Quantcast

നിതീഷ് കുമാറിന്‍റെ മകനും രാഷ്ട്രീയത്തിലേക്ക്?

നിശാന്ത് ഔദ്യോഗികമായി ജെഡിയുവിൽ ചേരണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ തന്നെ ശക്തമായിരിക്കുകയാണ്

MediaOne Logo

Web Desk

  • Published:

    19 Jun 2024 6:07 AM GMT

Nitish Kumar-Nishant Kumar
X

പറ്റ്ന: ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമായ നിതീഷ് കുമാറിന്‍റെ ഏകമകനുമായ നിശാന്ത് കുമാര്‍ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. നിശാന്ത് ഔദ്യോഗികമായി ജെഡിയുവിൽ ചേരണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ തന്നെ ശക്തമായിരിക്കുകയാണ്.

പിതാവിനൊപ്പം അപൂര്‍വമായി മാത്രം പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറുള്ള വ്യക്തിയാണ് നിതീഷ് കുമാര്‍. പാർട്ടിയുമായി അടുത്ത ബന്ധമുള്ള സംസ്ഥാന ഭക്ഷ്യ കമ്മീഷൻ തലവന്‍ വിദ്യാനന്ദ് വികൽ തിങ്കളാഴ്ച സോഷ്യൽ മീഡിയ പോസ്റ്റുമായി രംഗത്തെത്തിയതോടെ നിശാന്തിന്‍റെ രാഷ്ട്രീയപ്രവേശനവുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾ ശക്തമായിരിക്കുകയാണ്. ''പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ബിഹാറിന് യുവ നേതൃത്വത്തെ ആവശ്യമുണ്ട്. നിശാന്ത് കുമാര്‍ അതിന് എന്തുകൊണ്ടും യോഗ്യനാണ്. അദ്ദേഹം മുൻകൈയെടുത്ത് രാഷ്ട്രീയത്തിൽ സജീവമാകണമെന്ന് പല ജെഡിയു സഹപ്രവർത്തകരും താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്'' വികല്‍ കുറിച്ചു.

എന്നാല്‍ മുൻ സംസ്ഥാന ജെ.ഡി.യു പ്രസിഡൻ്റും നിതീഷ് കുമാർ മന്ത്രിസഭയിലെ ഏറ്റവും സ്വാധീനമുള്ള മന്ത്രിമാരിൽ ഒരാളുമായ വിജയ് കുമാർ ചൗധരിയോട് ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ, ഊഹാപോഹങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. “അടിസ്ഥാനമില്ലാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വളരെ സെൻസിറ്റീവായ ഈ വിഷയത്തിൽ പരസ്യ പ്രസ്താവനയിലേക്ക് പോകരുതെന്ന് പാർട്ടിയിലെ ആളുകളോട് ഞാൻ അഭ്യർത്ഥിക്കുന്നു,” നിതീഷിന്‍റെ കണ്ണും കാതുമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചൗധരി വ്യക്തമാക്കി. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഈ വിഷയം എപ്പോഴെങ്കിലും ചർച്ചയ്ക്ക് വന്നിട്ടുണ്ടോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ "ഞാൻ ഇതിനകം പറഞ്ഞത് ചോദ്യത്തിന് മതിയായ മറുപടിയാണ്" എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഏറ്റവും വലിയ രണ്ടാമത്തെ സഖ്യകക്ഷിയായി മാറിയ ജെഡിയു, ഈ മാസം അവസാനം ഡൽഹിയിൽ ചേരുന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിന് തയ്യാറെടുക്കുകയാണ്.“പാർട്ടി ഭരണഘടനയനുസരിച്ച്, ദേശീയ എക്സിക്യൂട്ടീവ് യോഗങ്ങൾ കൃത്യമായ ഇടവേളകളിൽ നടക്കേണ്ടതുണ്ട്'' ഒരു മുതിർന്ന ജെഡിയു പ്രവർത്തകൻ പിടിഐയോട് പറഞ്ഞു.യോഗത്തില്‍ വലിയ തീരുമാനങ്ങളൊന്നും തങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story