Quantcast

ഭർതൃ ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണം; സുപ്രിംകോടതിയെ സമീപിച്ച് ജനാധിപത്യ മഹിള അസോസിയേഷൻ

പങ്കാളിയുടെ അനുമതിയില്ലാതെ നടക്കുന്ന ഏത് ലൈംഗികവേഴ്ചയും ക്രിമിനൽ കുറ്റമാണെന്ന് ഹരജിയിൽ പറയുന്നു.

MediaOne Logo

Web Desk

  • Updated:

    2022-09-07 14:47:25.0

Published:

7 Sep 2022 2:46 PM GMT

ഭർതൃ ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണം; സുപ്രിംകോടതിയെ സമീപിച്ച് ജനാധിപത്യ മഹിള അസോസിയേഷൻ
X

ന്യൂഡൽഹി: ഭർതൃ ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹരജിയുമായി സി.പി.എമ്മിന്റെ വനിതാ സംഘടനയായ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ. ബലാത്സംഗങ്ങൾക്ക് എതിരായ നിയമങ്ങളുടെ ലക്ഷ്യങ്ങൾക്ക് കടകവിരുദ്ധമാണ് ഭർതൃ ബലാത്സംഗത്തിന് നൽകുന്ന ഇളവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.

പങ്കാളിയുടെ അനുമതിയില്ലാതെ നടക്കുന്ന ഏത് ലൈംഗികവേഴ്ചയും ക്രിമിനൽ കുറ്റമാണെന്ന് ഹരജിയിൽ പറയുന്നു. നിലവിൽ വിവാഹശേഷമുള്ള ഭർതൃ ബലാത്സംഗം ക്രിമിനൽ കുറ്റമല്ല. ഭർതൃ ബലാത്സംഗം ക്രിമിനൽ കുറ്റമാണോ എന്ന ഹരജിയിൽ മെയിൽ ഡൽഹി ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിൽ നിന്ന് ഭിന്നവിധി ഉണ്ടായിരുന്നു.

ഭർതൃ ബലാത്സംഗം ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് രാജിവ് ശക്ധറും ഭരണഘടനാ വിരുദ്ധം അല്ലെന്ന് ജസ്റ്റിസ് സി ഹരി ശങ്കറും വിധിച്ചിരുന്നു. ഈ ഉത്തരവിന് എതിരെയാണ് സി.പിഎമ്മിന്റെ വനിതാ സംഘടന സുപ്രിംകോടതിയിലെത്തിയത്.

വിവാഹ പങ്കാളികൾ തമ്മിലുള്ള ലൈംഗിക ബന്ധത്തിന് ബലാത്സംഗക്കേസുകളിലെ പരിധിയിൽ നിന്ന് ഇളവ് നൽകുന്ന ഐപിസിയിലെ 375 (2) വകുപ്പ് ജസ്റ്റിസ് രാജിവ് ശക്ധർ റദ്ദാക്കുകയായിരുന്നു. എന്നാൽ ഇത് ആർട്ടിക്കിൾ 14, 19, 21 എന്നിവ ലംഘിക്കുന്നില്ലെന്നായിരുന്നു ജസ്റ്റിസ് സി. ഹരി ശങ്കറിന്റെ വിധി.

വിഷയത്തിൽ കാര്യമായ നിയമപ്രശ്‌നങ്ങൾ ഉൾപ്പെട്ടതിനാൽ കേസ്‌ സുപ്രിംകോടതിക്ക് വിടാൻ ബെഞ്ച് തീരുമാനിക്കുകയും ചെയ്തു. ഭർതൃ ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികൾ 2015 മുതൽ കോടതിയുടെ പരിഗണനയിലാണ്. ആർ.ഐ.ടി ഫൗണ്ടേഷനും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷനുമാണ് ഹരജി സമർപ്പിച്ചത്.

നേരത്തെ, ഫെബ്രുവരി ഏഴിന് ഹരജിയിൽ നിലപാട് അറിയിക്കാൻ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിഷയത്തിൽ സംസ്ഥാന സർക്കാരുകളും മറ്റുമായി കൂടിയാലോചന നടത്തണമെന്നും അതിന് കൂടുതൽ സമയം വേണമെന്നമെന്നുമായിരുന്നു കേന്ദ്രത്തിന്റെ ആവശ്യം.

TAGS :

Next Story