'സർക്കാർ വാർത്തകളെല്ലാം പച്ചക്കള്ളം'; സ്റ്റാലിനെതിരെ രൂക്ഷവിമർശനവുമായി പളനിസ്വാമി
'മഴക്കെടുതികൾ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ വന്‍ പരാജയം'
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ഡിഎംകെ സർക്കാറിനുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവും എഐഎഡിഎംകെ നേതാവുമായ എടപ്പാടി പളനിസ്വാമി. തമിഴ്‌നാട്ടിൽ തുടർച്ചയായി പെയ്യുന്ന മഴയിൽ ജനങ്ങൾ ദുരിതത്തിലാണെന്നും ഇത് സർക്കാർ മറച്ചുവെക്കുകയാണെന്നും പളനിസ്വാമി പറഞ്ഞു. മഴക്കെടുതികൾ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ വന്‍ പരാജയമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
'കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചെന്നൈയിൽ കനത്ത മഴയാണ്. പലയിടത്തും വെള്ളം കയറുന്നത് കണ്ടിട്ടുണ്ട്. നഗരത്തിൽ ഒരിടത്തും വെള്ളക്കെട്ടില്ലെന്നാണ് ഡിഎംകെ സർക്കാർ അവകാശപ്പെടുന്നത്. ഞാൻ ഇന്ന് പലയിടത്തും ചുറ്റിക്കറങ്ങി. ഇപ്പോഴും വെള്ളക്കെട്ടുണ്ടെന്നത് വ്യക്തമാണ്'. ഡിഎംകെ സർക്കാർ പുറത്തുവിടുന്നുവെന്ന വാർത്ത പച്ചക്കള്ളമാണെന്നും പളനിസ്വാമി ആരോപിച്ചു.
'മണപ്പാക്കം തിരുവള്ളുവർ നഗറിൽ അഞ്ഞൂറിലധികം വീടുകളുണ്ട്. അതെല്ലാം പൂർണമായും വെള്ളത്തിനടിയിലാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ആളുകൾക്ക് വീടിന് പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയാണ്. നമ്മുടെ സർക്കാരിന്റെ കാലത്ത് ആളുകൾക്ക് ബോട്ട് ഉപയോഗിക്കേണ്ടി വന്നിരുന്നെന്ന് കുറച്ച് മന്ത്രിമാർ പരിഹസിച്ചിരുന്നു. ഇപ്പോൾ എന്താണ് സംഭവിക്കുന്നത്? ആളുകൾ ബോട്ടുകൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്നും പളനിസ്വാമി പറഞ്ഞു.
'ഒരു രാഷ്ട്രീയ നേതാവ് പോലും ഈ സ്ഥലങ്ങളൊന്നും സന്ദർശിച്ചിട്ടില്ലെന്ന് പ്രദേശവാസികൾ തന്നോട് പറഞ്ഞു. ജനങ്ങളെല്ലാം കണ്ണീരിൽ മുങ്ങിയിരിക്കുകയാണ്. ജനങ്ങൾക്ക് എല്ലാ ചികിത്സാ സഹായങ്ങളും നൽകുന്നെന്നാണ് ഡിഎംകെ മന്ത്രിമാർ പറയുന്നത്. എന്നാൽ ഒരു ആരോഗ്യ ക്യാമ്പ് പോലും തുറന്നിട്ടില്ല.എല്ലാം വെറുതെ പറയുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.
Adjust Story Font
16