കഫീൽ ഖാന്‍റെ സസ്പെൻഷൻ ചോദ്യം ചെയ്തുള്ള ഹരജി ഇന്ന് തീര്‍പ്പാക്കിയേക്കും
നാലു വർഷത്തിന് ശേഷമാണ് സസ്പെൻഷൻ ചോദ്യം ചെയ്തുള്ള ഹരജിയിൽ ഹൈക്കോടതി സിംഗിൾ ബഞ്ച് അന്തിമ വാദം കേൾക്കുന്നത്
ബി.ആർ.ഡി മെഡിക്കൽ കോളജിലെ ശിശുരോഗ വിദഗ്ദനായ കഫീൽ ഖാന്‍റെ സസ്പെൻഷൻ ചോദ്യം ചെയ്തുള്ള ഹരജി അലഹബാദ് ഹൈക്കോടതി ഇന്ന് തീർപ്പാക്കിയേക്കും. നാലു വർഷത്തിന് ശേഷമാണ് സസ്പെൻഷൻ ചോദ്യം ചെയ്തുള്ള ഹരജിയിൽ ഹൈക്കോടതി സിംഗിൾ ബഞ്ച് അന്തിമ വാദം കേൾക്കുന്നത്. കോടതിയുടെ എതിർപ്പിനെ തുടർന്ന് വകുപ്പുതല പുനരന്വേഷണം യു.പി സർക്കാർ പിൻവലിച്ചിരുന്നു.
2017 ആഗസ്ത് പത്തിനാണ് യു.പി ഖൊരക്പൂര്‍ ബി.ആ൪.ഡി മെഡിക്കൽ കോളജിൽ ഓക്സിജൻ കിട്ടാതെ കുഞ്ഞുങ്ങളുടെ കൂട്ട മരണമുണ്ടാകുന്നത്. യോഗി സ൪ക്കാറിന് വൻ തലവേദനയായ സംഭവത്തിൽ നിന്ന് തലയൂരാൻ അന്ന് ഓക്സിജൻ എത്തിക്കാൻ ശ്രമം നടത്തിയ ശിശുരോഗ വിദഗ്ധനായ കഫീൽ ഖാനെ സ൪ക്കാ൪ ബലിയാടാക്കി. കൃത്യനി൪വഹണത്തിൽ വീഴ്ച വരുത്തിയെന്നും അഴിമതി നടത്തിയെന്നുമാരോപിച്ച് കഫീൽ ഖാനെ ആഗസ്ത് 22ന് സസ്പെന്‍ഡും ചെയ്തു. നാലു വ൪ഷം പിന്നിടുമ്പോഴും സ൪ക്കാ൪ സസ്പെൻഷൻ പിൻവലിച്ചിട്ടില്ല. വകുപ്പ് തല അന്വേഷണം നേരത്തെ നടത്തിയിരുന്നെങ്കിലും കഫീൽ ഖാന് ക്ലീൻ ചിറ്റ് ലഭിച്ചു.
എന്നാൽ കഴിഞ്ഞ വ൪ഷം ഫെബ്രുവരിയിൽ വീണ്ടും സ൪ക്കാ൪ പുനരന്വേഷണം പ്രഖ്യാപിച്ചു. ഈ അന്വേഷണത്തിന്‍റെ നിയമവശം ഹൈക്കോടതി ചോദ്യം ചെയ്തതോടെ സ൪ക്കാ൪ അന്വേഷണ ഉത്തരവ് പിൻവലിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സസ്പെൻഷൻ ചോദ്യം ചെയ്തുള്ള ഹരജിയിലാണ് അലഹബാദ് ഹൈക്കോടതി ഇന്ന് അന്തിമ വാദം കേൾക്കുന്നത്.
Adjust Story Font
16