മെയിൻപുരിയിൽ ഡിംപിൾ യാദവ് 15,000 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു
എസ്.പി നേതാവ് മുലായം സിങ് യാദവിന്റെ മരണത്തെത്തുടർന്നാണ് മെയിൻപുരിയിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്
ലഖ്‌നൗ: ഉത്തർപ്രദേശിലെ മെയിൻപുരി ലോക്സഭ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ സമാജ്‍വാദി പാർട്ടി സ്ഥാനാർത്ഥി ഡിംപിൾ യാദവ് ലീഡ് ചെയ്യുന്നു. മുലായം സിംഗ് യാദവിന്റെ മൂത്ത മരുമകളും സമാജ്‍വാദി പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവിന്റെ ഭാര്യയുമാണ് ഡിംപിൾ യാദവ്.
ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട് പ്രകാരം ബിജെപി സ്ഥാനാർത്ഥി രഘുരാജ് സിങ് ശാക്യയേക്കാൾ 15,000 ലേറെ വോട്ടുകൾക്കാണ് ഡിംപിൾ മുന്നിട്ടു നിൽക്കുന്നത്. മൂന്നാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ രഘുരാജ് സിങ് ശാക്യക്ക് 4,764 വോട്ടുകളാണ് ലഭിച്ചു. എസ്.പി നേതാവ് മുലായം സിങ് യാദവിന്റെ മരണത്തെത്തുടർന്നാണ് മെയിൻപുരിയിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്.
മുലായത്തിന്റെ സഹോദരൻ ശിവ്പാൽ സിംഗ് യാദവിന്റെ മുൻ വിശ്വസ്തനുമാണ് ബി.ജെ.പി സ്ഥാനാർഥിയായ രഘുരാജ് സിംഗ് ശാക്യ. 2014ലും 2019ലെ പൊതുതിരഞ്ഞെടുപ്പിലും മെയിൻപുരി ലോക്സഭാ സീറ്റിൽ നിന്ന് യാദവ് അഞ്ച് തവണ വിജയിച്ചിരുന്നു. ബിജെപിക്ക് ഒരിക്കൽപോലും മെയിൻപുരി പാർലമെന്റ് സീറ്റ് നേടാനായിട്ടില്ല.
മെയിൻപുരിയിൽ 54.01 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. വോട്ടെണ്ണൽ കേന്ദ്രത്തിന് പുറത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. പൊലീസിന് പുറമേ കേന്ദ്രസേനയേയും വിന്യസിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലെ രാംപൂർ, ഖതൗലി നിയമസഭാ സീറ്റുകളിൽ ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ സമാജ്വാദി പാർട്ടി-രാഷ്ട്രീയ ലോക്ദൾ (ആർഎൽഡി) സഖ്യവും തമ്മിൽ നേരിട്ടുള്ള മത്സരമാണ് നടക്കുന്നത്.
Adjust Story Font
16