Quantcast

'സ്റ്റാൻ സ്വാമിയുടെ മരണം ഇന്ത്യൻ മനുഷ്യാവകാശ ചരിത്രത്തിൽ തീരാകളങ്കമായി നിലനില്‍ക്കും'; വിമർശനവുമായി യുഎൻ പ്രതിനിധി

ആദിവാസി ന്യൂനപക്ഷങ്ങളുടെയും ഗോത്രജനങ്ങളുടെയും അവകാശങ്ങൾക്കായി ജീവിതത്തിന്റെ വലിയൊരു ഭാഗം മാറ്റിവച്ച ഫാദർ സ്വാമിയുടെ മരണവിവരമറിഞ്ഞു തകർന്നുപോയെന്ന് യുഎന്‍ മനുഷ്യാവകാശ പ്രതിനിധി മാരി ലോളര്‍ പ്രതികരിച്ചു. ജയിലിൽ നിരന്തര പീഡനങ്ങൾക്കും ചോദ്യംചെയ്യലുകൾക്കും അദ്ദേഹം വിധേയനായിട്ടുണ്ടെന്നും അവര്‍ കുറ്റപ്പെടുത്തി

MediaOne Logo

Web Desk

  • Updated:

    2021-07-17 13:53:26.0

Published:

17 July 2021 12:09 PM GMT

സ്റ്റാൻ സ്വാമിയുടെ മരണം ഇന്ത്യൻ മനുഷ്യാവകാശ ചരിത്രത്തിൽ തീരാകളങ്കമായി നിലനില്‍ക്കും; വിമർശനവുമായി യുഎൻ പ്രതിനിധി
X

വൈദികന്‍ സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണത്തിൽ ആശങ്ക രേഖപ്പെടുത്തി യുഎൻ മനുഷ്യാവകാശ പ്രതിനിധി. സ്വാമിയുടെ മരണം ഇന്ത്യയുടെ മനുഷ്യാവകാശ ചരിത്രത്തിലെ കളങ്കമായി ദീർഘകാലം നിലനിൽക്കുമെന്നും യുഎന്നില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട ചുമതലയുള്ള മാരി ലോളർ കുറ്റപ്പെടുത്തി.

നാലു പതിറ്റാണ്ടായി സാമൂഹികനീതിക്കും മനുഷ്യാവകാശങ്ങൾക്കും വേണ്ടി പോരാടുന്ന കാതോലിക് വൈദികൻ സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണം ഇന്ത്യയുടെ മനുഷ്യാവകാശ ചരിത്രത്തിൽ ദീർഘകാലം ഒരു കളങ്കമായി നിലനിൽക്കും. മനുഷ്യാവകാശ പ്രവർത്തകനെ തീവ്രവാദിയായി ചിത്രീകരിക്കുന്നതിന് ഒരു ന്യായവുമില്ല. കുറ്റാരോപിതനായി തടവിലടക്കപ്പെട്ടും മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ടും ഫാദർ സ്വാമിയെപ്പോലെയുള്ളൊരു അന്ത്യം നേരിടാന്‍ അവര്‍ക്ക് ഒരു കാരണവുമില്ലെന്നും മാരി ലോളര്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

ആദിവാസി ന്യൂനപക്ഷങ്ങളുടെയും ഗോത്രജനങ്ങളുടെയും അവകാശങ്ങൾക്കായി ജീവിതത്തിന്റെ വലിയൊരു ഭാഗവും മാറ്റിവച്ച ജെസ്യൂട്ട് പുരോഹിതനായ ഫാദർ സ്വാമിയുടെ മരണവിവരമറിഞ്ഞു തകർന്നുപോയി. ജയിലിൽ ആരോഗ്യസ്ഥിതി മോശമാകുന്നതിനിടെ സ്വാമിയെ മോചിപ്പിക്കണമെന്ന് താൻ ആവശ്യപ്പെട്ടതാണ്. വ്യാജ ഭീകരവാദ കുറ്റങ്ങൾ ചുമത്തിയാണ് അദ്ദേഹത്തെ ജയിലിലടച്ചത്. ജയിലിൽ നിരന്തരമായ പീഡനങ്ങൾക്കും ചോദ്യംചെയ്യലുകൾക്കും അദ്ദേഹം വിധേയനായിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേർത്തു.

അതേസമയം, സ്റ്റാൻ സ്വാമിയുടെ മരണത്തിൽ അന്താരാഷ്ട്രതലത്തിൽ വിമർശനങ്ങൾ ഉയർന്നതോടെ വിശദീകരണവുമായി കേന്ദ്ര സർക്കാർ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ബന്ധപ്പെട്ട വൃത്തങ്ങൾ നിയമലംഘനങ്ങൾക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. മനുഷ്യാവകാശങ്ങൾ തടഞ്ഞിട്ടില്ല. നിയമപ്രകാര നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് ദേശീയ അന്വേഷണ ഏജൻസി സ്വാമിയെ അറസ്റ്റ് ചെയ്തതും തടവിലിട്ടതും. അദ്ദേഹത്തിനെതിരായ കുറ്റങ്ങളുടെ പ്രത്യേക സ്വഭാവം കാരണമാണ് ജാമ്യാപേക്ഷകൾ കോടതികൾ തള്ളിക്കളഞ്ഞത്-സ്റ്റാൻ സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വിശദമായ വാർത്താകുറിപ്പിൽ പറഞ്ഞു.

മനുഷ്യാവകാശ പ്രവർത്തകരുമായി ബന്ധപ്പെട്ട വിവരങ്ങൾ റിപ്പോർട്ട് ചെയ്യാൻ ചുമതലയേൽപ്പിക്കപ്പെട്ട പ്രത്യേക യുഎൻ പ്രതിനിധിയാണ് മാരി ലോളർ. ഡബ്ലിൻ ട്രിനിറ്റി കോളേജിൽ ബിസിനസ്, മനുഷ്യാവകാശ വിഭാഗത്തില്‍ അഡ്ജങ്റ്റ് പ്രൊഫസറുമാണ്. നേരത്തെ അയർലൻഡിലെ ആംനെസ്റ്റി ഇന്റർനാഷനൽ ഓഫീസ് ഡയരക്ടറുമായിരുന്നു.

TAGS :

Next Story