'പാറപോലെ ഉറച്ചുനിന്നു, മിനിറ്റുകൾക്കുള്ളിൽ വെള്ളം ഇരച്ചെത്തി'; ക്യാമറയിൽ കുടുങ്ങിയത് നടുക്കുന്ന ദുരന്തം
പൂനെയിലെ ലോണാവാലയിലുണ്ടായ വെള്ളച്ചാട്ടത്തില്‍ ഒലിച്ചുപോയത് ഒരു കുടുംബത്തിലെ അഞ്ച് പേര്‍; മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു
മുംബൈ: പൂനെയിലെ ലോണാവാലയിലുണ്ടായ വെള്ളച്ചാട്ടത്തിൽ മരണപ്പെട്ടത് വിവാഹ ആഘോഷങ്ങൾക്ക് ശേഷം വിനോദയാത്ര പോയ കുടുംബത്തിലെ അംഗങ്ങൾ. ലോണാവാല ഭൂഷി അണക്കെട്ടില്‍ നിന്നും അപ്രതീക്ഷിതമായി എത്തിയ വെള്ളമാണ് ഒരു കുടുംബത്തെ ഒഴുക്കിക്കളഞ്ഞത്. അഞ്ച് പേരാണ് മരിച്ചത്. ഞായറാഴ്ച 12.30ഓടെയായിരുന്നു രാജ്യത്തെ നടുക്കിയ അപകടം.
പൂനെയിലെ ഹഡപ്‌സർ ഏരിയയിലെ സയ്യദ് നഗറിൽ നിന്നുള്ള അന്‍സാരി കുടുംബമാണ് അപകടത്തില്‍പെട്ടത്. വെള്ളച്ചാട്ടം ആസ്വദിക്കുന്നതിനിടെയാണ് വെള്ളം ഇരച്ചെത്തിയത്. വെള്ളത്തിന്റെ ഒഴുക്ക് തങ്ങളുടെ നിയന്ത്രണത്തിലാവില്ലെന്ന് മനസിലായതോടെയാണ് അവര്‍ പരസ്പരം കൈകൾ ബന്ധിച്ച് പാറപോലെ ഉറച്ചുനിന്നത്. എന്നാൽ ഒഴുക്കിന് ശക്തികൂടിയതോടെ എല്ലാവരും താഴേക്ക്. ഇതിൽ അഞ്ച് പേരെയാണ് മരണം തട്ടിയെടുത്തത്. രണ്ട് പേർ രക്ഷപ്പെട്ടു. സ്ത്രീകളും കുട്ടികളുമാണ് അപകടത്തില്‍പെട്ടവര്‍. രണ്ട് കുട്ടികളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ഇവര്‍ക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.
ഷാഹിസ്ത ലിയാഖത്ത് അൻസാരി (36), അമീമ ആദിൽ അൻസാരി (13), ഉമേര ആദിൽ അൻസാരി (8) എന്നിവരുടെ മൃതഹേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. അദ്നാൻ സഭാഹത് അൻസാരി (4), മരിയ അഖിൽ അൻസാരി (9) എന്നിവരൊണ് ഇനി കണ്ടെത്താനുള്ളത്. ഒരു കല്യാണത്തിനായാണ് എല്ലാവരും ഒന്നിച്ചത്. ഇതുസംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിഞ്ഞുവരുന്നേയുള്ളൂ. കല്യാണ ശേഷം എല്ലാവരും വിനോദ യാത്രക്ക് പദ്ധതിയിടുകയായിരുന്നു.
ബസ് വാടകയ്‌ക്കെടുത്താണ് ലോണാവാലയിലെ വിനോദ കേന്ദ്രത്തിലേക്ക് എത്തിയത്. പതിനേഴ് പേരാണ് ബസിലുണ്ടായിരുന്നത്. എന്നാല്‍ പത്ത് പേരാണ് വെള്ളത്തിലേക്ക് ഇറങ്ങിയതെന്നാണ് പൊലീസ് പറയുന്നത്. ഇതിൽ ചിലർ വെള്ളത്തിന്റെ ഒഴുക്കിൽ പന്തികേട് തോന്നി നേരത്തെ കയറിപ്പോരുകയായിരുന്നു. അല്ലായിരുന്നുവെങ്കില്‍ മരണസംഖ്യ ഉയരുമായിരുന്നു.
മുംബൈയിൽ നിന്ന് 96 കിലോമീറ്റർ അകലെയാണ് അപകടം നടന്ന ഭൂഷി അണക്കെട്ട്. വെള്ളം കുത്തിയൊഴുകിയെത്തിയതോടെ സഹായത്തിന് വേണ്ടി കുട്ടികളടക്കമുള്ളവർ നിലവിളിക്കുന്നതും പിന്നീട് ഒഴുകിപ്പോകുന്ന വീഡിയോയുമാണ് പുറത്തുവന്നത്. അവിടെയുള്ളവര്‍ പകര്‍ത്തിയതാണ് ദൃശ്യങ്ങള്‍. വെള്ളത്തിന്റെ കുത്തൊഴുക്ക് കാരണം കണ്ടുനിന്നവര്‍ക്കും സഹായിക്കാന്‍ പറ്റാത്ത അവസ്ഥായാണെന്ന് വീഡിയോയില്‍ നിന്നും വ്യക്തമാണ്.
നാട്ടുകാരും പൊലീസും സംഭവസ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പൊലീസിന്റെയും പ്രാദേശിക അധികാരികളുടെയും മുന്നറിയിപ്പുകൾ അവഗണിച്ചാണ് ആയിരക്കണക്കിന് സന്ദർശകർ ഭൂഷി, പാവന അണക്കെട്ട് മേഖലകളിൽ എത്തുന്നതെന്നും വിമർശനമുണ്ട്. അപകടം നടന്ന ഞായറാഴ്ച മാത്രം 50,000ത്തിലധികം ആളുകൾ ലോണാവാല സന്ദർശിച്ചതായാണ് പൊലീസ് പറയുന്നത്.
സംഭവം നടന്ന പ്രദേശവും ഭൂഷി അണക്കെട്ടിൻ്റെ പരിസരവും ഇന്ത്യൻ റെയിൽവേയുടെയും വനം വകുപ്പിൻ്റെയും അധികാരപരിധിയിൽ വരുന്നതാണ്. ഇവിടങ്ങളില്‍ മുങ്ങിമരണങ്ങള്‍ അടിക്കടി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതിനാല്‍ അടിയന്തര ശ്രദ്ധ വേണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. 2024 മുതല്‍ നാല് മുങ്ങിമരണങ്ങളാണ് ഇവിടെ സംഭവിച്ചത്.
Watch Video
Adjust Story Font
16