Quantcast

മതപരിവർത്തന നിരോധന നിയമം റദ്ദാക്കി കർണാടക,'നാൻ തിരിപ്പിയടിച്ചാൽ ഉങ്കളാൽ താങ്കമുടിയാത്'; ബി.ജെ.പിയെ കലൈഞ്ജറുടെ വാക്കുകൾ ഓർമിപ്പിച്ച് സ്റ്റാലിൻ; അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻഡിങ്സ്

ബ്രിജ് ഭൂഷണെതിരായ ലൈംഗികാതിക്രമ കേസിൽ പോക്സോ കുറ്റം ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ചു

MediaOne Logo

Web Desk

  • Updated:

    2023-06-15 15:51:50.0

Published:

15 Jun 2023 3:43 PM GMT

മതപരിവർത്തന നിരോധന നിയമം റദ്ദാക്കി കർണാടക,നാൻ തിരിപ്പിയടിച്ചാൽ ഉങ്കളാൽ താങ്കമുടിയാത്; ബി.ജെ.പിയെ കലൈഞ്ജറുടെ വാക്കുകൾ ഓർമിപ്പിച്ച് സ്റ്റാലിൻ; അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻഡിങ്സ്
X

ബ്രിജ് ഭൂഷണെതിരായ ലൈംഗികാതിക്രമ കേസ്: പോക്സോ കുറ്റം ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ചു

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണെതിരായ ലൈംഗികാതിക്രമ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പോക്സോ കുറ്റം ഒഴിവാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പോക്സോ കേസ് ചുമത്താനുള്ള തെളിവ് ലഭിച്ചിട്ടില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. പോക്സോ കുറ്റം ഒഴിവാക്കാൻ പ്രത്യേക റിപ്പോർട്ട് പൊലീസ് സമർപ്പിച്ചു.

അതേസമയം മറ്റു ആറു ഗുസ്തി താരങ്ങൾ നൽകിയ പരാതിയിൽ ബ്രിജ്ഭൂഷണെതിരെ ലൈംഗിക പീഡനക്കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചെന്നും കുറ്റപത്രത്തിലുണ്ട്. ബ്രിജ് ഭൂഷനെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷൻ 354, 354 എ, 354 ഡി എന്നിവ ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെയും പിതാവിന്‍റെയും മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്സോ കേസ് റദ്ദാക്കാന്‍ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും ഡൽഹി പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. ഈ കേസ് ജൂലൈ 4ന് കോടതി പരിഗണിക്കും.

ബ്രിജ്ഭൂഷൺ, ബന്ധുക്കൾ, ജീവനക്കാർ, ഗുസ്തി ഫെഡറേഷന്‍ ഭാരവാഹികൾ എന്നിവർ ഉൾപ്പെടെ 182 പേരുടെ മൊഴി ഇതുവരെ അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. കേസിന് ആസ്പദമായ സംഭവങ്ങൾ നടന്നെന്ന് ആരോപിക്കപ്പെടുന്ന ടൂർണമെന്‍റുകൾ നടന്ന സമയത്ത് താരങ്ങൾ താമസിച്ച സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ, ഫോട്ടോകൾ എന്നിവയും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ഏപ്രില്‍ 21നാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെ ഏഴ് ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷണെതിരെ ലൈംഗിക പീഡന പരാതി നല്‍കിയത്. പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ പൊലീസ് തയ്യാറാകാതിരുന്നതോടെ സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്‍റംഗ് പുനിയ തുടങ്ങിയ താരങ്ങളുടെ നേതൃത്വത്തില്‍ ജന്തര്‍ മന്തറില്‍ സമരം തുടങ്ങി. ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യാൻ ഗുസ്തി താരങ്ങൾ അനുവദിച്ച സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ നൽകിയ ഉറപ്പിന്‍റെ അടിസ്ഥാനത്തിലാണ് താരങ്ങൾ ഒരാഴ്ചത്തേക്ക് സമരം നിർത്തിവെച്ചത്.

മുഖർജി നഗറിൽ തീപിടുത്തം

ഡൽഹി മുഖർജി നഗറിലെ ഐഎഎസ് കോച്ചിംഗ് സെന്ററിൽ തിപിടുത്തം. അപകടത്തിൽ 22 വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.താഴത്തെ നിലയും ബേസ്‌മെന്റും ഉള്ള മൂന്ന് നില കെട്ടിടത്തിൽ ഐഎഎസ് സെന്ററിന്റെ മൂന്ന്-നാല് ഡിവിഷനുകളും നിരവധി വാണിജ്യ ഓഫീസുകളും ഉള്‍പ്പെട്ടിട്ടുണ്ട്.

ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. 11 അഗ്‌നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. സംഭവം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ട്വീറ്റ് ചെയ്തു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അഗ്നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.

'നാൻ തിരിപ്പിയടിച്ചാൽ ഉങ്കളാൽ താങ്കമുടിയാത്'; ബി.ജെ.പിയെ കലൈഞ്ജറുടെ വാക്കുകൾ ഓർമിപ്പിച്ച് സ്റ്റാലിൻ

ബി.ജെ.പി നേതൃത്വത്തെ വെല്ലുവിളിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. തെരഞ്ഞെടുപ്പ് ജയിക്കാനാവാത്ത സ്ഥലങ്ങളിൽ ഏജൻസികളെ ഉപയോഗിക്കലാണ് ബി.ജെ.പിയുടെ രീതിയെന്ന് സ്റ്റാലിൻ പറഞ്ഞു. അവർക്കറിയാവുന്ന ഒരേയൊരു രീതിയും അതാണ്. ജനങ്ങൾ ബി.ജെ.പിയെ വിശ്വസിക്കുന്നില്ല. അപ്പോൾ ബി.ജെ.പി വളഞ്ഞ വഴി സ്വീകരിക്കുകയാണ്. ശിവസേനയേയും, മമതയേയും. ഡി.കെ ശിവകുമാറിനെയും ആർ.ജെ.ഡിയേയും എല്ലാം ഈ നിലക്കാണ് കൈകാര്യം ചെയ്തതെന്നും സ്റ്റാലിൻ പറഞ്ഞു. വൈദ്യുതമന്ത്രി സെന്തിൽ ബാലാജിയെ ഇ.ഡി അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ് സ്റ്റാലിന്റെ പ്രതികരണം.

അണ്ണാ ഡി.എം.കെയെപ്പോലെ അടിമയായി മാറാത്തവർക്ക് ഇതാണ് അനുഭവം. അണ്ണാ ഡി.എം.കെയെ അടിമയാക്കിയത് ഇത്തരം റെയ്ഡുകളിലൂടെയാണ്. അവർക്കൊപ്പം ചേർന്നതോടെ എല്ലാ നടപടികളും നിർത്തിവെച്ചു. എന്നാൽ തങ്ങൾ അതുപോലെ അടിമയാകുമെന്ന് ബി.ജെ.പി കരുതേണ്ട. ഡി.എം.കെ അങ്ങനെയൊരു കക്ഷിയല്ലെന്ന് ഓർത്തോളൂ. അടിച്ച പന്ത് തിരികെ വന്ന് നെറ്റിയിൽ കൊള്ളും. താൻ തിരിച്ചടിച്ചാൽ താങ്ങാനാവില്ലെന്ന് കലൈഞ്ജർ പറഞ്ഞിട്ടുണ്ട്, അത് ഓർമ്മിപ്പിക്കുന്നുവെന്നും സ്റ്റാലിൻ പറഞ്ഞു.

തങ്ങൾ അധികാരത്തിനായി മാത്രം പാർട്ടി നടത്തുന്നവരല്ല. ജനങ്ങൾക്കായി പ്രവർത്തിക്കുന്നവരാണ്. ഡി.എം.കെയുടെ പോരാട്ടങ്ങൾ എങ്ങനെയുള്ളതാണെന്ന് ഡൽഹിയിലുള്ള മുതിർന്നവരോട് ചോദിച്ചു പഠിക്കണം. എല്ലാതരം രാഷ്ട്രീയവും തങ്ങൾക്കറിയാം. ഇത് വെല്ലുവിളിയല്ല, മുന്നറിയിപ്പാണെന്നും സ്റ്റാലിൻ പറഞ്ഞു.

ബിപർജോയ് ചുഴലിക്കാറ്റിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ന്യൂസ് സ്റ്റുഡിയോയില്‍ കുട പിടിച്ച് അവതാരക

ന്യൂസ് സ്റ്റുഡിയോയില്‍ കുടയുമായെത്തി ബിപർജോയ് ചുഴലിക്കാറ്റിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന ടെലിവിഷന്‍ അവതാരകയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അവതാരകയുടെ അമിതാഭിനയത്തെ പരിഹസിച്ച് ട്രോളുകളും പ്രചരിക്കുന്നുണ്ട്.

റിപ്പബ്ലിക് ഭാരത് വാര്‍ത്താ അവതാരകയായ ശ്വേത ത്രിപാഠിയാണ് കുട പിടിച്ച് സ്റ്റുഡിയോയിലെത്തിയത്. വ്യത്യസ്തതയാണ് കക്ഷി ഉദ്ദശേിച്ചതെങ്കിലും പരിഹാസങ്ങള്‍ ഏറ്റുവാങ്ങാനായിരുന്നു വിധി. വ്യാഴാഴ്ച ഗുജറാത്ത് തീരം കടക്കുമെന്ന് പ്രതീക്ഷിക്കുന്ന ബിപര്‍ജോയ് ചുഴലിക്കാറ്റിനെക്കുറിച്ച് പറയുന്നതിനിടെയായിരുന്നു ശ്വേതയുടെ കുട പിടിച്ചുള്ള അഭിനയം. പശ്ചാത്തലത്തില്‍ കൊടുങ്കാറ്റില്‍ ആടിയുലയുന്ന മരങ്ങളും കാണാം. ഇതിനൊപ്പം കാറ്റില്‍ പെട്ട പോലെ ആടിയുലയുകയാണ് അവതാരകയും. ബിപര്‍ജോയ് ചുഴലിക്കാറ്റിനെക്കുറിച്ച് പറയുമ്പോള്‍ ഫ്ലോറിഡയിലെ ചുഴലിക്കാറ്റിന്‍റെ ദൃശ്യങ്ങള്‍ പശ്ചാത്തലത്തില്‍ കാണിച്ചതും അബദ്ധമായി.

മതപരിവർത്തന നിരോധന നിയമം റദ്ദാക്കി കർണാടക

ബി.ജെ.പി സർക്കാർ നടപ്പാക്കിയ മതപരിവർത്തന നിരോധന നിയമം റദ്ദാക്കി കർണാടക. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

നിർബന്ധിത മതപരിവർത്തനം തടയുക എന്ന പേരിലാണ് കർണാടകയിലെ ക്രിസ്ത്യൻ മതപ്രബോധന പ്രവർത്തനങ്ങളെ ലക്ഷ്യമിട്ട് മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ നിയമം കൊണ്ടുവരുന്നത്. 2021 ഡിസംബറിലാണ് നിയമം നിയമസഭയിൽ അവതരിപ്പിച്ചത്. പിന്നീട് ഓർഡിനൻസിലൂടെ നിയമം കൊണ്ടുവരികയായിരുന്നു. 2022 മേയ് 17ന് കർണാടക ഗവർണർ തവാർചന്ദ് ഗെഹ്ലോട്ട് ഓർഡിനൻസിന് അംഗീകാരവും നൽകി.

നിയമത്തിനെതിരെ കോൺഗ്രസ് അടക്കം പ്രതിപക്ഷം ശക്തമായി രംഗത്തുണ്ടായിരുന്നു. ബി.ജെ.പിയുടെ ന്യൂനപക്ഷ വിരുദ്ധ വേട്ടയുടെ ഭാഗമാണ് നിയമമെന്നായിരുന്നു കോൺഗ്രസ് ആരോപിച്ചത്. സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ പുതിയ കോൺഗ്രസ് സർക്കാർ കർണാടകയിൽ അധികാരമേറ്റതിനു പിന്നാലെ മുൻ ബി.ജെ.പി സർക്കാരിൻരെ നിരവധി നിയമങ്ങൾ പുനഃപരിശോധിക്കാൻ തീരുമാനമെടുത്തിരുന്നു. സ്ഥാപകനേതാവ് കെ.ബി ഹെഡ്‌ഗെവാർ ഉൾപ്പെടെയുള്ള ആർ.എസ്.എസ് നേതാക്കളെക്കുറിച്ചുള്ള പാഠങ്ങൾ പാഠ്യപദ്ധതിയിൽനിന്ന് നീക്കം ചെയ്യാൻ മന്ത്രിസഭ ദിവസങ്ങൾക്കുമുൻപ് തീരുമാനിച്ചിരുന്നു. സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഭരണഘടനാ ആമുഖം വായിക്കൽ നിർബന്ധമാക്കുകയും ചെയ്തിട്ടുണ്ട്.

ഏഷ്യകപ്പ് വേദികളിൽ തീരുമാനമായി; ഇന്ത്യ പാകിസ്താനിലേക്കില്ല ലങ്കയിൽ കളിക്കും

വിവാദങ്ങൾക്ക് അവസാനമിട്ട് ഏഷ്യകപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ വേദികളിൽ അന്തിമ തീരുമാനമായി. 2023 ഓഗസ്റ്റ് 31 മുതൽ സെപ്തംബർ 17 വരെ നടക്കുമെന്ന' ടൂർണമെന്റ് ഹൈബ്രിഡ് മോഡലിൽ നാല് മത്സരങ്ങൾ പാകിസ്താനിലും ശേഷിക്കുന്ന ഒൻപത് മത്സരങ്ങൾ ശ്രീലങ്കയിലും നടക്കും. ഇന്ത്യയുടെ മത്സരങ്ങൾക്ക് ശ്രീലങ്കയിലായിയരിക്കും വേദിയാവുക. ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശം പാകിസ്താൻ ക്രിക്കറ്റ് ബോർഡിന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ നേരത്തെ അനുവദിച്ചുവെങ്കിലും ബിസിസിഐ- പിസിബി തർക്കമാണ് പ്രഖ്യാപനം വൈകാൻ കാരണം.

സുരക്ഷാ കാരണങ്ങളാൽ പാകിസ്താനിൽ കളിക്കാനാവില്ലെന്ന് ബിസിസിഐ നിലപാട് കടുപ്പിച്ചതോടെയാണ് ഇന്ത്യയുടെ മത്സരങ്ങൾ മാത്രം നിഷ്പക്ഷ വേദിയിൽ നടത്തുന്ന ഹൈബ്രിഡ് മോഡൽ നിർദേശം പാക് ക്രിക്കറ്റ് ബോർഡ് മുന്നോട്ട് വെച്ചത്. എന്നാൽ ഈ തീരുമാനത്തിൽ നിന്ന് ആദ്യം ബിസിസിഐ എതിർപ്പ് പ്രകടിപ്പിച്ചതോടെ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ പങ്കെടുക്കില്ലെന്ന് പാക് ക്രിക്കറ്റ് ബോർഡ് നിലപാടെടുത്തു. ഇതോടെയാണ് ബിസിസിഐ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ യോഗത്തിൽ ഹൈബ്രിഡ് മോഡലിന് സമ്മതം മൂളിയത്.

നീണ്ട പതിനഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പാകിസ്ഥാനിലേക്ക് ഏഷ്യാ കപ്പ് മത്സരങ്ങൾ തിരിച്ചെത്തുന്നത്. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡാണ് ഹൈബ്രിഡ് മോഡൽ മുന്നോട്ടുവെച്ചത്. ആറ് രാജ്യങ്ങൾ മാറ്റുരക്കുന്ന ടൂർണമെന്റിൽ രണ്ട് ഗ്രൂപ്പുകളായാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. ഇരു ഗ്രൂപ്പിലും കൂടുതൽ പോയിൻറ് നേടുന്ന രണ്ട് ടീമുകൾ സൂപ്പർ ഫോറിലെത്താം. ഇതിൽ നിന്ന് രണ്ട് ടീമുകൾ ഫൈനലിലെത്തും.ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ എന്നീ ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരക്കുന്നത്.

ബിപോർജോയ് ഗുജറാത്ത് തീരത്തോടടുക്കുന്നു

ബിപോർജോയ് ചുഴലക്കാറ്റ് ഗുജറാത്ത് തീരത്തോടടുക്കുന്നു. ഗുജറാത്ത് തീരത്തുനിന്ന് 135 കിലോമീറ്റർ അകലെയാണ് നിലവിൽ ചുഴലിക്കാറ്റ് ഉള്ളത്. ഭീഷണി നിലനിൽക്കുന്ന തീരപ്രദേശങ്ങളിൽനിന്ന് ഒരു ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്.

ബിപോർജോയ് വൻനാശമുണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗം ഡയരക്ടർ മൃത്യുഞ്ജയ മോഹപത്ര അറിയിച്ചത്. അതിതീവ്ര ചുഴലിക്കാറ്റാണിത്. ഗുജറാത്തിലെ പോർബന്തർ, ദ്വാരക ജില്ലകളിൽ അതിശക്തമായ കാറ്റിനും മഴയ്ക്കും കച്ചിൽ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ മുന്നറിയിപ്പുണ്ട്.

ഇന്നു വൈകീട്ടോടെ ചുഴലക്കാറ്റ് തീരത്തെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്ന് കച്ച് കലക്ടർ അമിത് അറോറ അറിയിച്ചു. ദുരന്തസാധ്യതകൾ മുൻകൂട്ടിക്കണ്ട് സൈന്യവും കേന്ദ്രദൗത്യസംഘങ്ങളും സജ്ജമാണ്. ദേശീയ ദുരന്തനിവാരണ സേനയുടെ ആറ് സംഘം, മൂന്ന് ആർ.പി.എഫ് സംഘം, രണ്ട് സംസ്ഥാന ദുരന്തനിവാരണ സംഘം, വിവിധ സേനാ വിഭാഗങ്ങളെല്ലാം ഗുജറാത്തിലെ തീരപ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.

മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കുമെന്നാണ് പ്രവചനം. കനത്ത മഴയ്ക്കും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. ജനങ്ങളോട് പരമാവധി വീടുകൾക്കുള്ളിൽ തന്നെ കഴിയാൻ സർക്കാർ നിർദേശം നൽകി. ബീച്ചുകളും തുറമുഖങ്ങളും അടച്ചിട്ടുണ്ട്.

അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ആശുപത്രികൾ സജ്ജമാക്കിയതായും അധികൃതർ അറിയിച്ചു. ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ ഗുജറാത്തിന് പുറമെ മഹാരാഷ്ട്ര, രാജസ്ഥാൻ, മധ്യപ്രദേശ്, കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലും മഴ മുന്നറിയിപ്പുണ്ട്.

TAGS :

Next Story