"ഗവര്‍ണര്‍ വെറുമൊരു പോസ്റ്റ്മാന്‍ .. അദ്ദേഹത്തിന്‍റെ അനുമതിക്കായി കാത്തു നില്‍ക്കില്ല"; നീറ്റ് വിവാദത്തില്‍ എം.കെ സ്റ്റാലിന്‍
നീറ്റ് വിഷയത്തിലടക്കം തമിഴ്‌നാട് സർക്കാർ പാസാക്കിയ 10 ബില്ലുകൾ രാഷ്ട്രപതിയുടെ അംഗീകാരത്തിന് വിടാതെ ഗവർണർ ആര്‍.എന്‍ രവി തടഞ്ഞുവച്ചിരിക്കുകയാണ്.
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ഗവർണർ ആർ.എൻ രവിയും തമ്മിലുള്ള പോര് മുറുകുന്നു. നീറ്റ് ബില്ല് പാസാക്കാൻ ഗവർണറുടെ അനുമതിക്കായി കാത്തുനിൽക്കില്ലെന്നും ഗവർണർക്ക് വെറുമൊരു പോസ്റ്റ്മാന്‍റെ ചുമതല മാത്രമാണുള്ളത് എന്നും സ്റ്റാലിൻ തുറന്നടിച്ചു. നീറ്റ് ബില്ലുമായി ബന്ധപ്പെട്ട് ഡി.എം.കെ സംഘടിപ്പിച്ച ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഗവർണറുടെ അനുമതിക്കായി ഇവിടെ ആരും കാത്തു നില്‍ക്കുന്നില്ല. ബില്ലിന് അനുമതി നൽകാൻ അദ്ദേഹത്തിന് ഒരധികാരവും ഇല്ല. ബില്ല് പ്രസിഡന്‍റിനയക്കാൻ മാത്രമാണ് ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെടുന്നത്. പ്രൊഫസർ വീരമണി പറഞ്ഞത് പോലെ അദ്ദേഹത്തിന് ഇവിടെ ഒരു പോസ്റ്റ്മാന്‍റെ ജോലിയാണുള്ളത്"- സ്റ്റാലിൻ പറഞ്ഞു.
എട്ട് കോടി ജനങ്ങൾ തെരഞ്ഞെടുത്ത ജനപ്രതിനിധികളുള്ള ഒരു നിയമസഭ പാസാക്കിയ ബില്ല് തള്ളുന്നത് വഴി ലോകത്തിന് ഗവര്‍ണര്‍ എന്ത് സന്ദേശമാണ് നൽകുന്നത് എന്നും രാജ്യത്ത് ജനാധിപത്യം നിലനിൽക്കുന്നുണ്ട് എന്ന് പറയാനാവുമോ എന്നും അദ്ദേഹം ചോദിച്ചു.
തമിഴ്‌നാട്ടിലെ ബിരുദ മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് ഒഴിവാക്കാനുള്ള ബിൽ ഫെബ്രുവരിയിൽ നിയമസഭയുടെ പ്രത്യേക സമ്മേളനമാണ് പാസാക്കിയത്.
തമിഴ്നാട്ടില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള പോര് മുറുകുകയാണ്. കഴിഞ്ഞ ദിവസം നിയമസഭ ഗവര്‍ണറുടെ അധികാരങ്ങള്‍ വെട്ടിക്കുറച്ചിരുന്നു. ഗവർണറുടെ അനുമതിയില്ലാതെ തന്നെ സര്‍വകകലാശാല വൈസ് ചാൻസലർമാരെ നിയമിക്കാൻ സർക്കാരിന് അധികാരം നൽകുന്ന നിയമഭേദഗതി ബിൽ തമിഴ്‌നാട് കഴിഞ്ഞ ദിവസമാണ് പാസാക്കിയത്.നിലവിൽ നീറ്റ് വിഷയത്തിലടക്കം തമിഴ്‌നാട് സർക്കാർ പാസാക്കിയ 10 ബില്ലുകൾ രാഷ്ട്രപതിയുടെ അംഗീകാരത്തിന് വിടാതെ ഗവർണർ ആര്‍.എന്‍ രവി തടഞ്ഞുവച്ചിരിക്കുകയാണ്.
Adjust Story Font
16