'ഭീകരാക്രമണ വാർത്തകൾ ഞെട്ടിപ്പിക്കുന്നത്'; ഇസ്രായേലിന് ഐക്യദാർഢ്യം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ചിന്തകളും പ്രാർത്ഥനകളും നിരപരാധികളായ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പമാണെന്നും പ്രധാനമന്ത്രി പറഞ്ഞു
ഡൽഹി: ഇസ്രയേലിന്റെ വിവിധ പ്രദേശങ്ങളെ ലക്ഷ്യമിട്ട് ഹമാസ് നടത്തിയ മിന്നാലാക്രമണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രയേലിലെ ഭീകരാക്രമണ വാർത്തകൾ ഞെട്ടിപ്പിക്കുന്നതാണെന്നും ചിന്തകളും പ്രാർത്ഥനകളും നിരപരാധികളായ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പമാണെന്നും പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. ഈ സമയത്ത് ഇസ്രായേലിനോട് ഐക്യദാർഢ്യപ്പെടുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, ഇസ്രായേലിലെ ഇന്ത്യൻ എംബസി ഇന്ത്യന്‍ പൗരന്മാരോടും ജാഗ്രത പാലിക്കാന്‍ നിർദേശം നല്‍കിയിട്ടുണ്ട്. അനാവശ്യ സഞ്ചാരം ഒഴിവാക്കാനും സുരക്ഷാ ഷെല്‍റ്ററുകളില്‍ നില്‍ക്കാനുമാണ് നിർദേശം നല്‍കിയിരിക്കുന്നത്.
'ഓപ്പറേഷൻ അയേൺ സ്വോർഡ്‌സ്' എന്ന പേരില്‍ ഇസ്രയേല്‍ തിരിച്ചടിക്കുന്നത് തുടരുകയാണ്. ഗാസാ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഡസൻകണക്കിന് യുദ്ധവിമാനങ്ങൾ അയച്ചുവെന്ന് ഇസ്രയേൽ സൈന്യം എക്‌സിൽ കുറിച്ചു. യുദ്ധത്തിൽ തന്റെ രാജ്യം ജയിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വീഡിയോ പ്രസ്താവനയിലൂടെ പറഞ്ഞു. അക്രമം നടത്തിയ ശത്രു ഒരിക്കലും ചിന്തിക്കാത്ത തരത്തിലുള്ള വില ഇക്കാര്യത്തില്‍ നൽകേണ്ടിവരുമെന്നാണ്, നെതന്യാഹു പറഞ്ഞത്.
Adjust Story Font
16