ് വനം വകുപ്പ് നടത്തുന്നത്. ഉൾക്കാട്ടിലേക്ക് കയറുന്ന ആനയെ ഇതുവരെയും നേരിട്ട് കാണാൻ വനം വകുപ്പിനായിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ആന പിടിത്തത്തിൽ പ്രത്യേക പരിശീലനം നേടിയ സംഘത്തെ മുതുമലയിൽ നിന്നും ഇവിടേക്ക് എത്തിക്കുന്നത്. സംഘത്തിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട മീൻ കാളാൻ, ബൊമ്മൻ, സുരേഷ്, ശിവ, ശ്രീകാന്ത് എന്നിവരോടൊപ്പം വെറ്ററിനറി സർജൻ ഡോ. രാജേഷുമുണ്ടാകും.
അതേസമയം കമ്പം ടൗണിൽ വെച്ച് കഴിഞ്ഞ ദിവസം അരിക്കൊമ്പൻ തട്ടിയിട്ട ബൈക്ക് യാത്രക്കാരൻ മരിച്ചു. കമ്പം സ്വദേശി പാൽരാജാണ് തേനി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മരിച്ചത്. ബൈക്കിൽ നിന്നും വീണ പാൽരാജിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തലയിലുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണ കാരണം.
Adjust Story Font
16