Quantcast

ത്രിപുരയിൽ ഫെബ്രുവരി 16, നാഗാലാൻഡ് -മേഘാലയ ഫെബ്രുവരി 27ന്; സംസ്ഥാന തെരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചു

ത്രിപുരയിൽ തിരിച്ചുവരാനായി സിപിഎം കോൺഗ്രസ് പിന്തുണയോടെ മത്സരിക്കുകയാണ്

MediaOne Logo

Web Desk

  • Updated:

    2023-01-18 10:38:59.0

Published:

18 Jan 2023 9:42 AM GMT

ത്രിപുരയിൽ ഫെബ്രുവരി 16, നാഗാലാൻഡ് -മേഘാലയ ഫെബ്രുവരി 27ന്; സംസ്ഥാന തെരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചു
X

ന്യൂഡൽഹി: മൂന്ന് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തിയതിയാണ് മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ പ്രഖ്യാപിച്ചത്. രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ത്രിപുരയിൽ ഫെബ്രുവരി 16നും നാഗാലാൻഡ് -മേഘാലയ എന്നിവിടങ്ങളിൽ ഫെബ്രുവരി 27നും സംസ്ഥാന തെരഞ്ഞെടുപ്പുകൾ നടക്കും. മാർച്ച് രണ്ടിനാണ് വോട്ടെണ്ണൽ നടക്കുക.

അതേസമയം, ക്രിമിനൽ കേസിൽപ്പെട്ട് എംപി അയോഗ്യനാക്കപ്പെട്ട ലക്ഷദ്വീപിൽ ഉപതിരഞ്ഞെടുപ്പും പ്രഖ്യാപിച്ചു. ഫെബ്രുവരി 27നാണ് ഇവിടെ തെരഞ്ഞെടുപ്പ്. വധശ്രമക്കേിൽ പെട്ടതിനെ തുടർന്നാണ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയത്. അരുണാചൽ, ജാർഖണ്ഡ്, തമിഴ്‌നാട്, പശ്ചിമബംഗാൾ എന്നിവിടങ്ങളിലെ ഓരോ നിയമസഭാ സീറ്റിലും മഹാരാഷ്ട്രയിലെ രണ്ട് സീറ്റുകളിലും ഉപതെരഞ്ഞെടുപ്പ് നടക്കും.

മൂന്ന് സംസ്ഥാനങ്ങളിലും സ്ത്രീ വോട്ടർമാർ കൂടുതലുള്ളത്. നാഗാലാൻഡിൽ 13,09,651 വോട്ടർമാരും മേഘാലയയിൽ 21,61,129 വോട്ടർമാരും ത്രിപുരയയിൽ 28,13,478 വോട്ടർമാരുമുണ്ട്. ആകെ 62.8 ലക്ഷം വോട്ടർമാർ. തെരഞ്ഞെുപ്പ് വേളയിൽ 50 ശതമാനം പോളിംഗ് ബൂത്തുകളിൽ വെബ്കാസ്റ്റ് സംവിധാനിക്കും. ആകെ 9125 പോളിങ് ബൂത്തുകളാണുണ്ടാകുക. വ്യാജദൃശ്യങ്ങളും വാർത്തകളും തടയാൻ സംവിധാനം ഒരുക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

അറുപതംഗ നിയമസഭയാണ് മൂന്ന് സംസ്ഥാനങ്ങളിലുമുള്ളത്. 1993 മുതൽ ത്രിപുരയിൽ സി.പി.എമ്മാണ് ഭരിച്ചിരുന്നത്. എന്നാൽ 2018ൽ സിപിഎമ്മിന് സംസ്ഥാന ഭരണം നഷ്ടപ്പെടുകയായിരുന്നു. കഴിഞ്ഞ കുറച്ചുവർഷങ്ങളായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സ്ഥാനമുറപ്പിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന ബി.ജെ.പി ലക്ഷ്യം നേടിയിരിക്കുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേടിയ മേധാവിത്വം നിലനിർത്തുകയാണ് ഇപ്പോൾ അവരുടെ ലക്ഷ്യം.

ത്രിപുരയിൽ തിരിച്ചുവരാനായി സിപിഎം കോൺഗ്രസ് പിന്തുണയോടെ മത്സരിക്കുകയാണ്. ബിജെപിയെ ഇരു പാർട്ടികളും ഒന്നിച്ച് നേരിടാനാണ് തീരുമാനിച്ചിരിക്കുന്നത്. മേഘാലയയിൽ തുടർഭരണമാണ് ബിജെപി ലക്ഷ്യമിടുന്നത്. ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള ട്രയലെന്ന നിലയിൽ പ്രതിപക്ഷ പാർട്ടികൾക്ക് നിർണായകമാണ് ഈ തെരഞ്ഞെടുപ്പുകൾ. നാഗലാൻറിൽ ബിജെപിക്ക് നിർണായക സ്വാധീനമുണ്ടെങ്കിലും ഉൾപ്പാർട്ടി ഭിന്നതകൾ വെല്ലുവിളി ഉയർത്തും.

2018ൽ ത്രിപുരയിലെ 60 സീറ്റുകളിൽ 33 എണ്ണത്തിൽ ബിജെപി വിജയിച്ചിരുന്നു. ഇൻഡീജീനിയസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്ടി)-4, സിപിഎം -15, കോൺഗ്രസ് -1 എന്നിങ്ങനെയാണ് ഇതര കക്ഷി നില. ആറു സീറ്റുകളിൽ ഒഴിഞ്ഞുകിടക്കുകയായിരുന്നു.

വിജയത്തെ തുടർന്ന് ബിജെപിയുടെ ബിപ്ലവ് ദേവാണ് മുഖ്യമന്ത്രിയായത്. എന്നാൽ 2022ൽ ഇദ്ദേഹത്തെ പാർട്ടി നീക്കുകയായിരുന്നു. മോശം പ്രകടനത്തെ തുടർന്നായിരുന്നു നടപടി. പിന്നീട് ഡോ. മാണിക് സാഹയെ മുഖ്യമന്ത്രിയാക്കി. ഐപിഎഫ്ടിയുമായുള്ള ബന്ധത്തിലടക്കം ഇദ്ദേഹം നിരവധി വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാനായി ആഭ്യന്തര മന്ത്രി അമിത് ഷാ ഈയടുത്ത് സംസ്ഥാനം സന്ദർശിച്ചിരുന്നു.

അതേസമയം, 2021ൽ വെസ്റ്റ് ബംഗാളിൽ പരീക്ഷിച്ച് പാളിപ്പോയ സഖ്യം സിപിഎമ്മും കോൺഗ്രസും ത്രിപുരയിൽ കൊണ്ടുവരികയാണ്. ബിജെപിയെ പുറത്താക്കുകയാണ് ലക്ഷ്യം.

60 സീറ്റിൽ 20 സീറ്റുമായി നാഷണൽ പീപ്പിൾസ് പാർട്ടിയുടെ കോൺറാഡ് സാംഗ്മയാണ് മേഘാലയ ഭരിക്കുന്നത്. യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി -8, പീപ്പിൾസ് ഡെമോക്രാറ്റിക് ഫ്രണ്ട്-2, ബിജെപി -2, സ്വതന്ത്രർ-2 എന്നിങ്ങനെ ഇതര കക്ഷി നില. പ്രതിപക്ഷമായ ടിഎംസിക്ക് ഒമ്പത് സീറ്റുകളുണ്ട്. 14 സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. 2018 ലെ മേഘാലയ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റവും വലിയ കക്ഷിയായെങ്കിലും 60 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷമായ 21 സീറ്റുകളുണ്ടായിരുന്നില്ല. തുടർന്ന് ബിജെപി പിന്തുണയോടെ എൻപിപി അധികാരത്തിലെത്തുകയായിരുന്നു. സമീപകാലത്ത് ഇരുപാർട്ടികളും തമ്മിൽ തെറ്റിയിരിക്കുകയാണ്. 2023ൽ തന്റെ പാർട്ടി തനിച്ച് മത്സരിക്കുമെന്നാണ് സാംഗ്മ പറയുന്നത്. എന്നാൽ അതിനിടെ രണ്ട് പാർട്ടി അംഗങ്ങൾ ബിജെപിയിൽ ചേർന്നിരുന്നു.

2018ൽ ബിജെപി രണ്ട് സീറ്റ് മാത്രമാണ് നേടിയിരുന്നത്. എന്നാൽ സഖ്യത്തിലൂടെ ഭരണം നിലനിർത്താനാണ് ബിജെപി ശ്രമിക്കുന്നത്. കോൺഗ്രസിൽ നിന്ന് പാർട്ടിയിലെത്തി നിലവിൽ നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസ് കൺവീനർ ചുമതല വഹിക്കുന്ന ഹിമന്ത ബിശ്വ ശർമയാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. എൻപിപിയും ബിജെപിയുമടങ്ങുന്ന മേഘാലയ ഡെമോക്രാറ്റിക് അലയൻസ് ടി.എം.സിയിൽ നിന്നാണ് പ്രധാന വെല്ലുവിളി നേരിടുന്നത്. കോൺഗ്രസിനും വോട്ടുകൾ നേടാനാകും. നിലവിൽ 58 സീറ്റുകളിൽ എൻപിപി സ്ഥാനർഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ്.

നാഗാലൻഡിൽ നാഷണിലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (എൻഡിപിപി), ബിജെപി, നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്) എന്നിവയടങ്ങുന്ന യുണൈറ്റഡ് ഡെമോക്രാറ്റിക് അലയൻസാണ് ഭരിക്കുന്നത്. എൻഡിപിപിയുടെ നിഫു റിയോയാണ് മുഖ്യമന്ത്രി. 2018 തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് എൻഡിപിപിയും ബിജെപിയും സഖ്യം രൂപവത്കരിച്ചത്. 21 എൻപിഎഫ് എംഎൽഎമാർ യുഡിഎയിൽ ചേർന്നതോടെ സംസ്ഥാനത്ത് പ്രതിപക്ഷമില്ലാത്ത അവസ്ഥയാണ്. 2018ൽ എൻപിഎഫിന് 28 എംഎൽമാരാണുണ്ടായിരുന്നത്. എൻഡിപിപി-18, ബിജെപി -12, എൻപിപി -2, ജെഡിയു -1 സ്വതന്ത്രൻ-1 എന്നിങ്ങനെയായിരുന്നു ഇതര കക്ഷി നില.

എന്നാൽ ബിജെപിയുടെ മൂന്നു ജില്ലാ പ്രസിഡൻറുമാർ ജനതാദൾ യുണൈറ്റഡിൽ ചേർന്നത് പാർട്ടിക്ക് ക്ഷീണമായിരുന്നു. അതേസമയം, ഏഴു ഗോത്രങ്ങൾ ഫ്രോണ്ടിയർ നാഗലാൻഡ് സ്‌റ്റേറ്റിനായി നിലകൊള്ളുന്നതും വെല്ലുവിളിയാണ്.

നോർത്ത് ഈസ്റ്റിലെ മൂന്നു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം കർണാടക, മിസോറാം, ഛത്തീസ്ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കും. കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലും തിരഞ്ഞെടുപ്പ് നടന്നേക്കും. ശേഷമാണ് 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുക.

State elections announced: Tripura on February 16, Nagaland-Meghalaya on February 27

TAGS :

Next Story