Quantcast

'മദ്യം നിർത്തി കഞ്ചാവ് ഉപയോഗിക്കൂ';പുതിയ നിർദേശവുമായി ബി.ജെ.പി എം.എൽ.എ

പ്രസ്താവന വിവാദമായതോടെ ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ഒരിക്കൽ ഞാൻ നിയമസഭയിലും ഇത് ചർച്ച ചെയ്തിട്ടുണ്ടെന്നും ഡോ. കൃഷ്ണമൂർത്തി ബന്ധി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2022-07-25 16:22:24.0

Published:

25 July 2022 4:11 PM GMT

മദ്യം നിർത്തി കഞ്ചാവ് ഉപയോഗിക്കൂ;പുതിയ നിർദേശവുമായി ബി.ജെ.പി എം.എൽ.എ
X

റായ്പുർ: സമൂഹത്തിലെ കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ പുതിയ നിർദേശവുമായി ചത്തീസ്ഗഡിലെ ബി.ജെ.പി എം.എൽ.എ ഡോ. കൃഷ്ണമൂർത്തി. മദ്യപാനം നിർത്തി കഞ്ചാവ്, ഭാംഗ് പോലുള്ള ലഹരിയിലേക്ക് തിരിയണമെന്നാണ് എം.എൽ.എ പറയുന്നത്. ചത്തീസ്ഗഡിലെ ഗൗരേല-പേന്ദ്ര-മർവാഹി ജില്ലയിൽ ഒരു പരിപാടിക്കിടെയാണ് എം.എൽ.എ മാധ്യമപ്രവർത്തകരോട് സംസാരിച്ചത്. മസ്തൂരി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എയാണ് ബന്ദി.

കഞ്ചാവിന്റെ നിരവധി ഗുണങ്ങളും എം.എൽ.എ വെളിപ്പെടുത്തിയിട്ടുണ്ട്. കഞ്ചാവ് ഉപയോഗിച്ചാൽ മദ്യപാനാസക്തി കുറയുമെന്നാണ് എം.എൽ.എ പറയുന്നത്. മദ്യപാനാസക്തി കുറക്കാൻ യുവാക്കൾ കഞ്ചാവും ഭാംഗും ഉപയോഗിക്കണം. കഞ്ചാവ് ഉപയോഗിക്കുന്നവർ മദ്യം ഉപയോഗിക്കുന്നവരേപ്പോലെ ബലാത്സംഗം, കൊലപാതകം, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങൾ ചെയ്യുന്നില്ലെന്നും എം.എൽ.എ വ്യക്തമാക്കി. ഇത്തരമൊരു കാര്യം താൻ നേരത്തേ നിയമസഭയിൽ ഉന്നയിച്ചിട്ടുണ്ടെന്നും എം.എൽ.എ വെളിപ്പെടുത്തി.

എം.എൽ.എയുടെ പ്രസ്താവനക്കെതിരേ ഭരണകക്ഷിയായ കോൺഗ്രസ് രംഗത്തെത്തി. തങ്ങളുടെ ഒരു ജനപ്രതിനിധിക്ക് എങ്ങനെ മയക്കുമരുന്ന് പ്രോത്സാഹിപ്പിക്കാൻ കഴിയുമെന്ന് ബി.ജെ.പി ഉത്തരം പറയേണ്ടിവരുമെന്നും കോൺഗ്രസ് പറഞ്ഞു. 'എം.എൽ.എക്ക് സംസ്ഥാനത്ത് കഞ്ചാവ് നിയമവിധേയം ആക്കണം എന്നുണ്ടെങ്കിൽ അത് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാരിന് മുന്നിൽ ഡിമാൻഡ് ആയി അവതരിപ്പിച്ചാൽ മതിയാവും' എന്നാണ് പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ പ്രതികരിച്ചത്.

പ്രസ്താവന വിവാദമായതോടെ ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ഒരിക്കൽ ഞാൻ നിയമസഭയിലും ഇത് ചർച്ച ചെയ്തിട്ടുണ്ടെന്നും ഡോ. കൃഷ്ണമൂർത്തി ബന്ധി പറഞ്ഞു. കഞ്ചാവിന്റെ ഉപയോഗം സംസ്ഥാനത്ത് നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്ട് പ്രകാരം നിയമവിരുദ്ധമാണെങ്കിലും കഞ്ചാവിന്റെ ഇലകൊണ്ട് നിർമിക്കുന്ന പാനീയമായ ഭാംഗ് ചത്തീസ്ഗഢിൽ നിയമവിധേയമാണ്.

മൂന്ന് തവണ എം.എൽ.എയും മുൻ സംസ്ഥാന ആരോഗ്യ മന്ത്രിയുമായ ബന്ദി സമൂഹത്തെ സ്വതന്ത്രമാക്കാനുള്ള വഴികൾ നിർദ്ദേശിക്കുന്നതിന് പകരം മയക്കുമരുന്ന് പ്രോത്സാഹിപ്പിക്കുകയാണെന്ന് എം.എൽ.എയുടെ വിവാദ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് കോൺഗ്രസ് ബിലാസ്പൂർ ജില്ലാ ഘടകം വക്താവ് അഭയ് നാരായൺ റായ് പറഞ്ഞു.

TAGS :

Next Story